| Friday, 19th September 2025, 10:10 pm

ബാബര്‍ അസം മിന്നോസിനെ ഇതിലും നന്നായി മര്‍ദിക്കുമല്ലോ; ഗില്ലിനെ നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പില്‍ ഒമാനെതിരെ 188 റണ്‍സിന്റെ ടോട്ടലുമായി ഇന്ത്യ. മൂന്നാം നമ്പറിലിറങ്ങിയ സഞ്ജു സാംസണിന്റെ അര്‍ധ സെഞ്ച്വറിയും ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ടുമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

മത്സരത്തില്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. ഇന്നിങ്‌സിലെ രണ്ടാം ഓവറില്‍ തന്നെ ഫൈസല്‍ ഷായ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി. എട്ട് പന്ത് നേരിട്ട താരം വെറും അഞ്ച് റണ്‍സ് മാത്രമാണ് നേടിയത്.

ഈ മോശം പ്രകടനത്തിന് പിന്നാലെ ഗില്ലിനെതിരെ വന്‍ ആരാധക രോഷമാണ് ഉയരുന്നത്. ഗില്‍ വെറും ഫ്‌ളാറ്റ് ട്രാക്ക് ബുള്ളിയാണെന്ന് വിമര്‍ശിക്കുന്ന ആരാധകര്‍ ബി.സി.സി.ഐ പി.ആറിലൂടെ വളര്‍ത്തിയെടുത്ത ശരാശരി ടി-20 താരമാണെന്നും പറയുന്നുണ്ട്.

യശസ്വി ജെയ്‌സ്വാളിന്റെ സ്ഥാനം തട്ടിയെടുത്തും സഞ്ജു സാംസണെ ബാറ്റിങ് ഓര്‍ഡറില്‍ നിന്നും താഴെയിറക്കിയുമാണ് ഗില്‍ ടീമില്‍ പിടിച്ചുനില്‍ക്കുന്നതെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.

കുഞ്ഞന്‍ ടീമുകള്‍ക്കെതിരെ പോലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാത്ത ഗില്ലിനെ അടുത്ത വര്‍ഷം നടക്കുന്ന ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ ഭാഗമാക്കരുതെന്നും ആരാധകര്‍ പറയുന്നുണ്ട്. കുഞ്ഞന്‍ ടീമുകള്‍ക്കെതിരെ ബാബര്‍ അസം ബാറ്റ് ചെയ്യുന്നത് കണ്ട് പഠിക്കാനും ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം വിക്കറ്റില്‍ അഭിഷേക് ശര്‍മയും സഞ്ജുവും ചേര്‍ന്ന് പടുത്തുയര്‍ത്തിയ കൂട്ടുകെട്ടാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. രണ്ടാം വിക്കറ്റില്‍ 66 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്.

അഭിഷേക് തന്റെ സ്വതസിദ്ധമായ രീതിയില്‍ ബാറ്റ് വീശി. ക്രീസില്‍ നിലയുറപ്പിക്കാന്‍ കുറച്ച് പാടുപെട്ടെങ്കിലും താളം കണ്ടെത്തിയതോടെ സഞ്ജുവും അപകടകാരിയായി.

ടീം സ്‌കോര്‍ 72ല്‍ നില്‍ക്കവെ 15 പന്തില്‍ 38 റണ്‍സ് നേടിയ അഭിഷേകിനെ ടീമിന് നഷ്ടപ്പെട്ടു. അധികം വൈകാതെ നാലാം നമ്പറിലിറങ്ങിയ ഹര്‍ദിക് പാണ്ഡ്യയും തിരിച്ചുനടന്നു. നിര്‍ഭാഗ്യകരമായ റണ്‍ ഔട്ടിലൂടെയാണ് പാണ്ഡ്യ മടങ്ങിയത്.

പിന്നാലെയെത്തിയ അക്‌സര്‍ പട്ടേല്‍ 13 പന്തില്‍ 26 റണ്‍സടിച്ച് മടങ്ങിയപ്പോള്‍ ശിവം ദുബെ അഞ്ച് റണ്‍സിനും പുറത്തായി.

തിലക് വര്‍മയ്‌ക്കൊപ്പം മറ്റൊരു മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ സഞ്ജു ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ അര്‍ധ സെഞ്ച്വറിയും കുറിച്ചു. 45 പന്ത് നേരിട്ട താരം 56 റണ്‍സിനാണ് പുറത്തായത്.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഒമാന്‍ ഇന്ത്യയെ 188ല്‍ തളച്ചു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിങ്ങിനിറങ്ങാതിരുന്നതും സ്‌കോര്‍ 200 കടക്കാതിരിക്കാന്‍ കാരണമായി.

ഒമാനായി ഫൈസല്‍ ഷാ, ജിതന്‍ കുമാര്‍ രമാനന്ദി, ആമിര്‍ കലീം എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Content Highlight: Asia Cup: IND vs Oman: Fans slams Shubman Gill after continues poor performances

We use cookies to give you the best possible experience. Learn more