2025 ഏഷ്യാ കപ്പില്‍ ടോസ് വിജയിച്ച് പാകിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്യും. ഒമാനെതിരായ മത്സരത്തില്‍ കളത്തിലിറങ്ങിയ അതേ പ്ലെയിങ് ഇലവനെ തന്നെയാണ് പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെയും കളത്തിലിറക്കുന്നത്.
ടോസ് വിജയിച്ചാല്‍ തങ്ങള്‍ ബൗളിങ് തന്നെ തെരഞ്ഞെടുക്കുമെന്നാണ് ഇന്ത്യന്‍ നായകന്‍ സൂര്യ കുമാര്‍ യാദവും പറഞ്ഞത്. യു.എ.ഇക്കെതിരായ മത്സരത്തിലെ അതേ ടീമുമായി തന്നെയാണ് ഇന്ത്യയും കളത്തിലിറങ്ങുന്നത്.
മിന്നോസിനെതിരായ തങ്ങളുടെ ആദ്യ മത്സരം വിജയിച്ചാണ് ഇരു ടീമുകളും രണ്ടാം മത്സരത്തിനിറങ്ങുന്നത്. ഈ മത്സരത്തില്‍ വിജയിക്കുന്ന ടീം സൂപ്പര്‍ ഫോറിലേക്ക് ഒരടി കൂടി വെക്കും.
ആദ്യ മത്സരത്തില്‍ യു.എ.ഇക്കെതിരായായിരുന്നു ഇന്ത്യയുടെ വിജയം. ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചുകയറിയത്. യു.എ.ഇ ഉയര്‍ത്തിയ 58 റണ്‍സ് വിജയലക്ഷ്യം 97 പന്ത് ശേഷിക്കവെയാണ് ഇന്ത്യ മറികടന്നത്. സൂപ്പര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ പ്രകടനമാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്.
ഒമാനെതിരെയായിരുന്നു പാകിസ്ഥാന്റെ വിജയം. 93 റണ്‍സിനാണ് പാക് ആര്‍മി വിജയം സ്വന്തമാക്കിയത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 161 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഒമാന്‍ 67ന് പുറത്താവുകയായിരുന്നു.
പാകിസ്ഥാന്‍ പ്ലെയിങ് ഇലവന്‍
സാഹിബ്‌സാദ ഫര്‍ഹാന്‍, സയീം അയ്യൂബ്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), ഫഖര്‍ സമാന്‍, സല്‍മാന്‍ അലി ആഘ (ക്യാപ്റ്റന്‍), ഹസന്‍ നവാസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീന്‍ ഷാ അഫ്രിദി, സുഫിയാന്‍ മഖീം, അബ്രാര്‍ അഹമ്മദ്.
ഇന്ത്യ പ്ലെയിങ് ഇലവന്‍
അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.
Content Highlight: Asia Cup: IND vs PAK: Pakistan won the toss and elect to bat first