ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ. ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയമാണ് വേദി. ടൂര്‍ണമെന്റില്‍ ഇതുവരെ പരാജയപ്പെടാത്ത ഇന്ത്യയും സൂപ്പര്‍ ഫോറിലെ ആദ്യ രണ്ട് മത്സരവും തോറ്റ് ഇതിനോടകം തന്നെ പുറത്തായ ലങ്കയും തമ്മിലുള്ള മത്സരം കടലാസിലെ തുല്യ ശക്തികള്‍ തമ്മിലുള്ള പോരാട്ടമാണ്.
ഇത് 33ാം തവണയാണ് ഇന്ത്യയും ശ്രീലങ്കയും അന്താരാഷ്ട്ര ടി-20 വേദിയില്‍ നേര്‍ക്കുനേര്‍ വരുന്നത്. ഇതോടെ അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം മത്സരത്തില്‍ ഇന്ത്യയെ നേരിട്ട ടീമെന്ന നേട്ടവും ശ്രീലങ്ക സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ്. ഓസ്‌ട്രേലിയയെ മറികടന്നുകൊണ്ടാണ് ലങ്ക ഈ ലിസ്റ്റില്‍ ഒന്നാമതെത്തിയത്.
(ടീം – എത്ര തവണ എന്നീ ക്രമത്തില്‍)
ശ്രീലങ്ക – 33*
ഓസ്‌ട്രേലിയ – 32
സൗത്ത് ആഫ്രിക്ക – 31
വെസ്റ്റ് ഇന്‍ഡീസ് – 30
ഇംഗ്ലണ്ട് – 29
ഇതുവരെ നടന്ന 32 മത്സരത്തില്‍ ഏറ്റവുമധികം വിജയം സ്വന്തമാക്കിയത് ഇന്ത്യ തന്നെയാണ്. 22 തവണ വിജയം ഇന്ത്യയ്‌ക്കൊപ്പം നിന്നു. 2014 ടി-20 ലോകകപ്പ് ഫൈനലിലെ വിജയമടക്കം ഒമ്പത് മത്സരത്തില്‍ ലങ്ക ഇന്ത്യയെ പരാജയപ്പെടുത്തി.
ആകെ മത്സരം – 32
ഇന്ത്യ – 22 വിജയം, ഒമ്പത് തോല്‍വി
ശ്രീലങ്ക – ഒമ്പത് വിജയം, 22 തോല്‍വി
ടൈ – 1 (സൂപ്പര്‍ ഓവറില്‍ ഇന്ത്യയ്ക്ക് വിജയം)
നോ റിസള്‍ട്ട് – 1
ഏറ്റവുമുയര്‍ന്ന വിജയം (റണ്‍സിന്റെ അടിസ്ഥാനത്തില്‍) – ഇന്ത്യ, 93 റണ്‍സിന് (2027 ഡിസംബര്‍ 20)
ഏറ്റവുമുയര്‍ന്ന വിജയം (വിക്കറ്റിന്റെ അടിസ്ഥാനത്തില്‍) – ഇന്ത്യ, ഒമ്പത് വിക്കറ്റിന് (2016 ഫെബ്രുവരി 14)
കഴിഞ്ഞ വര്‍ഷം നടന്ന ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലാണ് ഏഷ്യയിലെ ഏറ്റവും മികച്ച ടീമുകള്‍ പരസ്പരമേറ്റുമുട്ടിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പര 3-0ന് ഇന്ത്യ സ്വന്തമാക്കുകയായിരുന്നു.
പല്ലേക്കലെയാണ് മൂന്ന് മത്സരത്തിനും വേദിയായത്. ആദ്യ മത്സരത്തില്‍ 43 റണ്‍സിന് വിജയിച്ച സന്ദര്‍ശകര്‍, രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയവും സ്വന്തമാക്കി.
മൂന്നാം മത്സരത്തില്‍ ഇന്ത്യയുയര്‍ത്തിയ 138 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയ്ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
വാഷിങ്ടണ്‍ സുന്ദര്‍ എറിഞ്ഞ സൂപ്പര്‍ ഓവറില്‍ വെറും രണ്ട് റണ്‍സ് മാത്രമാണ് ലങ്കയ്ക്ക് കണ്ടെത്താന്‍ സാധിച്ചത്. നാല് പന്തില്‍ രണ്ട് വിക്കറ്റ് നേടിയ സുന്ദര്‍ ആതിഥേയരെ രണ്ട് റണ്‍സില്‍ തളച്ചിട്ടു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ സൂര്യ ആദ്യ പന്തില്‍ ബൗണ്ടറിയടിച്ച് വിജയം സമ്മാനിക്കുകയായിരുന്നു.
ടൂര്‍ണമെന്റിലേക്ക് വരുമ്പോള്‍ പരാജയമറിയാതെ ഫൈനലിലേക്ക് കുതിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. അതേസയം, സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനോടും പാകിസ്ഥാനോടും പരാജയപ്പെട്ട ശ്രീലങ്കയാകട്ടെ മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ്.
Content highlight: Asia Cup: IND vs SL: Sri Lanka to face India in 33rd time in T20Is