| Monday, 15th September 2025, 10:07 pm

സഞ്ജുവിന് മുമ്പേ ഏഷ്യാ കപ്പില്‍ ഫിഫ്റ്റിയടിച്ച മലയാളി; വിജയത്തിളക്കത്തില്‍ ഷറഫു

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഏഷ്യാ കപ്പിലെ ഗ്രൂപ്പ് എ മത്സരത്തില്‍ ഒമാനെ പരാജയപ്പെടുത്തി യു.എ.ഇ ടൂര്‍ണമെന്റിലെ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. അബുദാബിയില്‍ നടന്ന മത്സരത്തില്‍ 42 റണ്‍സിന്റെ വിജയമാണ് യു.എ.ഇ സ്വന്തമാക്കിയത്.

യു.എ.ഇ ഉയര്‍ത്തിയ 173 റണ്‍സിന്റെ വിജലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഒമാന്‍ 130ന് പുറത്താവുകയായിരുന്നു. ഈ വിജയത്തോടെ സൂപ്പര്‍ ഫോര്‍ പ്രതീക്ഷ കെടാതെ കാക്കാനും ക്യാപ്റ്റന്‍ മുഹമ്മദ് വസീമിനും സംഘത്തിനുമായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇ വസീമിന്റെയും സഹ ഓപ്പണര്‍ അലിഷന്‍ ഷറഫുവിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. വസീം 54 പന്തില്‍ 69 റണ്‍സടിച്ചപ്പോള്‍ 38 പന്തില്‍ 51 റണ്‍സാണ് അലിഷന്‍ ഷറഫു സ്വന്തമാക്കിയത്.

ഷറഫുവിന്റെ ഈ നേട്ടം മലയാളി ആരാധകര്‍ക്കും സന്തോഷമുണ്ടാക്കുന്നതാണ്. കാരണം അലിസന്‍ ഷറഫു മലയാളിയാണ് എന്നതുതന്നെ.

2003 ജനവരി പത്തിന് തിരുവനന്തപുരത്താണ് അലിഷന്‍ ഷറഫു ജനിച്ചത്. പത്ത് വയസുവരെ താരം കേരളത്തില്‍ തന്നെയാണ് ജീവിച്ചതും. ശേഷം ഷറഫുവിന്റെ കുടുംബം യു.എ.ഇയില്‍ സെറ്റില്‍ ചെയ്യുകയായിരുന്നു.

യു.എ.ഇക്കായി അണ്ടര്‍ 16, അണ്ടര്‍ 19 മത്സരങ്ങള്‍ കളിച്ച താരം 2020ല്‍, തന്റെ 17ാം വയസില്‍ അന്താരാഷ്ട്ര അരങ്ങേറ്റവും കുറിച്ചു. അവിടുന്നിങ്ങോട്ട് യു.എ.ഇയുടെ നെടുംതൂണുകളില്‍ പ്രധാനിയാണ് ഷറഫു.

അതേസമയം, മത്സരത്തില്‍ ഷറഫുവിനും ക്യാപ്റ്റനും പുറമെ 13 പന്തില്‍ 21 റണ്‍സടിച്ച സോഹിബ് ഖാനും യു.എ.ഇ സ്‌കോറിങ്ങില്‍ തന്റേതായ സംഭാവനകള്‍ നല്‍കിയിരുന്നു.

യു.എ.ഇ ഉയര്‍ത്തിയ 173 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഒമാന് തുടക്കത്തിലേ പിഴച്ചു. ചീട്ടുകൊട്ടാരം പോലെ ടീമിന്റെ ടോപ്പ് ഓര്‍ഡര്‍ തകര്‍ന്നടിഞ്ഞു. ആമിര്‍ കലീം (രണ്ട് പന്തില്‍ രണ്ട്), സൂപ്പര്‍ താരം ബാബര്‍ ഹയാത്ത് (പത്ത് പന്തില്‍ നാല്), വസീം അലി (രണ്ട് പന്തില്‍ ഒന്ന്), ഫൈസല്‍ ഷാ (12 പന്തില്‍ ഒമ്പത്) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി.

പത്ത് പന്തില്‍ 20 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ജതീന്ദര്‍ സിങ്ങിന് മാത്രമാണ് ആദ്യ അഞ്ചില്‍ ചെറുത്തുനില്‍ക്കാനെങ്കിലും സാധിച്ചത്.

32 പന്തില്‍ 24 റണ്‍സുമായി ആര്യന്‍ ബിഷ്തും 17 പന്തില്‍ 20 റണ്‍സുമായി വിനായക് ശുക്ലയും പൊരുതിയെങ്കിലും വിജയം ഏറെ അകലെയായിരുന്നു.

ഒടുവില്‍ 18.4 ഓവറില്‍ ഒമാന്‍ 130ന് പുറത്തായി.

യു.എ.ഇക്കായി ജുനൈദ് സിദ്ദിഖ് നാല് വിക്കറ്റ് വീഴ്ത്തി. ഹൈദര്‍ അലിയും മുഹമ്മദ് ജവാദുള്ളയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ മുഹമ്മദ് റോഹിദ് ഒരു ഒമാന്‍ താരത്തെയും മടക്കി.

Content Highlight: Asia Cup 2025: Oman vs UAE: Alishan Sharfu scored half century

We use cookies to give you the best possible experience. Learn more