| Thursday, 21st August 2025, 8:48 pm

Asia Cup: വൈസ് ക്യാപ്റ്റന്‍ ഗില്ലിന് വേണ്ടി സ്ഥാനമൊഴിയുക ഈ മൂന്ന് പേരില്‍ ആര്? കണക്കുകള്‍ പറയട്ടെ

സ്പോര്‍ട്സ് ഡെസ്‌ക്

സൂര്യകുമാര്‍ യാദവിനെ നായകനാക്കി ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് ദിവസങ്ങള്‍ക്ക് മുമ്പ് ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ഏഷ്യ കീഴടക്കാന്‍ 15 അംഗ സ്‌ക്വാഡിനെയാണ് ഇന്ത്യ ചുമതലപ്പെടുത്തിയിരിക്കുന്നത്.

വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്‍ മടങ്ങിയെത്തിയത് ആരാധകര്‍ക്ക് സര്‍പ്രൈസായി. ഏഷ്യാ കപ്പിന് പിന്നാലെ നടക്കുന്ന ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്കായി ഗില്ലിന് വിശ്രമം അനുവദിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സൂര്യയുടെ ഡെപ്യൂട്ടിയായി ഗില്ലെത്തുകയായിരുന്നു.

ശുഭ്മന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായി സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയതോടെ താരം ഉറപ്പായും പ്ലെയിങ് ഇലവന്റെ ഭാഗമായിരിക്കും എന്ന കാര്യത്തിലും സംശയലേശമന്യേ ഉറപ്പായിരിക്കുകയാണ്. ഇതോടെ ടീം കോമ്പിനേഷനില്‍ ആരാധകരുടെ കണക്കുകൂട്ടലുകളും പിഴച്ചു.

ശുഭ്മന്‍ ഗില്‍

നേരത്തെ അഭിഷേക് ശര്‍മയും സഞ്ജു സാംസണും ചേര്‍ന്ന് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ ഗില്ലിന്റെ വരവോടെ ശുഭ്മന്‍ ഗില്‍ – അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍ – സഞ്ജു സാംസണ്‍, സഞ്ജു സാംസണ്‍ – അഭിഷേക് ശര്‍മ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണ് ഇന്ത്യയ്ക്ക് മുമ്പിലുള്ളത്.

ഇതില്‍ അഭിഷേക് ശര്‍മ ഉറപ്പായും ടീമിനൊപ്പമുണ്ടാകുമെന്നാണ് കരുതുന്നത്. ഗില്‍, സഞ്ജു എന്നിവരില്‍ ആര് എന്നത് പിന്നീട് യു.എ.ഇയിലെത്തി സാഹചര്യങ്ങള്‍ക്കനുസരിച്ച് തീരുമാനിക്കുമെന്നാണ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞിരുന്നത്.

ശുഭ്മന്‍ ഗില്‍ അഭിഷേകിനൊപ്പം ഓപ്പണ്‍ ചെയ്യുകയാണെങ്കില്‍ സഞ്ജു ഒന്നുകില്‍ വണ്‍ ഡൗണ്‍ ആയി ഇറങ്ങുകയോ മിഡില്‍ ഓര്‍ഡറിലേക്ക് ഡിമോട്ട് ചെയ്യപ്പെടുകയോ ചെയ്‌തേക്കാം.

അഭിഷേക് ശര്‍മ

ഓപ്പണറുടെ റോളിലാണ് സഞ്ജു മികച്ച പ്രകടനം നടത്തിയിട്ടുള്ളത്. അന്താരാഷ്ട്ര ടി-20യില്‍ ബാക്ക് ടു ബാക്ക് സെഞ്ച്വറികള്‍ നേടി ചരിത്രം കുറിച്ചതും ഇതേ പൊസിഷനില്‍ തന്നെയാണ്.

എന്നാല്‍ ഗില്ലെത്തുമ്പോള്‍ ഓപ്പണിങ് സ്ഥാനം വിട്ടുകൊടുക്കേണ്ടി വന്നാല്‍ താരം തന്റെ മുന്‍ പൊസിഷനായ വണ്‍ ഡൗണായി കളത്തിലിറങ്ങേണ്ടി വരും. രാജസ്ഥാന്‍ റോയല്‍സില്‍ മുമ്പ് സഞ്ജു മൂന്നാം നമ്പറിലാണ് കളത്തിലിറങ്ങിയിരുന്നത്. ഈ സ്ഥാനത്തും സഞ്ജു മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിരുന്നു.

