| Tuesday, 23rd September 2025, 12:47 pm

ജയം തേടി പരാജിതര്‍ ഇറങ്ങുന്നു; ലങ്കയ്‌ക്കെതിരെ അഞ്ചും തോറ്റ പാകിസ്ഥാന് നിര്‍ണായകം

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ന് പാകിസ്ഥാന്‍ ശ്രീലങ്കയെ നേരിടാനൊരുങ്ങുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഏഷ്യന്‍ ടൈറ്റന്‍സ് ഏറ്റമുട്ടുന്നത്. 2025 ഏഷ്യാ കപ്പില്‍ ആദ്യമായാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്.

സൂപ്പര്‍ ഫോറിലെ ആദ്യ മത്സരം പരാജയപ്പെട്ടുകൊണ്ടാണ് ഇരുവരും തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ഇനിയൊരു തോല്‍വി തങ്ങളുടെ ഫൈനല്‍ സ്വപ്‌നങ്ങള്‍ ഇല്ലാതാക്കുമെന്ന ബോധ്യമുള്ള ഇരുവരും വിജയം മാത്രം ലക്ഷ്യമിട്ടുകൊണ്ടായിരിക്കും കളത്തിലിറങ്ങുക.

ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരത്തിലും മികച്ച വിജയം നേടിയ ശേഷമാണ് ശ്രീലങ്ക സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനോട് പരാജയപ്പെട്ടത്. അവസാന ഓവര്‍ വരെ ആവേശം അലതല്ലിയ മത്സരത്തില്‍ ഒരു പന്ത് ശേഷിക്കെ ബംഗ്ലാദേശ് ലങ്കയെ മറികടക്കുകയായിരുന്നു.

പരാജയപ്പെട്ടെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചിരുന്നു. മുന്‍ നായകന്‍ ദാസുന്‍ ഷണകയുടെ ഓള്‍ റൗണ്ട് മികവ് തന്നെയായിരുന്നു മത്സരത്തിന്റെ ഹൈലൈറ്റ്.

ദാസുന്‍ ഷണക

അതേസമയം, ഇന്ത്യയ്‌ക്കെതിരെ വീണ്ടും തോറ്റാണ് പാകിസ്ഥാന്‍ കരുത്തരായ ശ്രീലങ്കയെ നേരിടാനിറങ്ങുന്നത്. മത്സരത്തില്‍ സൂപ്പര്‍ താരം സാഹിബ്‌സാദ ഫര്‍ഹാന്റെ അര്‍ധ സെഞ്ച്വറി മാത്രമാണ് പാകിസ്ഥാന് എടുത്ത് പറയാനുണ്ടായിരുന്നത്.

സാഹിബ്‌സാദ ഫര്‍ഹാന്‍

2022 ഏഷ്യാ കപ്പ് ഫൈനലിലാണ് പാകിസ്ഥാനും ശ്രീലങ്കയും അവസാനമായി ടി-20 ഫോര്‍മാറ്റില്‍ ഏറ്റുമുട്ടിയത്. അന്ന് പാകിസ്ഥാനെ പരാജയപ്പെടുത്തി ദാസുന്‍ ഷണകയും സംഘവും കിരീടമുയര്‍ത്തിയിരുന്നു. 23 റണ്‍സിനായിരുന്നു പാകിസ്ഥാന്റെ പരാജയം.

2022 ഏഷ്യാ കപ്പ് കിരീടവുമായി ശ്രീലങ്ക

ഭാനുക രാജപക്‌സെയുടെ കരുത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 171 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ 147ന് പുറത്താവുകയായിരുന്നു.

ഇതടക്കം ഒടുവില്‍ ഇരുവരുമേറ്റുമുട്ടിയ അഞ്ച് മത്സരത്തില്‍ അഞ്ചിലും പാകിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു.

ശ്രീലങ്ക vs പാകിസ്ഥാന്‍ – അവസാന അഞ്ച് ടി-20 മത്സരങ്ങള്‍

(ജേതാക്കള്‍ – മാര്‍ജിന്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

ശ്രീലങ്ക – 23 റണ്‍സ് – ദുബായ് – 2022

ശ്രീലങ്ക – അഞ്ച് വിക്കറ്റ് – ദുബായ് – 2022

ശ്രീലങ്ക – 13 റണ്‍സ് – ലാഹോര്‍ – 2019

ശ്രീലങ്ക – 35 റണ്‍സ് – ലാഹോര്‍ – 2019

ശ്രീലങ്ക – 64 റണ്‍സ് – ലാഹോര്‍ – 2019

ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ പാകിസ്ഥാനെതിരായ ഡോമിനന്‍സ് തുടരാനും ഇതേ വേദിയില്‍ ഹാട്രിക് വിജയം നേടാനും ശ്രീലങ്ക ഒരുങ്ങുമ്പോള്‍ തുടര്‍പരാജയങ്ങള്‍ മറികടക്കാനവും സല്‍മാന്‍ അലി ആഘയും സംഘവും ശ്രമിക്കുക.

Content Highlight: Asia Cup 2025: Sri Lanka to face Pakistan in Super 4

We use cookies to give you the best possible experience. Learn more