| Saturday, 13th September 2025, 10:35 pm

കുതിരപ്പവന്‍ കൊടുക്കേണ്ട ചെറുത്തുനില്‍പ്; രാജാവ് വീണ ശേഷം പടയാളികളുടെ തിരിച്ചടി

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിലെ അഞ്ചാം മത്സരത്തില്‍ ശ്രീലങ്കയ്ക്ക് മുമ്പില്‍ 140 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി ബംഗ്ലാദേശ്. ജാക്കിര്‍ അലിയുടെയും ഷമിം ഹൊസൈന്റെയും ചെറുത്തുനില്‍പ്പാണ് ബംഗ്ലാദേശിനെ കൂട്ടത്തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.

മത്സരത്തിന്റെ ആദ്യ രണ്ട് ഓവറുകളില്‍ തന്നെ രണ്ട് ഓപ്പണര്‍മാരും സംപൂജ്യരായി മടങ്ങിയിരുന്നു. ഇതോടെ രണ്ട് വിക്കറ്റ് മെയ്ഡന്‍ ഓവറുകളുമായി ശ്രീലങ്ക പോരാട്ടം ആരംഭിച്ചു.

സൂപ്പര്‍ താരങ്ങളായ തൗഹിദ് ഹൃദോയ് എട്ട് റണ്‍സിനും മഹെദി ഹസന്‍ ഒമ്പത് റണ്‍സിനും പുറത്തായതോടെ ബംഗ്ലാദേശ് കൂടുതല്‍ സമ്മര്‍ദത്തിലായി.

ടീം സ്‌കോര്‍ 53ല്‍ നില്‍ക്കവെയാണ് ക്യാപ്റ്റന്‍ ലിട്ടണ്‍ ദാസ് പുറത്താകുന്നത്. 26 പന്തില്‍ 28 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.

53/5 എന്ന നിലയില്‍ നില്‍ക്കവെയാണ് ഷമീം ഹൊസൈന്‍ ജാക്കിര്‍ അലിക്ക് കൂട്ടായി ക്രീസിലെത്തിയത്. തകര്‍ന്നു തുടങ്ങിയ ബംഗ്ലാദേശ് ഇന്നിങ്‌സിനെ ഇരുവരും ചേര്‍ന്ന് പതിയെ പടുത്തുര്‍ത്തി.

ലങ്കയുടെ ബൗളിങ് തന്ത്രങ്ങള്‍ ഇവര്‍ക്കെതിരെ വിലപ്പോയില്ല എന്ന് തന്നെ വേണം പറയേണ്ടത്. പത്താം ഓവറിന്റെ അഞ്ചാം പന്തില്‍, ടീം സ്‌കോര്‍ 53ല്‍ നില്‍ക്കവെ ഒന്നിച്ച് ഇരുവരുടെയും ചെറുത്തുനില്‍പ് ഇന്നിങ്‌സിന്റെ അവസാന പന്ത് വരെ തുടര്‍ന്നു. 86 റണ്‍സാണ് ഇരുവരും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തുവെച്ചത്.

ഷമീം ഹൊസൈന്‍ 34 പന്തില്‍ 42 റണ്‍സ് നേടി. ഒരു സിക്‌സറും മൂന്ന് ഫോറുമാണ് താരം നേടിയത്. ജാക്കിര്‍ അലി 34 പന്തില്‍ നിന്നും 41 റണ്‍സും അടിച്ചെടുത്തു. ഒരു ടി-20 മത്സരത്തെ സംബന്ധിച്ച് ഇത് അത്രകണ്ട് മികച്ച ഇന്നിങ്‌സ് അല്ലെങ്കിലും, ഈ പ്രകടനം പിറന്ന സാഹചര്യമാണ് ഇതിനെ സ്‌പെഷ്യലാക്കുന്നത്.

അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക രണ്ട് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 എന്ന നിലയിലാണ്. ആറ് പന്തില്‍ മൂന്ന് റണ്‍സ് നേടിയ കുശാല്‍ മെന്‍ഡിസിന്റെ വിക്കറ്റാണ് ടീമിന് നഷ്ടപ്പെട്ടത്.

ബംഗ്ലാദേശ് പ്ലെയിങ് ഇലവന്‍

തന്‍സിദ് ഹസന്‍, പര്‍വേസ് ഹൊസൈന്‍ എമോണ്‍, ലിട്ടണ്‍ ദാസ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), തൗഹിദ് ഹൃദോയ്, മഹെദി ഹസന്‍, ജാക്കിര്‍ അലി, ഷമീം ഹൊസൈന്‍, റിഷാദ് ഹൊസൈന്‍, തന്‍സിം ഹസന്‍ സാഖിബ്, ഷോരിഫുള്‍ ഇസ്‌ലാം, മുസ്തഫിസുര്‍ റഹ്‌മാന്‍.

ശ്രീലങ്ക പ്ലെയിങ് ഇലവന്‍

പാതും നിസങ്ക, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), കാമില്‍ മിശ്ര, കുശാല്‍ പെരേര, ചരിത് അസലങ്ക (ക്യാപ്റ്റന്‍), ദാസുന്‍ ഷണക, കാമിന്ദു മെന്‍ഡിസ്, വാനിന്ദു ഹസരങ്ക, ദുഷ്മന്ത ചമീര, മതീശ പതിരാന, നുവാന്‍ തുഷാര.

Content Highlight: Asia Cup: BAN vs SL:  Jaker Ali and Shamim Hossain’s brilliant partnership

We use cookies to give you the best possible experience. Learn more