ഏഷ്യാ കപ്പില്‍ ഇന്ത്യയ്‌ക്കെതിരെ 128 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി പാകിസ്ഥാന്‍. ഷഹീന്‍ അഫ്രിദിയുടെ മികച്ച പ്രകടനവും ഓപ്പണര്‍ സാഹിബ്‌സാദ ഫര്‍ഹാന്റെ ബാറ്റിങ്ങുമാണ് പാകിസ്ഥാനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.
ആദ്യ മത്സരത്തിലേതെന്ന പോലെ കുല്‍ദീപ് യാദവിന്റെ മികച്ച ബൗളിങ് പ്രകടനം ഇന്ത്യയ്ക്ക് തുണയായി. പാകിസ്ഥാനെ കുഞ്ഞന്‍ സ്‌കോറില്‍ തളക്കാന്‍ നിര്‍ണായകമായതും കുല്‍ദീപ് അടക്കമുള്ള ബൗളിങ് യൂണിറ്റിന്റെ കരുത്തിലാണ്.
മത്സരത്തില്‍ ഇന്ത്യന്‍ ബൗളിങ് യൂണിറ്റിന്റെ മികച്ച പ്രകടനത്തിനൊപ്പം പാക് നായകന്‍ സല്‍മാന്‍ അലി ആഘയുടെ മോശം പ്രകടനവും ആരാധക്കിടയില്‍ ചര്‍ച്ചയാവുകയാണ് ഇന്ത്യ – പാകിസ്ഥാന്‍ മത്സരം പോലെ ഒരു ത്രില്ലര്‍ പോരാട്ടത്തില്‍ 12 പന്ത് നേരിട്ട താരം വെറും മൂന്ന് റണ്‍സ് മാത്രമാണ് നേടിയത്. സ്‌ട്രൈക്ക് റേറ്റാകട്ടെ വെറും 25.00ഉം.
ഇന്ത്യ – പാകിസ്ഥാന്‍ ഹെഡ് ടു ഹെഡിലെ മാത്രമല്ല, ടി-20 ഫോര്‍മാറ്റിലെ തന്നെ ഏറ്റവും മോശം പ്രകടനം കൂടിയാണിത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന് തുടക്കത്തിലേ പിഴച്ചിരുന്നു. ഇന്നിങ്‌സിലെ ആദ്യ ലീഗില്‍ ഡെലിവെറിയില്‍ സൂപ്പര്‍ താരം സയീം അയ്യൂബിനെയും രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഹാരിസിനെയും പാകിസ്ഥാന് നഷ്ടമായി.
മൂന്നാം വിക്കറ്റില്‍ സാഹിബ്‌സാദ ഫര്‍ഹാനും ഫഖര്‍ സമാനും ചേര്‍ന്ന് 39 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. മികച്ച രീതിയില്‍ തുടര്‍ന്ന കൂട്ടുകെട്ട് പൊളിച്ച് അക്‌സര്‍ പട്ടേലാണ് ഇന്ത്യയ്ക്കാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചത്. 15 പന്തില്‍ 17 റണ്‍സാണ് താരം നേടിയത്.
പിന്നാലെയെത്തിയ ക്യാപ്റ്റന്‍ ആഘാ സല്‍മാന്‍ പാടെ നിരാശനാക്കി. 12 പന്തില്‍ മൂന്ന് റണ്‍സ് മാത്രം നേടി അക്‌സര്‍ പട്ടേലിന് വിക്കറ്റ് സമ്മാനിച്ചാണ് താരം മടങ്ങിയത്.
പിന്നാലെയെത്തിയ ഹസന്‍ നവാസ് അഞ്ച് റണ്‍സിനും മുഹമ്മദ് നവാസ് പൂജ്യത്തിനും പുറത്തായി. 17ാം ഓവറിലെ ആദ്യ പന്തില്‍ സാഹിബ്‌സാദ ഫര്‍ഹാനും മടങ്ങി. 44 പന്തില്‍ 40 റണ്‍സാണ് താരം നേടിയത്.
ഒമ്പതാം നമ്പറിലെത്തിയ ഷഹീന്‍ അഫ്രിദിയുടെ പ്രകടനമാണ് പാകിസ്ഥാനെ നൂറ് കടത്തിയത്. 16 പന്ത് നേരിട്ട താരം നാല് സിക്‌സറിന്റെ അകമ്പടിയോടെ പുറത്താകാതെ 33 റണ്‍സ് നേടി.
ഒടുവില്‍ നിശ്ചിത ഓവറില്‍ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സിലെത്തി.
ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. അക്‌സര്‍ പട്ടേലും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിയും ഹര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റും സ്വന്തമാക്കി.
പാകിസ്ഥാന്‍ പ്ലെയിങ് ഇലവന്‍
സാഹിബ്‌സാദ ഫര്‍ഹാന്‍, സയീം അയ്യൂബ്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), ഫഖര്‍ സമാന്‍, സല്‍മാന്‍ അലി ആഘ (ക്യാപ്റ്റന്‍), ഹസന്‍ നവാസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീന്‍ ഷാ അഫ്രിദി, സുഫിയാന്‍ മഖീം, അബ്രാര്‍ അഹമ്മദ്.
ഇന്ത്യ പ്ലെയിങ് ഇലവന്‍
അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.
Content Highlight: Asia Cup: IND vs PAK: Salman Ali Agha out for 3 runs in 12 balls