ഏഷ്യാ കപ്പിലെ ഗ്രൂപ്പ് എ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരെ 128 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി പാകിസ്ഥാന്‍. ഷഹീന്‍ അഫ്രിദിയുടെ മികച്ച പ്രകടനവും ഓപ്പണര്‍ സാഹിബ്‌സാദ ഫര്‍ഹാന്റെ ബാറ്റിങ്ങുമാണ് പാകിസ്ഥാനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.
ഒരുവേള നൂറ് കടക്കില്ലെന്ന് തോന്നിച്ച പാകിസ്ഥാനെ ഷഹീന്‍ ഷാ അഫ്രിദിയാണ് വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. 17ാം ഓവറിലെ ആദ്യ പന്തില്‍ ഓപ്പണര്‍ സാഹിബ്‌സാദ ഫര്‍ഹാന്‍ പുറത്തായതിന് പിന്നാലെ ഒമ്പതാം നമ്പറില്‍ ക്രീസിലെത്തിയ താരം മികച്ച രീതിയില്‍ ബാറ്റ് വീശി.
റെഡ് ഹോട്ട് ഫോമില്‍ പന്തെറിയുന്ന കുല്‍ദീപ് യാദവിനെതിരെ ആദ്യ പന്തില്‍ പാളിയെങ്കിലും നേരിട്ട രണ്ടാം പന്തില്‍ കുല്‍ദീപിനെ മിഡ് വിക്കറ്റിന് മുകളിലൂടെ താരം സിക്‌സറിന് പറത്തി. അടുത്ത ഓവറില്‍ വരുണ്‍ ചക്രവര്‍ത്തിക്കെതിരെയും താരം സിക്‌സര്‍ നേടി.
ഒരു വശത്ത് സൂഫിയാന്‍ മഖീം തന്നാലാവുന്നത് ചെയ്ത് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. 19ാം ഓവറിലെ അവസാന പന്തില്‍ ബുംറയുടെ പന്തില്‍ പത്ത് റണ്‍സ് നേടി മഖീം പുറത്തായി.
ഹര്‍ദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറില്‍ രണ്ട് സിക്‌സറടക്കം 16 റണ്‍സാണ് ഷഹീന്‍ നേടിയത്. ഒടുവില്‍ 16 പന്തില്‍ പുറത്താകാതെ 33 റണ്‍സുമായി ഷഹീന്‍ തിളങ്ങി. പാകിസ്ഥാന്‍ നിരയില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റും താരത്തിന്റെതാണ്.
നേരത്തെ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന് തുടക്കത്തിലേ പിഴച്ചിരുന്നു. ഇന്നിങ്‌സിലെ ആദ്യ ലീഗില്‍ ഡെലിവെറിയില്‍ സൂപ്പര്‍ താരം സയീം അയ്യൂബിനെയും രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഹാരിസിനെയും പാകിസ്ഥാന് നഷ്ടമായി.
മൂന്നാം വിക്കറ്റില്‍ സാഹിബ്‌സാദ ഫര്‍ഹാനും ഫഖര്‍ സമാനും ചേര്‍ന്ന് 39 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. മികച്ച രീതിയില്‍ തുടര്‍ന്ന കൂട്ടുകെട്ട് പൊളിച്ച് അക്‌സര്‍ പട്ടേലാണ് ഇന്ത്യയ്ക്കാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചത്. 15 പന്തില്‍ 17 റണ്‍സാണ് താരം നേടിയത്.
പിന്നാലെയെത്തിയ ക്യാപ്റ്റന്‍ ആഘാ സല്‍മാന്‍ പാടെ നിരാശനാക്കി. 12 പന്തില്‍ മൂന്ന് റണ്‍സ് മാത്രം നേടി അക്‌സര്‍ പട്ടേലിന് വിക്കറ്റ് സമ്മാനിച്ചാണ് താരം മടങ്ങിയത്.
പിന്നാലെയെത്തിയ ഹസന്‍ നവാസ് അഞ്ച് റണ്‍സിനും മുഹമ്മദ് നവാസ് പൂജ്യത്തിനും പുറത്തായി. 17ാം ഓവറിലെ ആദ്യ പന്തില്‍ സാഹിബ്‌സാദ ഫര്‍ഹാനും മടങ്ങി. 44 പന്തില്‍ 40 റണ്‍സാണ് താരം നേടിയത്.
ഒടുവില്‍ നിശ്ചിത ഓവറില്‍ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സിലെത്തി.
ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. അക്‌സര്‍ പട്ടേലും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിയും ഹര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റും സ്വന്തമാക്കി.
Content Highlight: Asia Cup: IND vs PAK: Shaheen Afridi’s brilliant batting performance