| Sunday, 31st August 2025, 5:59 pm

ഒന്നല്ല, രണ്ട് റെക്കോഡില്‍ രോഹിത്തിനെ വെട്ടാന്‍ ബാബര്‍ അസമല്ലാത്ത മറ്റൊരു ബാബര്‍; ഏഷ്യാ കപ്പില്‍ തിളങ്ങുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഏഷ്യാ കപ്പില്‍ കരുത്തറിയിക്കാനാണ് ഹോങ് കോങ് ഇറങ്ങുന്നത്. ശ്രീലങ്കയും അഫ്ഗാനിസ്ഥാനും അടങ്ങുന്ന ഗ്രൂപ്പ് ബി-യിലാണ് ഹോങ് കോങ് സ്ഥാനം പിടിച്ചിരിക്കുന്നത്. ബംഗ്ലാദേശാണ് ഗ്രൂപ്പിലെ മറ്റൊരു ടീം.

ഈ ഗ്രൂപ്പില്‍ നിന്നും സൂപ്പര്‍ ഫോറിന് യോഗ്യത നേടുകയെന്നത് കുറച്ച് ബുദ്ധിമുട്ടാണെങ്കിലും കരുത്തറിയിക്കാന്‍ തന്നെയാണ് ഹോങ് കോങ് ഒരുങ്ങുന്നത്. യാസിം മുര്‍ത്താസയുടെ നേതൃത്വത്തിലാണ് ടീം കളത്തിലിറങ്ങുന്നത്.

സൂപ്പര്‍ താരം ബാബര്‍ ഹയാത്തില്‍ തന്നെയാണ് ടീം പ്രതീക്ഷയര്‍പ്പിക്കുന്നത്. താരത്തിന്റെ മികച്ച ബാറ്റിങ് പ്രകടനം ഏഷ്യാ കപ്പില്‍ തുണയാകുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. ടീമിന്റെ വൈസ് ക്യാപ്റ്റനും ബാബര്‍ ഹയാത് തന്നെയാണ്.

ഈ ഏഷ്യാ കപ്പില്‍ പല റെക്കോഡുകള്‍ സ്വന്തമാക്കാനും ഹയാത്തിന് മുമ്പില്‍ അവസരമുണ്ട്. ടി-20 ഫോര്‍മാറ്റില്‍ നടന്ന ഏഷ്യാ കപ്പുകളില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ മുന്നേറാന്‍ ബാബര്‍ ഹയാത്തിന് സാധിക്കും. ഈ നേട്ടത്തില്‍ നിലവില്‍ നാലാം സ്ഥാനത്തുള്ള താരത്തിന് രോഹിത് ശര്‍മയെ അടക്കം മറികടക്കാനുള്ള അവസരമുണ്ട്.

ടി-20 ഏഷ്യാ കപ്പുകളില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം – ടീം – റണ്‍സ് എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – ഇന്ത്യ – 429

മുഹമ്മദ് റിസ്വാന്‍ – പാകിസ്ഥാന്‍ – 281

രോഹിത് ശര്‍മ – ഇന്ത്യ – 271

ബാബര്‍ ഹയാത് – ഹോങ് കോങ് – 235

ഇബ്രാഹിം സദ്രാന്‍ – അഫ്ഗാനിസ്ഥാന്‍ – 196

ഭാനുക രാജപക്‌സെ – ശ്രീലങ്ക – 191

ഇതിനൊപ്പം തന്നെ ഏറ്റവുമധികം ഫോറടിച്ച താരങ്ങളുടെ പട്ടികയിലും രോഹിത് ശര്‍മയെ മറികടക്കാന്‍ ബാബര്‍ ഹയാത്തിന് സാധിക്കും.

ടി-20 ഏഷ്യാ കപ്പുകളില്‍ ഏറ്റവുമധികം ഫോറടിച്ച താരങ്ങള്‍

(താരം – ടീം – ഫോര്‍ എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – ഇന്ത്യ – 40

രോഹിത് ശര്‍മ – ഇന്ത്യ – 27

ബാബര്‍ ഹയാത് – ഹോങ് കോങ് – 22

മുഹമ്മദ് റിസ്വാന്‍ – പാകിസ്ഥാന്‍ – 21

മുഹമ്മദ് ഉസ്മാന്‍ – യു.എ.ഇ – 21

ദിനേഷ് ചണ്ഡിമല്‍ – ശ്രീലങ്ക – 19

ഏഷ്യാ കപ്പില്‍ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെയാണ് ഹോങ് കോങ്ങിന് നേരിടാനുള്ളത്. സെപ്റ്റംബര്‍ ഒമ്പതിന് നടക്കുന്ന മത്സരത്തിന് അബുദാബിയിലെ ഷെയ്ഖ് സയ്യദ് സ്റ്റേഡിയമാണ് വേദി.

സെപ്റ്റംബര്‍ 11ന് ബംഗ്ലാദേശിനെയും 15ന് ശ്രീലങ്കയെയും ഗ്രൂപ്പ് ഘട്ടത്തില്‍ ഹോങ് കോങ് നേരിടും.

ഏഷ്യാ കപ്പിനുള്ള ഹോങ് കോങ് സ്‌ക്വാഡ്

യാസിം മുര്‍ത്താസ (ക്യാപ്റ്റന്‍), ബാബര്‍ ഹയാത്ത് (വൈസ് ക്യാപ്റ്റന്‍) സീഷന്‍ അലി (വിക്കറ്റ് കീപ്പര്‍), ഷാഹിദ് വസീഫ് (വിക്കറ്റ് കീപ്പര്‍), നിയാസ്‌കത് ഖാന്‍ മുഹമ്മദ്, നസറുള്ള റാണ, മാര്‍ട്ടിന്‍ കോട്സിയ, അന്‍ഷുമാന്‍ രഥ്, കല്‍ഹന്‍ മാര്‍ക് ചല്ലു, ആയുഷ് ആശിഷ് ശുക്ല, മുഹമ്മദ് ഐസാസ് ഖാന്‍, ആതിഖ് ഉള്‍ റഹ്‌മാന്‍ ഇഖ്ബാല്‍, കിഞ്ചിത് ഷാ, ആദില്‍ മഹ്‌മൂദ്, ഹാറൂണ്‍ മുഹമ്മദ് അര്‍ഷാദ്, അലി ഹസന്‍, ഘന്‍സഫര്‍ മുഹമ്മദ്, മുഹമ്മദ് വാഹിദ്, അനസ് ഖാന്‍, ഇഷാന്‍ ഖാന്‍.

Content Highlight:  Asia Cup: Babar Hayat to surpass Rohit Sharma in several records

We use cookies to give you the best possible experience. Learn more