| Friday, 19th September 2025, 4:11 pm

ഇന്നെങ്കിലും കളത്തിലിറക്കൂ... ചരിത്രം കുറിക്കാന്‍ അവനെ ഇന്ത്യ അനുവദിക്കുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഏഷ്യാ കപ്പില്‍ ഇന്ത്യ ഇന്ന് തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിനിറങ്ങുകയാണ്. അബുദാബിയില്‍ നടക്കുന്ന ഗ്രൂപ്പ് എ പോരാട്ടത്തില്‍ ഒമാനാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മത്സരം.

ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച ആദ്യ രണ്ട് മത്സരത്തിലും ആധികാരിക വിജയം സ്വന്തമാക്കിയ ഇന്ത്യ ഇതിനോടകം തന്നെ സൂപ്പര്‍ ഫോറില്‍ പ്രവേശിച്ചിട്ടുണ്ട്. ടൂര്‍ണമെന്റില്‍ ആദ്യമായി സൂപ്പര്‍ ഫോറിലെത്തിയ ടീമും ഇന്ത്യ തന്നെയാണ്.

അതേസമയം, കളിച്ച രണ്ട് മത്സരത്തിലും പരാജയപ്പെട്ടാണ് ഒമാന്‍ ടൂര്‍ണമെന്റില്‍ തങ്ങളുടെ അവസാന മത്സരത്തിനിറങ്ങുന്നത്. വിജയത്തോടെ തലയുയര്‍ത്തി മടങ്ങുക എന്ന ഒമാന്‍ മോഹങ്ങള്‍ക്ക് മുമ്പില്‍ ഇന്ത്യയെന്ന ഹിമാലയസമാനന്‍മാര്‍ വലിയ വെല്ലുവിളി തന്നെയാണ്.

ആദ്യ രണ്ട് മത്സരത്തിലും ഒരേ സ്‌ക്വാഡ് തന്നെയാണ് ഇന്ത്യ കളത്തിലിറക്കിയത്. സൂപ്പര്‍ താരം അര്‍ഷ്ദീപ് സിങ്ങിന് ഈ രണ്ട് മത്സരത്തിലും ഇന്ത്യ അവസരം നല്‍കിയിരുന്നില്ല. മൂന്ന് ഓള്‍ റൗണ്ടര്‍മാരും രണ്ട് സ്പിന്നറും ഒരു പേസറുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ജസ്പ്രീത് ബുംറയായിരുന്നു ഇന്ത്യന്‍ നിരയിലെ പേസര്‍.

എന്നാല്‍ ഇന്ത്യ ഇതിനോടകം തന്നെ സൂപ്പര്‍ ഫോറില്‍ പ്രവേശിച്ചതിനാലും ഒമാന്‍ കുഞ്ഞന്‍ ടീമായതിനാലും ഒരുപക്ഷേ ബുംറയ്ക്ക് വിശ്രമം നല്‍കി 2024 ടി-20 ലോകകപ്പ് ഹീറോ അര്‍ഷ്ദീപിന് പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചേക്കും. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു ചരിത്രപ്പിറവിക്കും വഴിയൊരുങ്ങും.

ഒരു ചരിത്ര നേട്ടത്തിന്റെ തൊട്ടടുത്ത് അര്‍ഷ്ദീപ് ഇരിപ്പുറപ്പിച്ച് കാലങ്ങളേറെയായി. ഇന്ത്യയ്ക്കായി ടി-20 ഫോര്‍മാറ്റില്‍ 100 വിക്കറ്റ് നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് അര്‍ഷ്ദീപ് കയ്യകലത്തുള്ളത്. ഇതിന് വേണ്ടതാകട്ടെ വെറും ഒറ്റ വിക്കറ്റും.

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – ഇന്നിങ്‌സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)

അര്‍ഷ്ദീപ് സിങ് – 63 – 99*

യൂസ്വേന്ദ്ര ചഹല്‍ – 79 – 96

ഹര്‍ദിക് പാണ്ഡ്യ – 104 – 95

ജസ്പ്രീത് ബുംറ – 71 – 92

ഭുവനേശ്വര്‍ കുമാര്‍ – 86 – 90

63 ഇന്നിങ്സില്‍ നിന്നും 99 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 18.30 എന്ന ശരാശരിയിലും 13.23 സ്ട്രൈക്ക് റേറ്റിലുമാണ് താരം പന്തെറിയുന്നത്. ഇന്ത്യയ്ക്കായി 100 വിക്കറ്റ് നേടുന്ന ആദ്യ താരമെന്ന റെക്കോഡ് സ്വന്തമാക്കാന്‍ ഏറ്റവുമധികം സാധ്യത കല്‍പിച്ച താരം ഇപ്പോള്‍ ഏറെ നാളായി കളത്തിന് പുറത്താണ്.

ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരെ ടി – 20യില്‍ ഇറങ്ങിയതിന് ശേഷം താരത്തിന് ഒരു ഫോര്‍മാറ്റിലും അധികം അവസരം ലഭിച്ചിട്ടില്ല എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം. ശേഷം നടന്ന ഏകദിന പരമ്പരയില്‍ ഒറ്റ മത്സരം മാത്രം കളിച്ച അര്‍ഷ്ദീപ് ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡിലും ഇടം നേടിയിരുന്നില്ല.

തുടര്‍ന്ന് നടന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ ഇടം നേടിയിരുന്നെങ്കിലും അഞ്ച് മത്സരത്തിലും ബെഞ്ചിലിരിക്കാനായിരുന്നു താരത്തിന്റെ വിധി. ഇപ്പോള്‍ ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ താരം കളത്തിലിറങ്ങുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Content highlight: Asia Cup: IND vs Oman: Arshdeep Singh need 1 wicket to complete 100 T20I wickets

We use cookies to give you the best possible experience. Learn more