ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് ശ്രീലങ്ക. ചരിത് അസലങ്കയെ നായകനാക്കി 16 അംഗ സ്‌ക്വാഡിനെയാണ് ശ്രീലങ്ക പ്രഖ്യാപിച്ചിരിക്കുന്നത്.
അസലങ്കയ്ക്ക് പുറമെ പാതും നിസങ്ക, കുശാല്‍ മെന്‍ഡിസ്, കുശാല്‍ പെരേര, വാനിന്ദു ഹസരങ്ക തുടങ്ങി പരിചയസമ്പത്തുള്ള മികച്ച നിരയാണ് ശ്രീലങ്ക ഏഷ്യാ കപ്പിനായി പ്രഖ്യാപിച്ചിരിക്കുന്നത്.
ചരിത് അസലങ്ക
ഇതിന് മുമ്പ് ഏഷ്യാ കപ്പ് ടി-20 ഫോര്‍മാറ്റില്‍ നടന്നപ്പോള്‍ ശ്രീലങ്കയായിരുന്നു കിരീടം ചൂടിയത്. 2022ല്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയായിരുന്നു ലങ്കയുടെ വിജയം. ആ നേട്ടം ഇത്തവണയും ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
ചരിത് അസലങ്ക (ക്യാപ്റ്റന്‍), പാതും നിസങ്ക, കുശാല്‍ മെന്‍ഡിസ്, കുശാല്‍ പെരേര, നുവാനിന്ദു ഫെര്‍ണാണ്ടോ, കാമിന്ദു മെന്‍ഡിസ്, കാമില്‍ മിശ്ര, ദാസുന്‍ ഷണക, വാനിന്ദു ഹസരങ്ക, ദുനിത് വെല്ലാലാഗെ, ചമീക കരുണരത്‌നെ, മഹീഷ് തീക്ഷണ, ദുഷ്മന്ത ചമീര, ബിനുര ഫെര്‍ണാണ്ടോ, നുവാന്‍ തുഷാര, മതീശ പതിരാന.
നേരത്തെ ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് വെല്ലുവിളിയാകാന്‍ പോകുന്നത് ശ്രീലങ്കയായിരിക്കുമെന്ന് മുന്‍ പാക് സൂപ്പര്‍ താരം ബാസിത് അലി പറഞ്ഞിരുന്നു. ടീമിന്റെ സമീപകാല പ്രകടനവും സ്‌ക്വാഡ് ഡെപ്തും കണക്കിലെടുത്തുകൊണ്ടാണ് ബാസിത് അലി ലങ്കയെ പ്രശംസിച്ചത്.
ബാസിത് അലി
ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് ശേഷം ഏറ്റവുമധികം കിരീടം നേടിയ ടീമും ശ്രീലങ്ക തന്നെയാണ്. ആറ് തവണ. കഴിഞ്ഞ തവണ സ്വന്തം മണ്ണില്‍ നടന്ന ഏഷ്യാ കപ്പിന്റെ കിരീടപ്പോരാട്ടത്തിനിറങ്ങിയിരുന്നെങ്കിലും ചരിത്രത്തിലെ ഏറ്റവും മോശം തോല്‍വികളിലൊന്ന് ടീമിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ സൂപ്പര്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ ലങ്കയെ വെറും 50 റണ്‍സിന് ഇന്ത്യ പുറത്താക്കി. 17 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസും പുറത്താകാതെ 13 റണ്‍സ് നേടിയ ദുഷന്‍ ഹേമന്തയുമാണ് ലങ്കന്‍ നിരയില്‍ ഇരട്ടയക്കം കണ്ടത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 273 പന്ത് ശേഷിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു. ഈ തോല്‍വിക്ക് ഏഷ്യാ കപ്പില്‍ മറുപടി നല്‍കുക എന്ന ലക്ഷ്യവും ശ്രീലങ്കയ്ക്കുണ്ടാകും.
ഏഷ്യാ കപ്പ് 2025ല്‍ ഗ്രൂപ്പ് ബി-യിലാണ് ശ്രീലങ്ക. ഹോങ് കോങ്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
സെപ്റ്റംബര്‍ 13നാണ് ഏഷ്യാ കപ്പില്‍ ലങ്കയുടെ ആദ്യ മത്സരം. ബംഗ്ലാദേശാണ് എതിരാളികള്‍. സെപ്റ്റംബര്‍ 15ന് ഹോങ് കോങ്ങിനെയും 18ന് അഫ്ഗാനിസ്ഥാനെയും ലങ്ക നേരിടും.
ഏഷ്യാ കപ്പിന് മുമ്പ് സിംബാബ്‌വേക്കെതിരായ പരമ്പരയും ലങ്കയ്ക്ക് മുമ്പിലുണ്ട്. മൂന്ന് ഏകദിനങ്ങളും അത്ര തന്നെ ടി-20യുമാണ് ശ്രീലങ്ക സിംബാബ്‌വേക്കെതിരെ കളിക്കുക.
Content Highlight: Asia Cup 2025: Sri Lanka announced squad