ഏഷ്യാ കപ്പില്‍ ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള വമ്പന്‍ മത്സരമാണ് നടക്കുന്നത്. ദുബായിലെ ഷെയ്ഖ് സയിദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. നിലവില്‍ 12 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സാണ് അഫ്ഗാനിസ്ഥാന്‍ നേടിയത്.
ശേഷം അഫ്ഗാന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ച ഇബ്രാഹിം സദ്രാനെ 24 റണ്‍സില്‍ കുരുക്കാന്‍ ദുനിത് വെല്ലാലഗെയ്ക്കും സാധിച്ചു. എന്നാല്‍ മത്സരത്തില്‍ ആവേശം സൃഷ്ടിച്ചത് ദാര്‍വിഷ് റസൂലിയുടെ വിക്കറ്റാണ്. 11ാം ഓവറിലെ മൂന്നാം പന്തില്‍ ദുഷ്മന്താ ചമീര എറിഞ്ഞ പന്ത് തൂക്കിയടിച്ച റസൂലിയുടെ ക്യാച്ച് കുശാല്‍ പെരേര ബൗണ്ടറി ലൈനില്‍ നിന്ന് ഐതിഹാസികമായാണ് നേടിയത്.
ഇതോടെ പരേരയുടെ മിന്നും ക്യാച്ചില്‍ വിക്കറ്റ് നേടിയ ചമീര ഒരു തകര്‍പ്പന്‍ റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര ടി-20 ക്രിക്കറ്റില്‍ ശ്രീലങ്കയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന മൂന്നാമത്തെ താരമാകാനാണ് ചമീരയ്ക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ മുന്‍ താരം അജന്ത മെന്‍ഡിസിനേയും ദിനേശ് കുലശേകരയേയുമാണ് താരം മറികടന്നത്.