സമ്പൂര്‍ണ ആധിപത്യം; അഭിഷേകിന്റെ തേരോട്ടത്തില്‍ പിറന്നത് വമ്പന്‍ നേട്ടങ്ങള്‍
Sports News
സമ്പൂര്‍ണ ആധിപത്യം; അഭിഷേകിന്റെ തേരോട്ടത്തില്‍ പിറന്നത് വമ്പന്‍ നേട്ടങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 24th September 2025, 9:23 pm

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

നിലവില്‍ 12 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സാണ് ഇന്ത്യ നേടിയത്. ഇന്ത്യക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയാണ് അഭിഷേക് ശര്‍മ കളം വിട്ടത്. 37 പന്തില്‍ അഞ്ച് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 75 റണ്‍സ് നേടി ഒരു റണ്‍ ഔട്ടിലൂടെയാണ് അഭിഷേക് പുറത്തായത്. നേരിട്ട 25ാം പന്തിലാണ് താരം മൂന്നാമത്തെ അര്‍ധ സെഞ്ച്വറി നേടിയത്. 202.70 എന്ന വമ്പന്‍ സ്‌ട്രൈക്ക് റേറ്റും താരം നേടി.

ഇതോടെ 2025 ഏഷ്യാ കപ്പിലെ പല റെക്കോഡുകളിലും താരം ഡോമിനേഷന്‍ തുടരുകയാണ്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ ഒന്നാമനായാണ് താരം തുടരുന്നത്. 248 റണ്‍സാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. മാത്രമല്ല ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരവും അഭിഷേക് തന്നെയാണ്. 15 സിക്‌സറുകളാണ് താരം അടിച്ചെടുത്തത്. ഇതോടെ ടൂര്‍ണമെന്റില്‍ അപരാജിതമായ കുതിപ്പ് തുടരുന്ന ഇന്ത്യക്കൊപ്പം ഡോമിനേഷന്‍ തുടരാനും അഭിഷേകിനും സാധിച്ചിരിക്കുതയാണ്.

മത്സരത്തില്‍ 19 പന്തില്‍ 29 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലിനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടപ്പെട്ടത്. ടീം സ്‌കോര്‍ 77ല്‍ നില്‍ക്കവെയാണ് താരത്തെ ഇന്ത്യയ്ക്ക് നഷ്ടമായത്. ശേഷം ഇറങ്ങിയ ശിവം ദുബെ രണ്ട് റണ്‍സിനും കൂടാരം കയറി. മാത്രമല്ല ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ 5 റണ്‍സിനാണ് ടീമിന് നഷ്ടമായത്.

സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ മികച്ച വിജയം സ്വന്തമാക്കിയ ഇന്ത്യ, ബംഗ്ലാദേശിനെതിരെയും മികച്ച വിജയം സ്വന്തമാക്കി ഫൈനലുറപ്പിക്കാനാണ് ഒരുങ്ങുന്നത്.

അതേസമയം അന്താരാഷ്ട്ര ടി-20യില്‍ 17 മത്സരങ്ങളില്‍ 16ഉം വിജയിച്ചാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ കരുത്ത് കാണിച്ചത്. പരസ്പരം ഏറ്റുമുട്ടിയ മത്സരങ്ങളില്‍ വെറും ഒരെണ്ണം മാത്രം വിജയിച്ച ബംഗ്ലാ കടുവകള്‍ക്ക് ഇന്നത്തെ മത്സരം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി ജസ്പ്രീത് ബുംറ

ബംഗ്ലാദേശ് പ്ലെയിങ് ഇലവന്‍

സെയ്ഫ് ഹസന്‍, തന്‍സിദ് ഹസന്‍, പര്‍വേസ് ഇമോന്‍, തൗഹിദ് ഹൃദയ്, ഷമീം ഹൊസൈന്‍, ജാക്കര്‍ അലി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഷമീം ഹുസൈന്‍, മുഹമ്മദ് സൈഫുദ്ദീന്‍, റിഷാദ് ഹൊസൈന്‍, നസും അഹമ്മദ്, മുസ്തഫിസുര്‍ റഹ്‌മാന്‍, തന്‍സിം ഹസന്‍ സാക്കിബ്

Content Highlight: Asia Cup: Abhishek Sharma In Great Record In Asia Cup 2025