സഞ്ജു ചിലപ്പോള്‍ കളിച്ചേക്കില്ല; കാരണം വ്യക്തമാക്കി അശ്വിന്‍
Cricket
സഞ്ജു ചിലപ്പോള്‍ കളിച്ചേക്കില്ല; കാരണം വ്യക്തമാക്കി അശ്വിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 21st August 2025, 4:14 pm

സെപ്റ്റംബര്‍ ഒമ്പതിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. ടൂര്‍ണമെന്റിനായുള്ള വമ്പന്‍ തയ്യാറെടുപ്പിലാണ് ഇന്ത്യ. ഇതോടെ കഴിഞ്ഞദിവസം (ചൊവ്വ) നടന്ന പത്രസമ്മേളനത്തില്‍ 15 അംഗങ്ങളുടെ ഇന്ത്യന്‍ സ്‌ക്വാഡും പ്രഖ്യാപിച്ചിരുന്നു.

സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റന്‍ ആയും ശുഭ്മന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായുമാണ് നിയമിച്ചാണ് ഇന്ത്യ സ്‌ക്വാഡ് പുറത്ത് വിട്ടത്. പ്രതീക്ഷിച്ചപോലെ മലയാളി താരം സഞ്ജു സാംസന്‍ സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. എന്നിരുന്നാലും താരത്തിന് പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിക്കുമോ എന്നാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ച.

ഇപ്പോള്‍ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ അശ്വിന്‍. ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡ് പുറത്തുവിട്ടതോടെ തുലാസില്‍ ആകുന്നത് സഞ്ജുവിന്റെ സ്ഥാനമാണ് എന്നാണ് അശ്വിന്‍ ചൂണ്ടിക്കാണിച്ചത്. മാത്രമല്ല സഞ്ജു ചിലപ്പോള്‍ കളിച്ചേക്കില്ല എന്നും അദ്ദേഹം പറഞ്ഞു. വൈസ് ക്യാപ്റ്റനായി ഗില്ലിന്റെ വരവാണ് ഇതിന് കാരണം എന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല എല്ലാ ഫോര്‍മാറ്റിലും ഗില്‍ ഇന്ത്യയുടെ ക്യാപ്റ്റനായേക്കുമെന്നും അശ്വിന്‍ സൂചിപ്പിച്ചു.

‘ഭാവിയിലെ നായകനായി ശുഭ്മന്‍ ഗില്ലിനെയാണ് അവര്‍ ചിന്തിക്കുന്നത്. ഒരുപക്ഷേ അദ്ദേഹത്തിന് എല്ലാ ഫോര്‍മാറ്റിലുമുള്ള ക്യാപ്റ്റനാകാന്‍ കഴിഞ്ഞേക്കും. എന്നാല്‍ എല്ലാ ഫോര്‍മാറ്റുകളിലും ഒരേ ക്യാപ്റ്റന്‍ ഉണ്ടായിരിക്കേണ്ട ആവശ്യമില്ലെന്നാണ് എനിക്ക് തോന്നുന്നത്.

ഗില്ലിനെ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചതാണ് ഏറ്റവും ദുഃഖകരമായ കാര്യം, അതിനാല്‍ സഞ്ജു സാംസണിന്റെ സ്ഥാനവും ഭീഷണിയില്‍ തുടരും. സഞ്ജുവിന് ചിലപ്പോള്‍ കളിക്കാന്‍ തന്നെ സാധിച്ചേക്കില്ല. ആ സ്ഥനത്തേക്ക് ശുഭ്മന്‍ ഗില്‍ കളിച്ചേക്കും, അദ്ദേഹം അഭിഷേകിനോടൊപ്പം ബാറ്റിങ് ഓപ്പണ്‍ ചെയ്യാന്‍ സാധ്യതയുണ്ട്,’ ആര്‍. അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

2025 ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യ കുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍, ഹര്‍ഷിത് റാണ, റിങ്കു സിങ്‌

Content Highlight: Asia Cup 2025: R. Ashwin Talking About Sanju Samson