2025 ഏഷ്യാ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഗംഭീര വിജയവുമായി ഇന്ത്യ ക്യാമ്പെയ്ന്‍ ആരംഭിച്ചിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. യു.എ.ഇ ഉയര്‍ത്തിയ 58 റണ്‍സിന്റെ വിജയലക്ഷ്യം ഒറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി, 93 പന്ത് ശേഷിക്കെ നീലക്കുപ്പായക്കാര്‍ മറികടക്കുകയായിരുന്നു.
ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് നാല് വിക്കറ്റുമായി തിളങ്ങി. ശിവം ദുബെ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ എന്നിവരാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.
ഒരു വര്‍ഷത്തിലധികം നീണ്ട ഇടവേളയ്ക്ക് ശേഷം സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ അന്താരാഷ്ട്ര ടി-20യിലേക്കുള്ള തിരിച്ചുവരവ് കൂടിയായിരുന്നു ഏഷ്യാ കപ്പിലെ ആദ്യ മത്സരം. സൂര്യയുടെ ക്യാപ്റ്റന്‍സിയില്‍ ബുംറ കളിക്കുന്ന ആദ്യ മത്സരം കൂടിയായിരുന്നു ഇത്. ക്യാപ്റ്റന്‍സിയേറ്റെടുത്ത ശേഷം ഇതിന് മുമ്പ് സൂര്യ 22 ടി-20കളില്‍ ഇന്ത്യയെ നയിച്ചു എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.
2024 ടി-20 ലോകകപ്പ് ഫൈനലിലാണ് ബുംറ അവസാനമായി ഇന്ത്യന്‍ ജേഴ്‌സിയില്‍ ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ പന്തെറിഞ്ഞത്. ഫൈനലില്‍ നാല് ഓവര്‍ പന്തെറിഞ്ഞ് 18 റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്. നിര്‍ണായകമായ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു.
കാലങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവില്‍ തന്റെ ബൗളിങ് മൂര്‍ച്ച കുറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കാനും ബുംറയ്ക്ക് സാധിച്ചു.
ഇതിനൊപ്പം ടി-20യില്‍ ഇന്ത്യക്കായി തന്റെ വിക്കറ്റ് നേട്ടം 90ലേക്കുയര്‍ത്താനും വിക്കറ്റ് വേട്ടക്കാരില്‍ നാലാമതെത്താനും ബുംറയ്ക്ക് സാധിച്ചു.
(താരം – ഇന്നിങ്‌സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)
അര്‍ഷ്ദീപ് സിങ് – 63 – 99
യൂസ്വേന്ദ്ര ചഹല്‍ – 79 – 96
ഹര്‍ദിക് പാണ്ഡ്യ – 103 – 94
ജസ്പ്രീത് ബുംറ – 70 – 90
ഭുവനേശ്വര്‍ കുമാര്‍ – 70 – 90
ഇനിയുള്ള മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചാല്‍ നൂറ് അന്താരാഷ്ട്ര ടി-20 വിക്കറ്റുകളെന്ന നേട്ടത്തിലും ബുംറയെത്തും.
ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. സെപ്റ്റംബര്‍ 14ന് നടക്കുന്ന മത്സരത്തിന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം തന്നെയാണ് വേദിയാകുന്നത്.
Content Highlight: Asia Cup: IND vs UAE: Jasprit Bumrah picks T20I wicket after 438 days