| Tuesday, 26th August 2025, 10:25 am

'വെറും ഹിപ്പോക്രാറ്റ്, പാകിസ്ഥാനെതിരെ കളിക്കരുതെന്ന് പറഞ്ഞ ഗംഭീര്‍ ഇപ്പോള്‍ ആ മത്സരത്തിന്റെ കോച്ച്'

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പില്‍ ഇന്ത്യ – പാകിസ്ഥാന്‍ മത്സരങ്ങള്‍ നടക്കുമെന്ന് ഉറപ്പായതിന് പിന്നാലെ പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം മനോജ് തിവാരി. മുമ്പ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ കളിക്കരുത് എന്നാവശ്യപ്പെട്ട ഗംഭീറിന്റെ ശിക്ഷണത്തില്‍ തന്നെ ഏഷ്യാ കപ്പില്‍ ഇന്ത്യ പാകിസ്ഥാനെതിരെ കളത്തിലിറങ്ങുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് തിവാരി രംഗത്തെത്തിയത്.

ഒരുപക്ഷേ ഇത് അദ്ദേഹത്തിന്റെ തീരുമാനമല്ലെങ്കില്‍ പരിശീലകസ്ഥാനം രാജിവെച്ച് പ്രതിഷേധം രേഖപ്പെടുത്തണമായിരുന്നു എന്നും തിവാരി പറഞ്ഞു.

മനോജ് തിവാരി

‘ഗൗതം ഗംഭീര്‍ ഒരു ഹിപ്പോക്രാറ്റ് ആണെന്ന് എനിക്ക് എല്ലായ്‌പ്പോഴും തോന്നിയിട്ടുണ്ട്. അദ്ദേഹം ഒരു ഹിപ്പോക്രാറ്റ് തന്നെയാണ് കാരണം ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കരുത് എന്ന് പറഞ്ഞയാളാണ് ഗംഭീര്‍.

ഇപ്പോള്‍ പാകിസ്ഥാനെതിരെ കളിക്കാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ പരിശീലകനാണ് അദ്ദേഹം. ഗംഭീര്‍ ടീമിന്റെ പരിശീലക സ്ഥാനം രാജിവെക്കണം. പാകിസ്ഥാനെതിരായ മത്സരം കാരണം താന്‍ ടീമിന്റെ ഭാഗമാകില്ല എന്ന് ബി.സി.സി.ഐയോട് പറയണം,’ മനോജ് തിവാരി കൂട്ടിച്ചേര്‍ത്തു.

ഗൗതം ഗംഭീര്‍

ഇന്ത്യ – പാകിസ്ഥാന്‍ മത്സരങ്ങളെ കുറിച്ച് ഗംഭീര്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു. പാകിസ്ഥാനെതിരെ കളിക്കേണ്ടതില്ല എന്നാണ് തന്റെ അഭിപ്രായം. എന്നാല്‍ ഇതൊന്നും തന്റെ കയ്യിലല്ല, സര്‍ക്കാരും ബി.സി.സി.ഐയുമാണ് കാര്യങ്ങള്‍ തീരുമാനിച്ചത്. രാഷ്ട്രീയവക്തരിക്കാതെ കാര്യങ്ങള്‍ സ്വീകരിക്കുക എന്നാണ് ഗംഭീര്‍ പറഞ്ഞത്.

കഴിഞ്ഞ ഏഷ്യാ കപ്പില്‍, ദ്രാവിഡിന്റെ പരിശീലനത്തില്‍ ഇന്ത്യ കളത്തിലിറങ്ങിയപ്പോള്‍ പാകിസ്ഥാനെതിരെ കളിക്കരുത് എന്നായിരുന്നു ബി.ജെ.പി എം.പി കൂടിയായിരുന്ന ഗംഭീര്‍ നിലപാടെടുത്തത്.

