ഏഷ്യാ കപ്പില്‍ ഒമാനെതിരെ 173 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി യു.എ.ഇ. അബുദാബിയില്‍ നടക്കുന്ന ഗ്രൂപ്പ് എ മത്സരത്തില്‍ ഇരുവരും ആദ്യ ജയം തേടിയാണ് കളത്തിലിറങ്ങിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇ ക്യാപ്റ്റന്‍ മുഹമ്മദ് വസീമിന്റെയും അലിഷന്‍ ഷറഫുവിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്.
ഒമാനെ സംബന്ധിച്ച് ഈ മത്സരം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. തങ്ങളുടെ അന്താരാഷ്ട്ര ടി-20 ചരിത്രത്തിലെ നൂറാം മത്സരത്തിനാണ് ഒമാന്‍ കളത്തിലിറങ്ങിയിരിക്കുന്നത്.
ഇതുവരെ നടന്ന 99 മത്സരത്തില്‍ 44 മത്സരത്തിലാണ് ടീമിന് വിജയിക്കാന്‍ സാധിച്ചത്. 52 മത്സരത്തില്‍ പരാജയപ്പെട്ടു. രണ്ട് മത്സരം ടൈയില്‍ പിരിഞ്ഞപ്പോള്‍ ഒരു കളി ഫലമില്ലാതെയും അവസാനിച്ചു. ചരിത്രത്തിലെ നൂറാം ടി-20 മത്സരം വിജയത്തോടെ അവസാനിപ്പിക്കാന്‍ തന്നെയാകും ഒമാന്‍ ഒരുങ്ങുന്നത്.
ഈ വര്‍ഷം കളിച്ച നാലില്‍ നാല് മത്സരത്തിലും, ഒടുവില്‍ കളിച്ച അഞ്ച് മത്സരത്തിലും ഒമാന്‍ പരാജയമേറ്റുവാങ്ങിയിരുന്നു. ഈ തോല്‍വിയുടെ തുടര്‍ച്ച അവസാനിപ്പിക്കാന്‍ തന്നെയാകും ടീം ഒരുങ്ങുന്നത്.
അതേസമയം, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ ക്യാപ്റ്റന്‍ മുഹമ്മദ് വസീമും അലിഷന്‍ ഷറഫുവും ചേര്‍ന്ന് 81 റണ്‍സാണ് ആദ്യ വിക്കറ്റില്‍ ചേര്‍ത്തുവെച്ചത്.
38 പന്തില്‍ 51 റണ്‍സ് നേടിയ ഷറഫുവിനെ മടക്കി ജിതന്‍കുമാര്‍ രമാനന്ദിയാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെയെത്തിയ ആസിഫ് ഖാന്‍ രണ്ട് റണ്‍സിന് പുറത്തായി.
നാലാം നമ്പറിലെത്തിയ സോഹിബ് ഖാനെ ഒപ്പം കൂട്ടി ക്യാപ്റ്റന്‍ മുഹമ്മദ് വസീം സ്‌കോര്‍ ഉയര്‍ത്തി. നാലാം വിക്കറ്റില്‍ 49 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. സോഹിബ് ഖാന്‍ 13 പന്തില്‍ 21 റണ്‍സ് നേടി പുറത്തായി.
അവസാന ഓവറിലെ മൂന്നാം പന്തില്‍, ടീം സ്‌കോര്‍ 171ല്‍ നില്‍ക്കവെ വസീം മടങ്ങി. 54 പന്തില്‍ 69 റണ്‍സാണ് താരം നേടിയത്. ഒടുവില്‍ ടീം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.
യു.എ.ഇക്കായി ജിതന്‍കുമാര്‍ രമാനന്ദി രണ്ട് വിക്കറ്റ് വീഴ്ത്തി. ഹസ്‌നെയ്ന്‍ ഷായും സമയ് ശ്രീവാസ്തവയും ഓരോ വിക്കറ്റ് വീതവും നേടി.
യു.എ.ഇ പ്ലെയിങ് ഇലവന്‍
അലിഷന്‍ ഷറഫു, മുഹമ്മദ് വസീം (ക്യാപ്റ്റന്‍), സോഹിബ് ഖാന്‍, രാഹുല്‍ ചോപ്ര (വിക്കറ്റ് കീപ്പര്‍), ആസിഫ് ഖാന്‍, ഹര്‍ഷിത് കൗശിക്, ധ്രുവ് പരാശര്‍, ഹൈദര്‍ അലി, ജുനൈദ് സിദ്ദിഖ്, മുഹമ്മദ് റോഹിദ്, മുഹമ്മദ് ജവാദുള്ള.
ഒമാന്‍ പ്ലെയിങ് ഇലവന്‍
ആമിര്‍ കലീം, ജതീന്ദര്‍ സിങ് (ക്യാപ്റ്റന്‍), ഹമദ് മിർസ, വിനായക് ശുക്ല (വിക്കറ്റ് കീപ്പര്‍), വസീം അലി, ഹസ്നെയ്ന്‍ ഷാ, ജിതന്‍കുമാര്‍ രമാനന്ദി, ആര്യന്‍ ബിഷ്ത്, ഫൈസല്‍ ഷാ, ഷക്കീല്‍ അഹമ്മദ്, സമയ് ശ്രീവാസ്തവ.
Content Highlight: Asia Cup 2025: OMAN vs UAE: Oman plays their 100th T20I match