ഏഷ്യാ കപ്പില്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ടോസ് വിജയിച്ച് ഇന്ത്യ. ടൂര്‍ണമെന്റിലാദ്യമായി ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് വിജയിച്ചാല്‍ തങ്ങളും ബാറ്റിങ് തന്നെ തെരഞ്ഞെടുക്കുമെന്നാണ് ഒമാന്‍ നായകന്‍ ജതീന്ദര്‍ സിങ്ങും പറഞ്ഞത്.
അബുദാബിയിലാണ് മത്സരം നടക്കുന്നത്. ഏഷ്യാ കപ്പില്‍ ഇന്ത്യ ഈ വേദിയില്‍ കളിക്കുന്ന ഏക മത്സരമാണിത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളും ദുബായിലാണ് ഇന്ത്യ കളിച്ചത്. സൂപ്പര്‍ ഫോറിലെ മൂന്ന് മത്സരങ്ങളും ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ തന്നെയാണ് സൂര്യയും സംഘവും കളിക്കുക. ഫൈനലും ഇതേ വേദിയില്‍ തന്നെയാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ജസ്പ്രീത് ബുംറയ്ക്കും വരുണ്‍ ചക്രവര്‍ത്തിക്കും പകരം അര്‍ഷ്ദീപ് സിങ്ങും ഹര്‍ഷിത് റാണയും ടീമില്‍ ഇടം നേടി. യു.എ.ഇക്കെതിരായ മത്സരത്തില്‍ നിന്നും ഒമാനും രണ്ട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ 250ാം ടി-20 മത്സരത്തിനാണ് ഇന്ത്യ ഒമാനെതിരെ കളത്തിലിറങ്ങുന്നത്. അന്താരാഷ്ട്ര ടി-20യില്‍ 250 മത്സരം കളിക്കുന്ന രണ്ടാമത് മാത്രം ടീമെന്ന ചരിത്ര നേട്ടവും ഇന്ത്യ സ്വന്തമാക്കി. പാകിസ്ഥാനാണ് ഈ റെക്കോഡില്‍ ആദ്യമെത്തിയ ടീം.
ഇതുവരെ കളിച്ച 249 മത്സരത്തില്‍ നിന്നും 166 മത്സരങ്ങളില്‍ ഇന്ത്യ വിജയിച്ചു. വിജയശതമാനം 66.66. 71 മത്സരത്തിലാണ് കുട്ടി ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് പരാജയം രുചിക്കേണ്ടി വന്നത്. ആറ് വീതം മത്സരങ്ങള്‍ ടൈയിലും ഫലമില്ലാതെയും അവസാനിച്ചു.
ആകെ മത്സരം – 249
ജയം – 166
പരാജയം – 71
ടൈ – 6
നോ റിസള്‍ട്ട് – 6
വിജയശതമാനം – 66.66%
പരാജയ ശതമാനം – 28.51%
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതാദ്യമായാണ് ഇന്ത്യ ഒമാനെതിരെ കളത്തിലിറങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. ക്രിക്കറ്റിന്റെ ഒരു ഫോര്‍മാറ്റിലും ഇന്ത്യ ഇതുവരെ ഒമാനെ നേരിട്ടിട്ടില്ല. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ നേരിടുന്ന 19ാം ടീമാണ് ഒമാന്‍.
ഇന്ത്യ പ്ലെയിങ് ഇലവന്‍
അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്.
ഒമാന്‍ പ്ലെയിങ് ഇലവന്‍
ജതീന്ദര്‍ സിങ് (ക്യാപ്റ്റന്‍), ആമിര്‍ കലീം, ഹമദ് മിര്‍സ, വിനായക് ശുക്ല (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നദീം, ആര്യന്‍ ബിഷ്ത്, ജിതന്‍കുമാര്‍ രമാനന്ദി, ഫൈസല്‍ ഷാ, സിക്രിയ ഇസ്‌ലാം, സമയ് ശ്രീവാസ്തവ, ഷകീല്‍ അഹമ്മദ്.
Content Highlight: Asia Cup: IND vs Oman: India plays their 250th international T20 game