| Friday, 19th September 2025, 9:31 pm

വെടിക്കെട്ടിന് അവസാനമില്ല, പക്കാ ടി-20 പ്രൊഡക്ട്; രോഹിത് തന്റെ കരിയറില്‍ നേടിയ 19ാം ഇന്നിങ്‌സില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പില്‍ ഒമാനെതിരായ മത്സരത്തില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ഇന്ത്യ. വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ തുടക്കത്തിലേ നഷ്ടപ്പെട്ടെങ്കിലും രണ്ടാം വിക്കറ്റില്‍ അഭിഷേക് ശര്‍മയുടെയും സഞ്ജു സാംസണിന്റെയും കൂട്ടുകെട്ടില്‍ ഇന്ത്യ സ്‌കോറിങ്ങിന് അടിത്തറയിട്ടു.

രണ്ടാം വിക്കറ്റില്‍ 66 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. എട്ടാം ഓവറിലെ ആദ്യ പന്തില്‍ അഭിഷേകിനെ മടക്കി ജിതിന്‍കുമാര്‍ രമാനന്ദിയാണ് കൂട്ടുകെട്ട് പൊളിച്ചത്.

15 പന്ത് നേരിട്ട താരം 38 റണ്‍സുമായാണ് മടങ്ങിയത്. അഞ്ച് ഫോറും രണ്ട് സിക്‌സറും അടക്കം 253.33 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

ടി-20 ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി മികച്ച പ്രകടനമാണ് അഭിഷേക് കാഴ്ചവെക്കുന്നത്. ഓരോ തവണ ക്രീസിലെത്തുമ്പോഴും താരം ഒരിക്കലും നിരാശപ്പെടുത്താതെ വെടിക്കെട്ട് തുടരുകയാണ്.

ഒമാനെതിരായ മത്സരത്തിന് പിന്നാലെ ഒരു റെക്കോഡില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ് അഭിഷേക്. ഏറ്റവുമധികം ഇന്നിങ്‌സുകളില്‍ 200+ സ്‌ട്രൈക്ക് റേറ്റില്‍ 30+ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയിലാണ് അഭിഷേക് നില മെച്ചപ്പെടുത്തിയത്.

ടി-20യില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം തവണ 200+ സ്‌ട്രൈക് റേറ്റില്‍ 30+ റണ്‍സ് നേടിയ താരങ്ങള്‍

(താരം – എത്ര തവണ എന്നീ ക്രമത്തില്‍)

സൂര്യകുമാര്‍ യാദവ് – 11

ഹര്‍ദിക് പാണ്ഡ്യ – 8

അഭിഷേക് ശര്‍മ – 7*

രോഹിത് ശര്‍മ – 7

യുവരാജ് സിങ് – 6

ദിനേഷ് കാര്‍ത്തിക് – 5

അതേസമയം, മത്സരം 15 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് എന്ന നിലയിലാണ്. മൂന്നാം നമ്പറിലിറങ്ങിയ സഞ്ജു സാംസണിന്റെ കരുത്തിലാണ് ഇന്ത്യ സ്‌കോര്‍ ഉയര്‍ത്തുന്നത്. 38 പന്തില്‍ 47 റണ്‍സുമായാണ് സഞ്ജു ക്രീസില്‍ തുടരുന്നത്. ഏഴ് പന്തില്‍ ഏഴ് റണ്‍സടിച്ച തിലക് വര്‍മയാണ് ക്രീസിലുള്ള മറ്റൊരു താരം.

ഇന്ത്യ പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്.

ഒമാന്‍ പ്ലെയിങ് ഇലവന്‍

ജതീന്ദര്‍ സിങ് (ക്യാപ്റ്റന്‍), ആമിര്‍ കലീം, ഹമദ് മിര്‍സ, വിനായക് ശുക്ല (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നദീം, ആര്യന്‍ ബിഷ്ത്, ജിതന്‍കുമാര്‍ രമാനന്ദി, ഫൈസല്‍ ഷാ, സിക്രിയ ഇസ്‌ലാം, സമയ് ശ്രീവാസ്തവ, ഷകീല്‍ അഹമ്മദ്.

Content Highlight: Asia Cup: Abhishek Sharma continues his domination in T20s

We use cookies to give you the best possible experience. Learn more