| Friday, 5th September 2025, 9:45 pm

ഇനി കാത്തിരിപ്പ് ചരിത്രമെഴുതാന്‍ മാത്രം; നാല് ദിവസമകലെ സഞ്ജുവിനെ കാത്തിരിക്കുന്നത്...

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിന് കൊടിയേറാന്‍ ഇനി വെറും നാല് ദിവസത്തിന്റെ മാത്രം കാത്തിരിപ്പ്. 2023ല്‍ നേടിയ കിരീടം നിലനിര്‍ത്താനുറച്ച് കളത്തിലിറങ്ങുന്ന ഇന്ത്യയ്ക്ക് തന്നെയാണ് ഇത്തവണയും കിരീടസാധ്യത കല്‍പിക്കുന്നത്. സൂര്യകുമാര്‍ യാദവിന് കീഴില്‍ ഇന്ത്യ തങ്ങളുടെ ഒമ്പതാം കിരീടം സ്വന്തമാക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ഇന്ത്യ ഏഷ്യാ കപ്പിനൊരുങ്ങുമ്പോള്‍ ക്രിക്കറ്റ് സര്‍ക്കിളുകളിലെ ഹോട്ട് ടോപിക് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണാണ്. ശുഭ്മന്‍ ഗില്ലിന്റെ വരവോടെ താരത്തിന്റെ ഓപ്പണിങ് സ്ലോട്ട് അനിശ്ചിതത്വത്തിലായിരുന്നു. എന്നാല്‍ കേരള ക്രിക്കറ്റ് ലീഗില്‍ അഞ്ച് ഇന്നിങ്‌സില്‍ നിന്നും ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയുമായി മികച്ച ഫോം പുറത്തെടുത്തതോടെ താരം സെലക്ടര്‍മാര്‍ക്കും വലിയ തലവേദന സമ്മാനിച്ചിരിക്കുകയാണ്.

ഇതിനൊപ്പം ടൂര്‍ണമെന്റില്‍ സഞ്ജു നേടാനും തകര്‍ക്കാനുമൊരുങ്ങുന്ന റെക്കോഡുകളാണ് മറ്റൊരു ചര്‍ച്ചാ വിഷയം.

അന്താരാഷ്ട്ര ടി-20യില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന നേട്ടമാണ് ഇതില്‍ പ്രധാനം. ഇതിനായി മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് വേണ്ടതാകട്ടെ 139 റണ്‍സും. ടൂര്‍ണമെന്റില്‍ ഈ 139 റണ്‍സ് കണ്ടെത്താന്‍ സാധിച്ചാല്‍ അന്താരാഷ്ട്ര ടി-20യില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന 12ാം ഇന്ത്യന്‍ താരമെന്ന നേട്ടവും സഞ്ജുവിന് സ്വന്തമാക്കാം.

ഏഷ്യാ കപ്പില്‍ ഒരു വിക്കറ്റ് കീപ്പറുടെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ റെക്കോഡാണ് അടുത്തത്. ടി-20 ഫോര്‍മാറ്റില്‍ നടന്ന ഏഷ്യാ കപ്പുകളില്‍ ഏറ്റവുമധികം റണ്‍സ് നേടിയത് അഫ്ഗാനിസ്ഥാന്റെ റഹ്‌മാനുള്ള ഗുര്‍ബാസ് ആണ്. 84 റണ്‍സ്.

ഈ റെക്കോഡിനൊപ്പം തന്നെ ടി-20 ഫോര്‍മാറ്റില്‍ ഏഷ്യാ കപ്പ് സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന റെക്കോഡും സഞ്ജുവിന് കയ്യകലത്തുണ്ട്.

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരങ്ങളില്‍ തന്റെ നില മെച്ചപ്പെടുത്താനും സഞ്ജുവിന് സാധിക്കും. നിലവില്‍ മൂന്ന് അന്താരാഷ്ട്ര ടി-20 സെഞ്ച്വറിയുമായി ഈ പട്ടികയില്‍ മൂന്നാമതാണ് സഞ്ജു.

ഏറ്റവുമധികം അന്താരാഷ്ട്ര ടി-20 സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – ഇന്നിങ്സ് – സെഞ്ച്വറി എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – 151 – 5

സൂര്യകുമാര്‍ യാദവ് – 79 – 4

സഞ്ജു സാംസണ്‍ – 38 – 3

അഭിഷേക് ശര്‍മ – 16 – 2

തിലക് വര്‍മ – 24 – 2

കെ.എല്‍. രാഹുല്‍ – 68 – 2

വിക്കറ്റ് കീപ്പറായി ഏറ്റവുമധികം ഡിസ്മിസ്സലുകള്‍ നടത്തുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും സഞ്ജുവിന് മുമ്പിലുണ്ട്. അഞ്ച് മത്സരത്തില്‍ നിന്നും ഏഴ് ഡിസ്മിസ്സലുകള്‍ നടത്തിയ ധോണിയാണ് ഒന്നാമന്‍. 2016ലാണ് ധോണി ഈ നേട്ടത്തിലെത്തിയത്.

Content Highlight: Asia Cup 2025: Records that Sanju Samson can break in the Asia Cup

We use cookies to give you the best possible experience. Learn more