| Thursday, 18th September 2025, 8:24 pm

ജീവന്‍ മരണ പോരാട്ടത്തിന് അഫ്ഗാനിസ്ഥാന്‍; ലങ്കയെ തകര്‍ത്തില്ലെങ്കില്‍ പുറത്ത്!

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പില്‍ ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള വമ്പന്‍ മത്സരമാണ് നടക്കുന്നത്. ദുബായിലെ ഷെയ്ഖ് സയിദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞ ഒന്നും അഫ്ഗാനിസ്ഥാന്‍ പ്രതീക്ഷിക്കുന്നില്ല. സൂപ്പര്‍ ഫോറിലേക്കുള്ള തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ അഫ്ഗാനിസ്ഥാന് വിജയിച്ചേ മതിയാകൂ.

അതേസമയം മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. നിലവില്‍ രണ്ട് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 26 റണ്‍സാണ് അഫ്ഗാനിസ്ഥാന്‍ നേടിയത്. അറ്റാക്കിങ് ബാറ്റിങ്ങില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ തന്നെയാണ് റാഷിദ് ഖാന്‍ നേതൃത്വത്തില്‍ അഫ്ഗാനിസ്ഥാന്‍ ലക്ഷ്യം വെക്കുന്നത്.

നിലവില്‍ സൂപ്പര്‍ ഫോറില്‍ ശ്രീലങ്ക തങ്ങളുടെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ബി ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തുള്ള ബംഗ്ലാദേശിന് സൂപ്പര്‍ ഫോറില്‍ ഇടം നേടണമെങ്കില്‍ അഫ്ഗാനിസ്ഥാന്‍ പരാജയപ്പെടുകയും വേണം. ഇതോടെ അഫ്ഗാനിസ്ഥാനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ മത്സരം ഏറെ നിര്‍ണായകമാണ്.

ഗ്രൂപ്പ് എയില്‍ ഇന്ത്യയും പാകിസ്ഥാനമാണ് സൂപ്പര്‍ ഫോറില്‍ ഇടം നേടിയത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ യു.എ.ഇയെ പരാജയപ്പെടുത്തിയാണ് പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് കടന്നത്. ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇന്ത്യയും ഒമാനുമാണ് ഏറ്റുമുട്ടുക. നാളെ (വെള്ളി) ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം.

ശ്രീലങ്ക പ്ലെയിങ് ഇലവന്‍

പാതും നിസങ്ക, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), കാമില്‍ മിശ്ര, കുശാല്‍ പെരേര, ദാസുന്‍ ഷണക, ചരിത് അസലങ്ക (ക്യാപ്റ്റന്‍), കാമിന്ദു മെന്‍ഡിസ്, വാനിന്ദു ഹസരങ്ക, ദുനിത് വെല്ലാലഗെ, ദുഷ്മന്ത ചമീര, നുവാന്‍ തുഷാര.

അഫ്ഗാനിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

സെദ്ദിഖുള്ള അടല്‍, റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, ദാര്‍വിഷ് അബ്ദുള്‍ റസൂലി, മുഹമ്മദ് നബി, അസ്മത്തുള്ള ഒമര്‍സായി, കരിം ജനത്, റാഷിദ് ഖാന്‍ (ക്യാപ്റ്റന്‍), മുജീബ് ഉര്‍ റഹ്‌മാന്‍, നൂര്‍ അഹമ്മദ്, ഫസല്‍ഹഖ് ഫാറൂഖ്

Content Highlight: Asia Cup: Afghanistan is in a Crucial Situation

We use cookies to give you the best possible experience. Learn more