ഏഷ്യാ കപ്പിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. സൂര്യകുമാര്‍ യാദവിന്റെ കീഴില്‍ ഇറങ്ങുന്ന ഇന്ത്യ തന്നെയാണ് ഇത്തവണ ടൂര്‍ണമെന്റിലെ ഫേവറിറ്റുകള്‍. കഴിഞ്ഞ തവണ ഏകദിന ലോകകപ്പിന് മുമ്പ് 50 ഓവര്‍ ഫോര്‍മാറ്റില്‍ നേടിയ കിരീടം, ഇത്തവണ അടുത്ത വര്‍ഷത്തെ ടി-20 ലോകകപ്പിന് മുമ്പ് ടി-20 ഫോര്‍മാറ്റില്‍ നേടാനുറച്ചാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്.
സൂപ്പര്‍ താരം സഞ്ജു സാംസണ്‍ കളത്തിലിറങ്ങുമോ എന്ന കണക്കുകൂട്ടലിലാണ് ആരാധകര്‍. വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലെത്തിയതോടെ സഞ്ജുവിന്റെ ബാറ്റിങ് പൊസിഷനെ കുറിച്ചാണ് ചര്‍ച്ചകളുയരുന്നത്.
സഞ്ജു അഭിഷേകിനൊപ്പം ഓപ്പണറായി കളത്തിലിറങ്ങുമോ, അഥവാ ഗില്‍ ആണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നതെങ്കില്‍ വണ്‍ ഡൗണ്‍ ആയി ഇറങ്ങാനാകുമോ അതോ തന്റെ നാച്ചുറല്‍ പൊസിഷനായ ടോപ് ഓര്‍ഡറില്‍ നിന്നും അത്രകണ്ട് ശോഭിക്കാത്ത മിഡില്‍ ഓര്‍ഡറിലേക്ക് സഞ്ജുവിന് മാറേണ്ടി വരുമോ എന്നെല്ലാമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
എന്നാല്‍ ഈ ആശങ്കകള്‍ക്കൊപ്പം ടൂര്‍ണമെന്റില്‍ സഞ്ജു നേടാനൊരുങ്ങുന്ന റെക്കോഡുകളും ചര്‍ച്ചാ വിഷയമാണ്.
അന്താരാഷ്ട്ര ടി-20യില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന റെക്കോഡാണ് ഇതില്‍ ആദ്യം. ഇതിനായി വേണ്ടതാകട്ടെ 139 റണ്‍സും. ഏഷ്യാ കപ്പില്‍ ഈ 139 റണ്‍സ് കണ്ടെത്താന്‍ സാധിച്ചാല്‍ അന്താരാഷ്ട്ര ടി-20യില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന 12ാം ഇന്ത്യന്‍ താരമെന്ന നേട്ടവും സഞ്ജുവിന് സ്വന്തമാക്കാം.
ഏഷ്യാ കപ്പില്‍ ഒരു വിക്കറ്റ് കീപ്പറുടെ ഏറ്റവുമുയര്‍ന്ന റണ്‍സിന്റെ റെക്കോഡാണ് അടുത്തത്. ടി-20 ഫോര്‍മാറ്റില്‍ നടന്ന ഏഷ്യാ കപ്പുകളില്‍ ഏറ്റവുമധികം റണ്‍സ് നേടിയത് അഫ്ഗാനിസ്ഥാന്റെ റഹ്‌മാനുള്ള ഗുര്‍ബാസ് ആണ്. 84 റണ്‍സ്. ഈ റെക്കോഡിനൊപ്പം തന്നെ ടി-20 ഫോര്‍മാറ്റില്‍ ഏഷ്യാ കപ്പ് സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന റെക്കോഡും സഞ്ജുവിന് നേടാന്‍ സാധിക്കും.
അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരങ്ങളില്‍ തന്റെ നില മെച്ചപ്പെടുത്താനും സഞ്ജുവിന് സാധിക്കും. നിലവില്‍ മൂന്ന് അന്താരാഷ്ട്ര ടി-20 സെഞ്ച്വറിയുമായി മൂന്നാമതാണ് സഞ്ജു.
(താരം – ഇന്നിങ്‌സ് – സെഞ്ച്വറി എന്നീ ക്രമത്തില്‍)
രോഹിത് ശര്‍മ – 151 – 5
സൂര്യകുമാര്‍ യാദവ് – 79 – 4
സഞ്ജു സാംസണ്‍ – 38 – 3
അഭിഷേക് ശര്‍മ – 16 – 2
തിലക് വര്‍മ – 24 – 2
കെ.എല്‍. രാഹുല്‍ – 68 – 2
വിക്കറ്റ് കീപ്പറായി ഏറ്റവുമധികം ഡിസ്മിസ്സലുകള്‍ നടത്തുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും സഞ്ജുവിന് മുമ്പിലുണ്ട്. അഞ്ച് മത്സരത്തില്‍ നിന്നും ഏഴ് ഡിസ്മിസ്സലുകള്‍ നടത്തിയ ധോണിയാണ് ഒന്നാമന്‍. 2016ലാണ് ധോണി ഈ നേട്ടത്തിലെത്തിയത്.
Content Highlight: Asia Cup 2025: Records that Sanju Samson can break