| Monday, 15th September 2025, 7:13 pm

പിറന്നാളാഘോഷം പാകിസ്ഥാന്റെ നെഞ്ചത്ത്; ടി-20യില്‍ ഇന്ത്യയുടെ ഒരേയൊരു സൂര്യ

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തില്‍ സൂര്യകുമാര്‍ യാദവും സംഘവും ആധികാരികമായ വിജയം സ്വന്തമാക്കിയിരുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയിച്ചതോടെ ഗ്രൂപ്പ് എ സ്റ്റാന്‍ഡിങ്‌സില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

പാകിസ്ഥാന്‍ ഉയര്‍ത്തിയ 128 റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. കുല്‍ദീപ് യാദവിന്റെ നേതൃത്വത്തില്‍ ബൗളിങ് നിരയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് കീഴില്‍ ബാറ്റിങ് യൂണിറ്റും കളമറിഞ്ഞ് കളിച്ചതോടെയാണ് ഇന്ത്യ പാകിസ്ഥാനെതിരെ ഒരിക്കല്‍ക്കൂടി വിജയം പിടിച്ചടക്കിയത്.

കുല്‍ദീപ് യാദവ് നാല് ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി. അക്‌സര്‍ പട്ടേലും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിയും ഹര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതവും പിഴുതെറിഞ്ഞു.

37 പന്തില്‍ പുറത്താകാതെ 47 റണ്‍സാണ് ക്യാപ്റ്റന്‍ സൂര്യ അടിച്ചെടുത്തത്. അഞ്ച് ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. അഭിഷേക് ശര്‍മ (13 പന്തില്‍ 31), തിലക് വര്‍മ (31 പന്തില്‍ 31) എന്നിവരാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

ഈ പ്രകടനത്തിന് പിന്നാലെ സൂര്യ രസകരമായ ഒരു ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുകയാണ്. തങ്ങളുടെ പിറന്നാള്‍ ദിനത്തില്‍ ഇന്ത്യയുടെ ടോപ് സ്‌കോററാകുന്ന താരങ്ങളുടെ പട്ടികയിലേക്കാണ് സ്‌കൈ കാലെടുത്ത് വെച്ചത്. കഴിഞ്ഞ ദിവസം 35ാം പിറന്നാള്‍ ആഘോഷിച്ച സൂര്യ, ടി-20 ഫോര്‍മാറ്റില്‍ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരവും ഏക ഇന്ത്യന്‍ താരവുമാണ്.

ഏകദിനത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, നവ്‌ജ്യോത് സിങ് സിദ്ധു, വിനോദ് കാംബ്ലി, വിരാട് കോഹ്‌ലി എന്നിവര്‍ എതിര്‍ ടീം ബൗളര്‍മാരെ തലങ്ങും വിലങ്ങലും തല്ലി പിറന്നാള്‍ ആഘോഷിച്ചവരാണ്.

ഇതിനൊപ്പം ക്യാപ്റ്റനെന്ന നിലയില്‍ ടീമിന്റെ ടോപ് സ്‌കോററാകുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ എം.എസ്. ധോണിയെ മറികടക്കാനും സൂര്യയ്ക്ക് സാധിച്ചു. ഇത് നാലാം തവണയാണ് ക്യാപ്റ്റന്‍ റോളില്‍ താരം ടീമിന്റെ ടോപ് സ്‌കോററാകുന്നത്.

ക്യാപറ്റനായിരിക്കവെ ടി-20യില്‍ ഏറ്റവുമധികം തവണ ടീമിന്റെ ടോപ് സ്‌കോററായ ഇന്ത്യന്‍ താരങ്ങള്‍

(താരം – ഇന്നിങ്‌സ് – എത്ര മത്സരത്തില്‍ ടോപ് സ്‌കോറര്‍ എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – 62 – 16

വിരാട് കോഹ്‌ലി – 46 – 13

സൂര്യകുമാര്‍ യാദവ് – 22 – 4*

എം.എസ്. ധോണി – 62 – 3

ശുഭ്മന്‍ ഗില്‍ – 5 – 2

അതേസമയം, സെപ്റ്റംബര്‍ 19നാണ് ഇന്ത്യ ഏഷ്യാ കപ്പില്‍ തങ്ങളുടെ അവസാന മത്സരത്തിനിറങ്ങുന്നത്. അബുദാബിയില്‍ നടക്കുന്ന മത്സരത്തില്‍ ഒമാനാണ് എതിരാളികള്‍.

Content Highlight: Asia Cup: IND vs PAK: Suryakumar Yadav joins the list of top scorer for India on birthday

We use cookies to give you the best possible experience. Learn more