ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യ തങ്ങളുടെ രണ്ടാം മത്സരത്തിനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യ. ബംഗ്ലാദേശാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ മികച്ച വിജയം സ്വന്തമാക്കിയ ഇന്ത്യ, ബംഗ്ലാദേശിനെതിരെയും മികച്ച വിജയം സ്വന്തമാക്കി ഫൈനലിലേക്ക് ഒരു അടി കൂടി വെക്കാനാണ് ഒരുങ്ങുന്നത്.
സൂപ്പര്‍ ഫോറിലെ ആദ്യ മത്സരം വിജയിച്ച ബംഗ്ലാദേശും ഇതേ ലക്ഷ്യത്തോടെയാണ് കളത്തിലിറങ്ങുന്നത്.
ടി-20 ഫോര്‍മാറ്റില്‍ ബംഗ്ലാദേശിനെതിരെ സമഗ്രാധിപത്യമാണ് ഇന്ത്യ ഇക്കാലമത്രയും പുറത്തെടുത്തിട്ടുള്ളത്. 2009 ജൂണില്‍ ആദ്യ മത്സരം കളിച്ചതുമുതല്‍ ഇതുവരെ നേര്‍ക്കുനേര്‍ കളത്തില്‍ വന്നത് 17 തവണ, ഇതില്‍ വിജയിച്ചത് 16 മത്സരങ്ങളില്‍. തോല്‍വി വഴങ്ങിയത് ഒരിക്കല്‍ മാത്രം. ഒടുവില്‍ കളിച്ച എട്ട് മത്സരത്തിലും വിജയം. ബംഗ്ലാ കടുവകള്‍ക്കെതിരെ കളത്തിലിറങ്ങുമ്പോള്‍ കണക്കിലും കടലാസിലും കരുത്തര്‍ ഇന്ത്യ തന്നെ.
ഇന്ത്യ vs ബംഗ്ലാദേശ് – ടി-20
ആകെ മത്സരം – 17
ഇന്ത്യ വിജയിച്ചത് – 16 മത്സരം
ബംഗ്ലാദേശ് വിജയിച്ചത് – ഒരു മത്സരം
ഏറ്റവും വലിയ വിജയം (റണ്‍സിന്റെ അടിസ്ഥാനത്തില്‍) – ഇന്ത്യ, 2024 ഒക്ടോബര്‍ 12 – 133 റണ്‍സിന്
ഏറ്റവും വലിയ വിജയം (വിക്കറ്റിന്റെ അടിസ്ഥാനത്തില്‍) – ഇന്ത്യ, 2023 ഒക്ടോബര്‍ 6 – ഒമ്പത് വിക്കറ്റ്
ആദ്യ മത്സരം – 2009 ജൂണ്‍ ആറ്, 25 റണ്‍സിന് ഇന്ത്യ വിജയിച്ചു
അവസാന മത്സരം – 2024 ഒക്ടോബര്‍ 12, 133 റണ്‍സിന് ഇന്ത്യ വിജയിച്ചു
ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലാണ് ഇരുവരും ഒടുവില്‍ ഏറ്റുമുട്ടിയത്. മൂന്ന് മത്സരങ്ങളുടെ മത്സരത്തില്‍ മൂന്നിലും വിജയിച്ചുകൊണ്ട് ഇന്ത്യ പരമ്പര സ്വന്തമാക്കി.
ഹൈദരാബാദ്, ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലായിരുന്നു പരമ്പരയിലെ അവസാന മത്സരം. വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സ് നേടി.
സഞ്ജു സാംസണ്‍ 47 പന്തില്‍ 111 റണ്‍സ് നേടി. എട്ട് സിക്‌സറും 11 ഫോറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. 35 പന്തില്‍ 75 റണ്‍സടിച്ച ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും 18 പന്തില്‍ 47 റണ്‍സ് സ്വന്തമാക്കിയ ഹര്‍ദിക് പാണ്ഡ്യയുടെയും ഇന്നിങ്‌സ് ഇന്ത്യന്‍ ടോട്ടലില്‍ നിര്‍ണായകമായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.
ഈ കൂറ്റന്‍ വിജയത്തിന് ശേഷം ആദ്യമായി ഇന്ത്യ ബംഗ്ലാദേശിനെ നേരിടുകയാണ്. തങ്ങളുടെ ഭാഗ്യ ഗ്രൗണ്ടുകളിലൊന്നായ ദുബായില്‍ ബംഗ്ലാദേശിനെ നേരിടുമ്പോള്‍ വിജയം മാത്രമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
Content Highlight: Asia Cup 2025: India will face Bangladesh in Super 4