| Sunday, 14th September 2025, 8:56 pm

400 പന്തുകള്‍ക്ക് ശേഷം ആദ്യമായി ബുംറയെ പ്രഹരിച്ച് പാകിസ്ഥാന്‍; ആ സ്ട്രീക്കും അവസാനിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഏഷ്യാ കപ്പില്‍ ഇന്ത്യയ്‌ക്കെതിരെ നില വീണ്ടെടുക്കാനുള്ള ഒരുക്കത്തിലാണ് പാകിസ്ഥാന്‍. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സ് എന്ന നിലയിലാണ് പാകിസ്ഥാന്‍ പവര്‍പ്ലേ അവസാനിപ്പിച്ചത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന് ആദ്യ രണ്ട് ഓവറുകളില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ഇന്നിങ്‌സിലെ ആദ്യ ലീഗല്‍ ഡെലിവെറിയില്‍ സയീം അയ്യൂബും രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ മുഹമ്മദ് ഹാരിസിനെയും ഇന്ത്യ മടക്കി. ഹര്‍ദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയുമാണ് വിക്കറ്റ് നേടിയത്.

തന്റെ ആദ്യ ഓവറില്‍ വിക്കറ്റ് നേടിയെങ്കിലും രണ്ടാം ഓവറില്‍ താരത്തിന് സിക്‌സര്‍ വഴങ്ങേണ്ടി വന്നിരുന്നു. ഓവറിലെ മൂന്നാം പന്തില്‍ സാഹിബ്‌സാദ ഫര്‍ഹാനാണ് ബുംറയെ സിക്‌സറിന് പറത്തിയത്.

ഇതോടെ പാകിസ്ഥാനെതിരെ സിക്‌സര്‍ വഴങ്ങാതെ പന്തെറിയുന്ന ബുംറയുടെ സ്ട്രീക്കിനും അന്ത്യമായിരിക്കുകയാണ്. 400 പന്തുകള്‍ക്ക് ശേഷം ഇതാദ്യമായാണ് പാകിസ്ഥാന്‍ ബുംറയ്‌ക്കെതിരെ സിക്‌സര്‍ നേടുന്നത്.

ഏഷ്യാ കപ്പിലെ പോരാട്ടത്തിന് മുമ്പ് എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നുമായി തുടര്‍ച്ചയായ 391 പന്തുകളില്‍ താരം സിക്‌സര്‍ വഴങ്ങിയിരുന്നില്ല. എന്നാല്‍ ഇന്നിങ്‌സിലെ ഒമ്പതാം പന്തില്‍ പാകിസ്ഥാന്‍ ബുംറയ്‌ക്കെതിരെ സിക്‌സര്‍ നേടി.

പവര്‍പ്ലേ അവസാനിക്കും മുമ്പ് മൂന്ന് ഓവറുകളാണ് ബുംറ എറിഞ്ഞ് പൂര്‍ത്തിയാക്കിയത്. മൂന്നാം ഓവറില്‍ ഫര്‍ഹാന്‍ താരത്തെ ഒരിക്കല്‍ക്കൂടി സിക്‌സറിന് പറത്തി. മൂന്ന് ഓവറില്‍ നിന്നും 16 റണ്‍സാണ് ബുംറ ഇതുവരെ വഴങ്ങിയത്.

അതേസമയം, മത്സരം എട്ട് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 45 എന്ന നിലയിലാണ് പാകിസ്ഥാന്‍ ബാറ്റിങ് തുടരുന്നത്. പരിചയസമ്പന്നനായ ഫഖര്‍ സമാന്റെ വിക്കറ്റാണ് പാകിസ്ഥാന് ഒടുവില്‍ നഷ്ടമായത്. 15 പന്തില്‍ 17 റണ്‍സുമായി അക്‌സര്‍ പട്ടേലിന്റെ പന്തില്‍ തിലക് വര്‍മയ്ക്ക് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

നിലവില്‍ 25 പന്തില്‍ 21 റണ്‍സുമായി സാഹിബ്‌സാദ ഫര്‍ഹാനും രണ്ട് പന്തില്‍ അക്കൗണ്ട് തുറക്കാതെ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘയുമാണ് ക്രീസില്‍.

പാകിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

സാഹിബ്‌സാദ ഫര്‍ഹാന്‍, സയീം അയ്യൂബ്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), ഫഖര്‍ സമാന്‍, സല്‍മാന്‍ അലി ആഘ (ക്യാപ്റ്റന്‍), ഹസന്‍ നവാസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീന്‍ ഷാ അഫ്രിദി, സുഫിയാന്‍ മഖീം, അബ്രാര്‍ അഹമ്മദ്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.

Content Highlight: Asia Cup: IND vs PAK: After 400 deliveries, Pakistan hit a six against Jasprit Bumrah

We use cookies to give you the best possible experience. Learn more