| Tuesday, 19th August 2025, 9:46 pm

ശ്രേയസിനെ ടീമിലെടുക്കാത്തത് ഞങ്ങളുടെ തെറ്റല്ല, ശ്രേയസിന്റെയുമല്ല; സൂപ്പര്‍ താരത്തെ പുറത്താക്കിയതില്‍ ചീഫ് സെലക്ടര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഒമ്പതാം ഏഷ്യാ കപ്പ് ലക്ഷ്യമിട്ട് ഇന്ത്യ പടയൊരുക്കം തുടങ്ങിയിരിക്കുകയാണ്. രോഹിത്തും സംഘവും 2023ല്‍ നേടിയ ഏഷ്യയുടെ ക്രിക്കറ്റ് കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സൂര്യകുമാര്‍ യാദവും സംഘവും യു.എ.ഇയിലേക്ക് പറക്കാനൊരുങ്ങുന്നത്.

ഇത്തവണ ഏഷ്യ കീഴടക്കാനുള്ള പടയെയും ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനെ സൂര്യയുടെ ഡെപ്യൂട്ടിയാക്കി ചുമതലപ്പെടുത്തി 15 അംഗ സ്‌ക്വാഡാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ സ്‌ക്വാഡില്‍ സൂപ്പര്‍ താരം ശ്രേയസ് അയ്യരിന് ഇടം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഐ.പി.എല്‍ 2025ല്‍ പഞ്ചാബ് കിങ്‌സിനെ ഫൈനലിലെത്തിച്ചെങ്കിലും റണ്‍വേട്ടയില്‍ ആറാം സ്ഥാനത്തെത്തിയെങ്കിലും താരം ഏഷ്യാ കപ്പ് സ്‌ക്വാഡിന് പുറത്താവുകയായിരുന്നു.

ഇപ്പോള്‍ ശ്രേയസിനെ എന്തുകൊണ്ട് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയില്ല എന്ന് വ്യക്തമാക്കുകയാണ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍. ശ്രേയസിന് ടീമില്‍ ഇടം നേടാന്‍ സാധിക്കാതെ പോയത് തങ്ങളുടെയോ ശ്രേയസ് അയ്യരിന്റെയോ തെറ്റല്ല എന്നാണ് അഗാര്‍ക്കര്‍ പറഞ്ഞത്.

‘ശ്രേയസ് അയ്യരുടെ കാര്യമെടുക്കുകയാണെങ്കില്‍, നിങ്ങള്‍ പറയണം ആരെയാണ് റീപ്ലേസ് ചെയ്യാന്‍ സാധിക്കുകയെന്ന്. ഇതൊരിക്കലും അവന്റെ തെറ്റല്ല. ഞങ്ങളുടേതുമല്ല. നിലവില്‍ 15 താരങ്ങളെ മാത്രമേ തെരഞ്ഞെടുക്കാന്‍ സാധിക്കുകയുള്ളൂ എന്ന കാര്യവും മനസിലാക്കണം. ശ്രേയസ് അവന്റെ അവസരത്തിനായി കാത്തിരിക്കണം,’ എന്നായിരുന്നു അഗാര്‍ക്കര്‍ പറഞ്ഞത്.

ശ്രേയസിന് പുറമെ യശസ്വി ജെയ്‌സ്വാളിനെ ടീമിലെടുക്കാത്തതിനെ കുറിച്ചും അഗാര്‍ക്കര്‍ സംസാരിച്ചു.

‘ജെയ്‌സ്വാളിന്റെ കാര്യമെടുക്കുകയാണെങ്കില്‍, ഇത് തീര്‍ത്തും നിര്‍ഭാഗ്യകരമെന്ന് പറയേണ്ടി വരും. അഭിഷേക് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിനൊപ്പം തന്നെ അവന്‍ ചെറിയ തോതില്‍ പന്തെറിയുകയും ചെയ്യും. ഇവരില്‍ ഒരാള്‍ തീര്‍ച്ചയായും പുറത്താകുമെന്ന് ഉറപ്പായിരുന്നു. ജെയ്‌സ്വാള്‍ അവന്റെ അവസരത്തിനായി കാത്തിരിക്കണം,’ അഗാര്‍ക്കര്‍ പറഞ്ഞു.

ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് എ-യിലാണ് ഇന്ത്യയുടെ സ്ഥാനം. പാകിസ്ഥാന്‍, യു.എ.ഇ, ഒമാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

സെപ്റ്റംബര്‍ പത്തിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. യു.എ.ഇയാണ് എതിരാളികള്‍. സെപ്റ്റംബര്‍ 14ന് പാകിസ്ഥാനെതിരെയും 19ന് ഒമാനെതിരെയും ഇന്ത്യ കളത്തിലിറങ്ങും.

2025 ഏഷ്യാ കപ്പ് സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍). ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, റിങ്കു സിങ്.

Content Highlight: Asia Cup: Ajit Agarkar explains why Shreyas Iyer excluded from India’s Asia Cup Squad

We use cookies to give you the best possible experience. Learn more