സഞ്ജു സാംസണ്‍

എന്നാല്‍ മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഇറങ്ങുകയാണെങ്കില്‍ സഞ്ജു മിഡില്‍ ഓര്‍ഡറിലേക്ക് മാറേണ്ടി വരും. ഇത് താരത്തെ സംബന്ധിച്ച് അത്ര മികച്ചതായിരിക്കില്ല. അറ്റാക്കിങ് ക്രിക്കറ്റ് മുഖമുദ്രയാക്കിയ സഞ്ജുവിന് മിഡില്‍ ഓവറുകളില്‍ സ്‌കോര്‍ ചെയ്യുക ബുദ്ധിമുട്ടായിരിക്കും. അങ്ങനെയെങ്കില്‍ മിഡില്‍ ഓര്‍ഡറില്‍ സ്വയം തെളിയിച്ച ജിതേഷ് ശര്‍മയ്ക്ക് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് വഴിയൊരുങ്ങുകയും സഞ്ജു ബെഞ്ചിലിരിക്കേണ്ടിയും വരും.

അതേസമയം, സഞ്ജു മൂന്നാം നമ്പറിലും സൂര്യ നാലാം നമ്പറിലുമിറങ്ങുകയാണെങ്കില്‍ അവിടെ സൂപ്പര്‍ താരം തിലക് വര്‍മയക്കും തിരിച്ചടിയാകാന്‍ സാധ്യതകളുണ്ട്. നാലാം നമ്പറിലാണ് തിലക് തന്റെ കരുത്തറിയിച്ചത്. ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ സഞ്ജു ഓപ്പണിങ്ങിലും തിലക് നാലാം നമ്പറിലുമാണ് തിളങ്ങിയത്. സഞ്ജുവും അഭിഷേകും ഓപ്പണിങ്ങിലിറങ്ങുകയും ഗില്‍, സ്‌കൈ എന്നിവര്‍ യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങളിലിറങ്ങിയാലും അത് തിലകിന്റെ സ്ഥാനത്തിന് തിരിച്ചടിയാകും.

തിലക് വര്‍മ

അന്താരാഷ്ട്ര ടി-20യില്‍ ഈ നാല് പേരുടെയും കണക്കുകളിലൂടെ കണ്ണോടിക്കാം,

ശുഭ്മന്‍ ഗില്‍

• ഇന്നിങ്‌സ് – 21
• റണ്‍സ് – 578
• ശരാശരി – 30.42
• സ്‌ട്രൈക്ക് റേറ്റ് – 139.27
• 50 | 100 – 3 | 1
• ഉയര്‍ന്ന സ്‌കോര്‍ – 126*

അഭിഷേക് ശര്‍മ

• ഇന്നിങ്‌സ് – 16
• റണ്‍സ് – 535
• ശരാശരി – 33.43
• സ്‌ട്രൈക്ക് റേറ്റ് – 193.84
• 50 | 100 – 2 | 2
• ഉയര്‍ന്ന സ്‌കോര്‍ – 135

സഞ്ജു സാംസണ്‍

• ഇന്നിങ്‌സ് – 38
• റണ്‍സ് – 861
• ശരാശരി – 25.32
• സ്‌ട്രൈക്ക് റേറ്റ് – 152.38
• 50 | 100 – 2 | 3
• ഉയര്‍ന്ന സ്‌കോര്‍ – 111

സഞ്ജു സാംസണ്‍ (ഓപ്പണറുടെ റോളില്‍)

• ഇന്നിങ്‌സ് – 17
• റണ്‍സ് – 522
• ശരാശരി – 32.63
• സ്‌ട്രൈക്ക് റേറ്റ് – 178.87
• 50 | 100 – 1 | 3
• ഉയര്‍ന്ന സ്‌കോര്‍ – 111

തിലക് വര്‍മ

• ഇന്നിങ്‌സ് – 24
• റണ്‍സ് – 749
• ശരാശരി – 49.93
• സ്‌ട്രൈക്ക് റേറ്റ് – 155.07
• 50 | 100 – 3 | 2
• ഉയര്‍ന്ന സ്‌കോര്‍ – 120

കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പ്ലെയിങ് ഇലവന്‍ തെരഞ്ഞെടുക്കാന്‍ അപെക്‌സ് ബോര്‍ഡ് ഏറെ പാടുപെടും. ഏറ്റവും മികച്ച 15 താരങ്ങളില്‍ നിന്നും 11 പേരെ തെരഞ്ഞെടുക്കുക എന്നത് അവരെ സംബന്ധിച്ച് വളരെ വലിയ വെല്ലുവിളി തന്നെ ആയിരിക്കും.

Content Highlight: Asia Cup: Abhishek Sharma, Sanju Samson or Tilak Varma, Who will sacrifice their spot for Shubman Gill

We use cookies to give you the best possible experience. Learn more