| Saturday, 20th September 2025, 12:03 am

പോരാട്ട വീര്യത്തിന് കൊടുക്കാം കയ്യടി; എളുപ്പം തോല്‍പിക്കാന്‍ അനുവദിക്കാതെ ഒമാന്‍, അപരാജിതരായി ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഏഷ്യാ കപ്പില്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ടത്തില്‍ വിജയവുമായി ഇന്ത്യ. അബുദാബിയില്‍ നടന്ന മത്സരത്തില്‍ റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്.

ഇന്ത്യ ഉയര്‍ത്തിയ 189 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഒമാന്‍ നിശ്ചിത ഓവറില്‍ 167 റണ്‍സിന് പോരാട്ടം അവസാനിപ്പിച്ചു.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ നഷ്ടപ്പെട്ടിരുന്നു. എട്ട് പന്ത് നേരിട്ട താരം അഞ്ച് റണ്‍സുമായി മടങ്ങി. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ രണ്ടാം ഓവറിലായിരുന്നു താരത്തിന്റെ മടക്കം.

ബാറ്റിങ് ഓര്‍ഡറില്‍ പ്രമോഷന്‍ ലഭിച്ച സഞ്ജുവിനെ ഒപ്പം കൂട്ടി അഭിഷേക് സ്‌കോര്‍ ഉയര്‍ത്തി. സ്വതസിദ്ധമായ രീതിയില്‍ അഭിഷേക് വെടിക്കെട്ട് പുറത്തെടുത്തപ്പോള്‍ ക്രീസില്‍ നിലയുറപ്പിക്കാന്‍ സഞ്ജു അല്‍പം പാടുപെട്ടു. എന്നാല്‍ താളം കണ്ടെത്തിയതോടെ സഞ്ജുവും മികച്ച രീതിയില്‍ ബാറ്റ് വീശി.

രണ്ടാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായാണ് ഇരുവരും ഇന്നിങ്‌സിന് അടിത്തറയൊരുക്കിയത്. എട്ടാം ഓവറിലെ ആദ്യ പന്തില്‍ അഭിഷേക് വിക്കറ്റ് കീപ്പറുടെ കൈകളിലൊതുങ്ങി മടങ്ങി. 15 പന്ത് നേരിട്ട താരം 38 റണ്‍സിനാണ് പുറത്തായത്.

നാലാം നമ്പറില്‍ ഹര്‍ദിക് പാണ്ഡ്യ ക്രീസിലെത്തിയെങ്കിലും അധികം വൈകാതെ തിരിച്ചുനടന്നു. ഒരു പന്തില്‍ ഒരു റണ്‍സുമായി നില്‍ക്കവെ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിര്‍ഭാഗ്യകരമായ റണ്‍ ഔട്ടിലൂടെയായിരുന്നു താരത്തിന്റെ മടക്കം.

പിന്നാലെയെത്തിവരില്‍ അക്‌സര്‍ പട്ടേല്‍ (13 പന്തില്‍ 26), തിലക് വര്‍മ (18 പന്തില്‍ 29) എന്നിവര്‍ തങ്ങളുടെ സംഭാവനകള്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തുവെച്ചു.

ഇതിനിടെ സഞ്ജു സാംസണ്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. 2025 ഏഷ്യാ കപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ അര്‍ധ സെഞ്ച്വറിയാണിത്. മൂന്ന് വീതം സിക്‌സറും ഫോറും അടക്കം 45 പന്തില്‍ 56 റണ്‍സടിച്ചാണ് താരം മടങ്ങിയത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 188ലെത്തി.

ഒമാനായി ഫൈസല്‍ ഷാ, ജിതന്‍ കുമാര്‍ രമാനന്ദി, ആമിര്‍ കലീം എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന് അതിവേഗം സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാനായില്ലെങ്കിലും മികച്ച കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്താന്‍ സാധിച്ചിരുന്നു. ആദ്യ വിക്കറ്റില്‍ 56 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ക്യാപ്റ്റന്‍ ജതീന്ദര്‍ സിങ്ങും ആമിര്‍ കലീമും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. 33 പന്തില്‍ 32 റണ്‍സ് നേടിയ ക്യാപ്റ്റനെ മടക്കി കുല്‍ദീപ് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്.

വണ്‍ ഡൗണായെത്തിയ ഹമദ് മിര്‍സയും മികച്ച രീതിയില്‍ ബാറ്റ് വീശി. ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റ് വീഴ്‌ത്തേണ്ടതെങ്ങനെയെന്ന് മറന്നുപോയപ്പോള്‍ രണ്ടാം വിക്കറ്റിലും മികച്ച കൂട്ടുകെട്ടുമായി ഒമാന്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.

ടീം സ്‌കോര്‍ 149ല്‍ നില്‍ക്കവെയാണ് ഈ കൂട്ടുകെട്ട് പൊളിയുന്നത്. കലീം സിക്‌സറെന്നുറപ്പിച്ച ഷോട്ട് ഹര്‍ദിക് പാണ്ഡ്യ അവിശ്വസനീയമാം വിധം കൈപ്പിടിയിലൊതുക്കുകയായിരുന്നു. 46 പന്തില്‍ 64 റണ്‍സ് നേടിയാണ് കലീം തിരിച്ചുനടന്നത്.

അര്‍ധ സെഞ്ച്വറി നേടിയ ഹമദ് മിര്‍സയെയും ഒമാനെ അധികം വൈകാതെ നഷ്ടപ്പെട്ടു. 33 പന്തില്‍ 51 റണ്‍സുമായാണ് താരം മടങ്ങിയത്.

അവസാന ഓവറിലെ ആദ്യ പന്തില്‍ വിക്കറ്റ് കീപ്പര്‍ വിനായക് ശുക്ലയെ റിങ്കു സിങ്ങിന്റെ കൈകളിലെത്തിച്ച് അര്‍ഷ്ദീപ് സിങ് പുറത്താക്കി. ഒമാന്റെ നാലാം വിക്കറ്റായാണ് ശുക്ല മടങ്ങിയത്.

ഈ വിക്കറ്റിന് പിന്നാലെ അന്താരാഷ്ട്ര ടി-20യില്‍ 100 വിക്കറ്റ് പൂര്‍ത്തിയാക്കാനും അര്‍ഷ്ദീപ് സിങ്ങിന് സാധിച്ചു. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് അര്‍ഷ്ദീപ്.

ഒടുവില്‍ അവസാന പന്തില്‍ ഫോറടിച്ച് ഒമാന്‍ 167 റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചു.

ഇന്ത്യയ്ക്കായി ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Content Highlight: Asia Cup: IND vs Oman: India defeated Oman

We use cookies to give you the best possible experience. Learn more