വരാനിരിക്കുന്ന ഏഷ്യാ കപ്പിനായുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ തെരഞ്ഞെടുക്കുന്നതിനായി ഇന്ത്യന്‍ സെലക്ഷന്‍ കമ്മറ്റി നാളെ (ഓഗസ്റ്റ് 19) മുംബൈയില്‍ യോഗം ചേരും. എന്നാല്‍ ഇന്ത്യയുടെ റെഡ് ബോള്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനും ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജിനും സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിക്കില്ലെന്നാണ് ക്രിക്ക് ബസ് പുറത്തുവിടുന്ന റിപ്പോര്‍ട്ട്.
നിലവില്‍ ഓപ്പണര്‍മാരായി മലയാളി താരം സഞ്ജു സാംസനെയും സൂപ്പര്‍ ബാറ്റര്‍ അഭിഷേക് ശര്‍മയെയും സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചാല്‍ ഗില്ലിനെ ഏതു സ്‌ലോട്ടില്‍ ഉള്‍പ്പെടുത്തുമെന്നത് ഒരു ചോദ്യചിഹ്നമാകും. ടി-20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണെന്നത് ഏതാണ്ട് ഉറപ്പിച്ചിരിക്കവെ ഗില്ലിന്റെ സ്ഥാനം അനിശ്ചിതത്തില്‍ ആകും. മൂന്നാമത് ഒരു ഓപ്പണറെ പരിഗണിച്ചാല്‍ യശസ്വി ജെയ്‌സ്വാളിന്റെ പേരും ചര്‍ച്ചയില്‍ വരും.
മാത്രമല്ല തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, റിങ്കു സിങ് എന്നിവര്‍ക്കും പുറമേ ടോപ്പ് ഓര്‍ഡര്‍ സാധ്യത പട്ടികയില്‍ ശിവം ദുബെയും വാഷിങ്ടണ്‍ സുന്ദറും മത്സരാര്‍ത്ഥികളാണ്. എന്നിരുന്നാലും 2025 ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ തിരിച്ചുവരവില്‍ പ്രതീക്ഷ നന്നേ കുറവാണ്.
അതേസമയം ടെണ്ടുല്‍ക്കര്‍-ആന്‍ഡേള്‍സന്‍ ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജിന് ടീമില്‍ സ്ഥാനം കണ്ടെത്താനാകുമോ എന്നതും സംശയമാണ്. സൂപ്പര്‍ താരം ജസ്പ്രീത് ബുമറയെ ബൗളിങ് ആക്രമണം ഏല്‍പ്പിക്കുമ്പോള്‍ അര്‍ഷ്ദീപ് സിങ്ങും പ്രസിദ്ധ് കൃഷ്ണയും ഹര്‍ഷിദ് റാണയും ടീമില്‍ ഇടം പിടിച്ചേക്കും.
മാത്രമല്ല ഇംഗ്ലണ്ട് പര്യടനത്തില്‍ കളത്തില്‍ ഇറങ്ങാന്‍ സാധിക്കാത്ത കുല്‍ദീവ് യാദവും സ്പിന്‍ ഓപ്ഷനായി ഇന്ത്യയുടെ മുന്നില്‍ ഉണ്ട്. അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, എന്നിവരെയും സ്പിന്‍ നിരയില്‍ പ്രതീക്ഷിക്കാം.
അടുത്ത വര്‍ഷം ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി-20 ലോകകപ്പിനുള്ള വാമപ്പ് കൂടിയായിരിക്കും ഇത്തവണത്തെ ഏഷ്യാ കപ്പ്. ഇന്ത്യയും പാകിസ്ഥാനും ടൂര്‍ണമെന്റില്‍ ഒരേ ഗ്രൂപ്പില്‍ തന്നെയാണെന്നതും ആരാധകര്‍ക്ക് ആവേശം സൃഷ്ടിക്കുന്ന ഒന്നാണ്. ഗ്രൂപ്പ് ഘട്ടവും ഫൈനലുമടക്കം മൂന്ന് തവണ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരാനുള്ള സാധ്യതകളുമുണ്ട്.