ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ വിജയത്തിന് പിന്നാലെ എതിരാളികളായ യു.എ.ഇയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ക്രിസ് ശ്രീകാന്ത്. യു.എ.ഇ ഒരു തേര്‍ഡ് ഡിവിഷന്‍ ടീമിനേക്കാള്‍ മോശമായ രീതിയിലാണ് കളിച്ചതെന്ന് വിമര്‍ശിച്ച് ഇന്ത്യയുടെ വേള്‍ഡ് കപ്പ് ഹീറോ, നോണ്‍ ടെസ്റ്റ് പ്ലെയിങ് ടീമുകളെ എന്തിന് ടൂര്‍ണമെന്റിന്റെ ഭാഗമാക്കുന്നുവെന്നും ചോദിച്ചു.
‘ഇത് ഒരിക്കലും ഒരു ടി-20 മത്സരമായിരുന്നില്ല, ഇതൊരു ടി-5 മത്സരം പോലെയാണ് തോന്നിയത്. ക്രീസില്‍ ഉറച്ചുനില്‍ക്കാന്‍ ഒരു യു.എ.ഇ ബാറ്റര്‍ പോലും താത്പര്യം കാണിച്ചില്ല. ഒരു തേര്‍ഡ് ഡിവിഷന്‍ ടീം പോലും ഇത്തരമൊരു മോശം പ്രകടനം പുറത്തെടുക്കില്ല.
യു.എ.ഇയെ പോലുള്ള ടീമുകളെ ഏഷ്യാ കപ്പിന്റെ ഭാഗമാക്കുന്നതില്‍ എന്താണ് ഗുണമുള്ളത്? നോണ്‍ ടെസ്റ്റ് പ്ലെയിങ് നേഷനുകള്‍ ഇത്തരത്തിലുള്ള വലിയ ടൂര്‍ണമെന്റുകളുടെ ഭാഗമാകുന്നത് കടുത്ത ക്രിക്കറ്റ് ആരാകരെ പോലും മടുപ്പിക്കും,’ ശ്രീകാന്ത് പറഞ്ഞു.
‘കുല്‍ദീപ് യാദവ് മികച്ച രീതിയില്‍ തന്നെ പന്തെറിഞ്ഞു. ശിവം ദുബെ ഒരു മികച്ച ബൗളറാണെന്ന് തോന്നിപ്പിക്കുകയും ചെയ്തു. ശിവം ദുബെയുടെ പ്രകടനത്തെ വിലകുറച്ച് കാണാന്‍ ശ്രമിക്കുകയല്ല, മറിച്ച് യു.എ.ഇ താരങ്ങള്‍ വിക്കറ്റ് സമ്മാനിക്കുകയായിരുന്നു. ഈ വിജയം ഇന്ത്യയെ സംബന്ധിച്ച് ഒന്നും തന്നെയല്ല,’ ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ ഉയര്‍ത്തിയ 58 റണ്‍സിന്റെ വിജയലക്ഷ്യം ഒറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി, 93 പന്ത് ശേഷിക്കെ നീലക്കുപ്പായക്കാര്‍ മറികടക്കുകയായിരുന്നു.
2.1 ഓവര്‍ പന്തെറിഞ്ഞ് വെറും ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ മുഹമ്മദ് വസീം, രാഹുല്‍ ചോപ്ര, ഹര്‍ഷിത് കൗശിക്, ഹൈദര്‍ അലി എന്നിവരുടെ വിക്കറ്റുകളാണ് കുല്‍ദീപ് സ്വന്തമാക്കിയത്.
ശിവം ദുബെ മൂന്ന് താരങ്ങളെ മടക്കിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഭിഷേക് ശര്‍മ (16 പന്തില്‍ 30), ശുഭ്മന്‍ ഗില്‍ (ഒമ്പത് പന്തില്‍ പുറത്താകാതെ 20), സൂര്യകുമാര്‍ യാദവ് (രണ്ട് പന്തില്‍ പുറത്താകാതെ ഏഴ്) എന്നിവരുടെ കരുത്തില്‍ അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു.
Content Highlight: Asia Cup: IND vs UAE: Kris Srikkanth slams UAE for underwhelming performance