2025 ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍ ആരെന്ന് ഇന്നറിയാം. സൂപ്പര്‍ ഫോറില്‍ പാകിസ്ഥാന്‍ ബംഗ്ലാദേശിനെ നേരിടും. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരം വിജയിച്ചാണ് ഇരുവരും രണ്ടാം മത്സരത്തിനിറങ്ങുന്നത്. ഇരുവര്‍ക്കും ശക്തിയും ദൗര്‍ബല്യവും ഒരുപോലെയുണ്ടെന്നാല്‍ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനാകും ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയം വേദിയാകുന്നത്.
സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനും ബംഗ്ലാദേശും ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ വിജയം സ്വന്തമാക്കി. ഇന്ത്യയോട് തോറ്റു. ഇതോടെയാണ് ഫൈനലോളം ആവേശം നിറഞ്ഞ പാകിസ്ഥാന്‍ – ബംഗ്ലാദേശ് പോരാട്ടത്തിന് കളമൊരുങ്ങിയത്.
സൂപ്പര്‍ ഫോറിലെ ആദ്യ രണ്ട് മത്സരവും വിജയിച്ച് ഇന്ത്യ ഇതിനോടകം ഫൈനലിന് ടിക്കറ്റെടുത്തിട്ടുണ്ട്.
ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുവരും ഓരോ മത്സരം പരാജയപ്പെട്ടിരുന്നു. പാകിസ്ഥാന്‍ ഇന്ത്യയോടും ബംഗ്ലാദേശ് ശ്രീലങ്കയോടുമായിരുന്നു ഗ്രൂപ്പ് ഘട്ടത്തില്‍ പരാജയപ്പെട്ടത്. എന്നാല്‍ ഇതേ ശ്രീലങ്കയെ സൂപ്പര്‍ ഫോറില്‍ പരാജയപ്പെടുത്തിയാണ് ബംഗ്ലാ കടുവകള്‍ കരുത്ത് കാട്ടിയത്.
ടി-20യില്‍ ഇരുവരുടെയും ചരിത്രം പരിശോധിക്കുമ്പോള്‍ കാര്യങ്ങള്‍ ബംഗ്ലാദേശിന് അനുകൂലമല്ല. ഇരുവരുമേറ്റുമുട്ടിയ 80 ശതമാനം മത്സരത്തിലും വിജയം പാകിസ്ഥാനൊപ്പമായിരുന്നു.
ആകെ മത്സരം – 25
പാകിസ്ഥാന്‍ വിജയിച്ച മത്സരങ്ങള്‍ – 20
ബംഗ്ലാദേശ് വിജയിച്ച മത്സരങ്ങള്‍ – 5
നോ റിസള്‍ട്ട് – 0
ഏറ്റവുമുയര്‍ന്ന വിജയം (റണ്‍സിന്റെ അടിസ്ഥാനത്തില്‍) – പാകിസ്ഥാന്‍ – 102 റണ്‍സിന്, 2008 ഏപ്രില്‍ 20
ഏറ്റവുമുയര്‍ന്ന വിജയം (വിക്കറ്റിന്റെ അടിസ്ഥാനത്തില്‍) – പാകിസ്ഥാന്‍, എട്ട് വിക്കറ്റിന് (രണ്ട് തവണ)
ഏറ്റവുമധികം റണ്‍സ് – ഷാകിബ് അല്‍ ഹസന്‍ (ബംഗ്ലാദേശ്) – പത്ത് മത്സരത്തില്‍ നിന്നും 360 റണ്‍സ്
ഏറ്റവുമധികം വിക്കറ്റ് – ഷദാബ് ഖാന്‍ (പാകിസ്ഥാന്‍) – പത്ത് മത്സരത്തില്‍ നിന്നും 12 വിക്കറ്റ്
ചരിത്രം പാകിസ്ഥാന് അനുകൂലമാണെങ്കിലും ഇതെല്ലാം മറികടക്കാനുള്ള കരുത്ത് ബംഗ്ലാദേശിനുണ്ട്. ടീമിന്റെ സമീപകാല പ്രകടനം ഇത് വ്യക്തമാക്കുന്നതാണ്.
ഈ വര്‍ഷം ജൂലെയില്‍ നടന്ന പാകിസ്ഥാന്റെ ബംഗ്ലാദേശ് പര്യടനത്തില്‍ ആതിഥേയര്‍ പരമ്പര സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1നാണ് കടുവകള്‍ വിജയിച്ചത്. ആദ്യ രണ്ട് മത്സരം ജയിച്ചുകൊണ്ടായിരുന്നു ടീമിന്റെ പരമ്പര വിജയം.
പാകിസ്ഥാന്‍ സ്‌ക്വാഡ്
സല്‍മാന്‍ അലി ആഘ (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, ഫഹീം അഷ്റഫ്, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഹസന്‍ നവാസ്, ഹുസൈന്‍ തലാത്ത്, ഖുഷ്ദില്‍ ഷാ, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയര്‍, സഹിബ്സാദ ഫര്‍ഹാന്‍, സയിം അയ്യൂബ്, സല്‍മാന്‍ മിര്‍സ, ഷഹീന്‍ ഷാ അഫ്രീദി, സൂഫിയാന്‍ മഖീം.
ബംഗ്ലാദേശ് സ്‌ക്വാഡ്
പര്‍വേസ് ഹൊസൈന്‍ എമോണ്‍, ഷമീം ഹൊസൈന്‍, തന്‍സിദ് ഹസന്‍, തൗഹിദ് ഹൃദോയ്, മഹെദി ഹസന്‍, മുഹമ്മദ് സൈഫുദ്ദീന്‍, സൈഫ് ഹസന്‍, ജാക്കിര്‍ അലി (വിക്കറ്റ് കീപ്പര്‍), ലിട്ടണ്‍ ദാസ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), നൂറുല്‍ ഹസന്‍ (വിക്കറ്റ് കീപ്പര്‍), മുസ്തഫിസുര്‍ റഹ്‌മാന്‍, നാസും അഹമ്മദ്, റിഷാദ് ഹൊസൈന്‍, ഷോരിഫുള്‍ ഇസ്‌ലാം, തന്‍സിദ് ഹസന്‍ സാഖിബ്, താസ്‌കിന്‍ അഹമ്മദ്.
Content Highlight: Asia Cup 2025: Pakistan will face Bangladesh in Super 4