‘നമ്മുടെ ജവാന്‍മാരുടെ ജീവനേക്കാള്‍ വിലയൊന്നും ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിനില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പൂര്‍ണമായും അവസാനിക്കുന്നത് വരെ ഇന്ത്യ പാകിസ്ഥാനെതിരെ ഒരൊറ്റ മത്സരം പോലും കളിക്കരുത്. രാജ്യത്തേക്കാള്‍ വലുതല്ല ഒരു ക്രിക്കറ്റ് ഇവന്റ്,’ എന്നായിരുന്നു 2023 ഏഷ്യാ കപ്പിന് മുമ്പേ അദ്ദേഹം പറഞ്ഞിരുന്നത്.

എന്നാല്‍ ഏഷ്യാ കപ്പില്‍ ഇന്ത്യ – പാകിസ്ഥാന്‍ മത്സരം കാന്‍ഡിയിലെ പല്ലേക്കലേയില്‍ ഷെഡ്യൂള്‍ ചെയ്തപ്പോള്‍ കമന്ററി പറയാന്‍ ആദ്യം ഓടിയെത്തിയത് ഗൗതം ഗംഭീറാണ്. പാകിസ്ഥാന്‍ ഇതിഹാസമായ വസീം അക്രത്തിനൊപ്പമായിരുന്നു കമന്ററി പാനലില്‍ അദ്ദേഹം മത്സരത്തിന്റെ തത്സമയ വിവരണം നല്‍കിയത്.

ഇതിന് പിന്നാലെ ആരാധകര്‍ നിശിത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പൂര്‍ണമായും അവസാനിക്കുന്നത് വരെ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കരുതെന്ന് പറഞ്ഞ അതേ ഗംഭീര്‍ തന്നെ കമന്ററി പറയാനെത്തിയിരിക്കുകയാണെന്നും പണമാണ് എല്ലാത്തിനേക്കാള്‍ പ്രധാനമെന്ന് ഗംഭീര്‍ വീണ്ടും വീണ്ടും തെളിയിക്കുകയാണെന്നും ആരാധകര്‍ വിമര്‍ശനമുന്നയിച്ചു.

ഇന്ത്യയും പാകിസ്ഥാനും ഒരു മത്സരം പോലും കളിക്കരുതെന്നും ജവാന്‍മാരെക്കാള്‍ വലുതല്ല ഒരു മത്സരവുമെന്ന് പറഞ്ഞ അതേ ഗംഭീര്‍ തന്നെ പണമൊഴുകിയ വിദേശ ലീഗുകളില്‍ പാകിസ്ഥാന്‍ താരങ്ങള്‍ക്കൊപ്പം മത്സരങ്ങള്‍ കളിച്ചിരുന്നു എന്ന വസ്തുതയും ഇതോടൊപ്പം ചേര്‍ത്തുവെക്കേണ്ടതാണ്.

യു.എസ്. മാസ്റ്റേഴ്സ് ടി-10 ലീഗില്‍ ന്യൂ ജേഴ്സി ട്രൈറ്റണ്‍സിന്റെ ക്യാപ്റ്റനായ ഗൗഗം ഗംഭീര്‍ പാക് ഇതിഹാസ താരമായ ഷാഹിദ് അഫ്രിദിയടക്കമുള്ളവര്‍ക്കൊപ്പം ഫീല്‍ഡ് പങ്കിട്ടിരുന്നു.

ഒരേസമയം, ഗംഭിര്‍ ഇരട്ട നിലപാടുകള്‍ സ്വീകരിക്കുന്നതിന്റെ ഏറ്റവും വലിയ തെളിവാണിതെന്നായിരുന്നു ആരാധകര്‍ ചൂണ്ടിക്കാട്ടിയത്. ഇതിനൊപ്പം ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിലും പാകിസ്ഥാന്‍ താരങ്ങള്‍ക്കൊപ്പം ഗംഭീര്‍ ഫീല്‍ഡ് പങ്കിട്ടിരുന്നു.

Content Highlight: Asia Cup: IND vs PAK:  Manoj Tiwari slams Gautam Gambhir

We use cookies to give you the best possible experience. Learn more