ഏഷ്യാ കപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ മത്സരം ആരംഭിച്ചിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ നായകന്‍ സല്‍മാന്‍ അലി ആഘ ബാറ്റിങ് തെരഞ്ഞെടുത്തു. ഇരു ടീമുകളും ആദ്യ മത്സരത്തിലെ അതേ ടീമിനെ തന്നെയാണ് കളത്തിലിറക്കിയിരിക്കുന്നത്.
മൂന്ന് ഓള്‍ റൗണ്ടര്‍മാരും രണ്ട് സ്പിന്നര്‍മാരും ഒരു പേസറുമായാണ് ഇന്ത്യ കളത്തിലിറങ്ങിയിരിക്കുന്നത്. ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ പേസ് ആക്രമണത്തിന് ചുക്കാന്‍ പിടിക്കുക.
ഇടം കയ്യന്‍ സൂപ്പര്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങിന് അവസരം നല്‍കാതെയാണ് ഇന്ത്യ കളത്തിലിറങ്ങിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഈ വര്‍ഷം ആദ്യം നടന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലാണ് അര്‍ഷ്ദീപ് അവസാനമായി ഇന്ത്യന്‍ ജേഴ്‌സിയില്‍ ഷോര്‍ട്ടര്‍ ഫോര്‍മാറ്റ് മത്സരം കളിക്കാനിറങ്ങിയത്.
ഒരു ചരിത്ര നേട്ടത്തിന്റെ തൊട്ടടുത്ത് അര്‍ഷ്ദീപ് ഇരിപ്പുറപ്പിച്ച് കാലങ്ങളേറെയായി. ഇന്ത്യയ്ക്കായി ടി-20 ഫോര്‍മാറ്റില്‍ 100 വിക്കറ്റ് നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് അര്‍ഷ്ദീപ് കയ്യകലത്തുള്ളത്. ഇതിന് വേണ്ടതാകട്ടെ വെറും ഒറ്റ വിക്കറ്റും.
63 ഇന്നിങ്‌സില്‍ നിന്നും 99 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 18.30 എന്ന ശരാശരിയിലും 13.23 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം പന്തെറിയുന്നത്. ഇന്ത്യയ്ക്കായി 100 വിക്കറ്റ് നേടുന്ന ആദ്യ താരമെന്ന റെക്കോഡ് സ്വന്തമാക്കാന്‍ ഏറ്റവുമധികം സാധ്യത കല്‍പിച്ച താരം ഇപ്പോള്‍ കളത്തിന് പുറത്താണ്.
ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരെ ടി – 20യില്‍ ഇറങ്ങിയതിന് ശേഷം താരത്തിന് ഒരു ഫോര്‍മാറ്റിലും അധികം അവസരം ലഭിച്ചിട്ടില്ല എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം. ടി – 20 പരമ്പരയ്ക്ക് ശേഷം നടന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഒന്നില്‍ മാത്രമേ താരത്തിന് അവസരം ലഭിച്ചുള്ളൂ. അതില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും പിന്നാലെത്തിയ ചാമ്പ്യന്‍സ് ട്രോഫിയിലും പുറത്തിരിക്കാനായിരുന്നു വിധി.
ജൂണില്‍ നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലും അര്‍ഷ്ദീപ് ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിരുന്നു. റെഡ് ബോളില്‍ ഇടം കൈയ്യന്‍ ബൗളറുടെ അരങ്ങേറ്റത്തിന് കാത്തിരുന്ന ആരാധകര്‍ക്ക് അതിനുള്ള ഭാഗ്യമുണ്ടായില്ല. അഞ്ച് മത്സരങ്ങളില്‍ ഒന്നില്‍ പോലും താരത്തിന് കളിക്കാനായില്ല.
ഈ റെക്കോഡില്‍ അര്‍ഷ്ദീപിന് ഏറ്റവുമധികം മത്സരം നല്‍കുന്ന ഹര്‍ദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയും പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇതിനോടകം തന്നെ വിക്കറ്റും നേടിക്കഴിഞ്ഞു. പാകിസ്ഥാന്‍ ഇന്നിങ്‌സിലെ ആദ്യ ലീഗല്‍ ഡെലിവെറിയില്‍ സയീം അയ്യൂബിനെ മടക്കിയ പാണ്ഡ്യ തന്റെ വിക്കറ്റ് നേട്ടം 95 ആയി ഉയര്‍ത്തിയിരിക്കുകയാണ്.
പാക് ഇന്നിങ്‌സിന്റെ രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ തന്നെ ബുംറയും തന്റെ വേട്ട ആരംഭിച്ചു. അഞ്ച് പന്തില്‍ മൂന്ന് റണ്‍സടിച്ച മുഹമ്മദ് ഹാരിസിനെ ഹര്‍ദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ചാണ് താരം മടക്കിയത്. നിലവില്‍ 91 വിക്കറ്റാണ് ബുംറയുടെ പേരിലുള്ളത്.
നിലവില്‍ രണ്ട് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഏഴ് റണ്‍സ് എന്ന നിലയിലാണ് പാകിസ്ഥാന്‍. മൂന്ന് പന്തില്‍ രണ്ട് റണ്‍സുമായി സാഹിബ്‌സാദ ഫര്‍ഹാനും മൂന്ന് പന്തില്‍ ഒരു റണ്ണുമായി ഫഖര്‍ സമാനുമാണ് ക്രീസില്‍.
പാകിസ്ഥാന്‍ പ്ലെയിങ് ഇലവന്‍
സാഹിബ്‌സാദ ഫര്‍ഹാന്‍, സയീം അയ്യൂബ്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), ഫഖര്‍ സമാന്‍, സല്‍മാന്‍ അലി ആഘ (ക്യാപ്റ്റന്‍), ഹസന്‍ നവാസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീന്‍ ഷാ അഫ്രിദി, സുഫിയാന്‍ മഖീം, അബ്രാര്‍ അഹമ്മദ്.
ഇന്ത്യ പ്ലെയിങ് ഇലവന്‍
അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.
Content Highlight: Asia Cup: IND vs PAK: Arshdeep Singh excluded from playing eleven