| Wednesday, 10th September 2025, 9:46 am

നാല് ടീമിനെതിരെ 100% വിജയം, ശ്രീലങ്കയോട് 11 തോല്‍വി; ആദ്യ മത്സരത്തിന് ഇന്ത്യയിറങ്ങുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഏഷ്യാ കപ്പില്‍ ഇന്ത്യ ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ യു.എ.ഇ ആണ് സൂര്യകുമാര്‍ യാദവിന്റെയും സംഘത്തിന്റെയും എതിരാളികള്‍. ഏഷ്യാ കപ്പ് ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യ യു.എ.ഇയെ നേരിടാനൊരുങ്ങുന്നത്.

വിരാട് – രോഹിത് യുഗത്തിന് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ മേജര്‍ ടൂര്‍ണമെന്റാണ് 2025 ഏഷ്യാ കപ്പ്. സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സി കരിയറിലെ ആദ്യ പ്രധാന കടമ്പയും ഇത് തന്നെയാണ്.

നിലവിലെ സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ കടലാസിലും കളത്തിലും ഒരുപോലെ കരുത്തരായ ഇന്ത്യയ്ക്ക് തന്നെയാണ് കിരീട സാധ്യത കല്‍പ്പിക്കുന്നത്. എങ്കിലും അട്ടിമറികള്‍ക്ക് പോന്ന ടീമുകള്‍ ടൂര്‍ണമെന്റിലുണ്ട് എന്ന വസ്തുതയും മറക്കാന്‍ പാടില്ല.

ഇതിന് മുമ്പ് 2016ലാണ് ഏഷ്യാ കപ്പില്‍ ഇന്ത്യ യു.എ.ഇയെ നേരിട്ടത്. ബംഗ്ലാദേശില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന് ഇന്ത്യ വിജയിച്ചുകയറി. യു.എ.ഇ ഉയര്‍ത്തിയ 82 റണ്‍സിന്റെ വിജയലക്ഷ്യം 59 പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.

ഇത്തരത്തില്‍ യു.എ.ഇ അടക്കം നാല് ടീമുകള്‍ക്കെതിരെ മെന്‍ ഇന്‍ ബ്ലൂവിന് നൂറ് ശതമാനം വിജയമുണ്ട്. ഇന്ന് ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ ഏഷ്യാ കപ്പ് ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിക്കാം.

യു.എ.ഇക്ക് പുറമെ അഫ്ഗാനിസ്ഥാന്‍, ഹോങ് കോങ്, നേപ്പാള്‍ എന്നിവര്‍ക്കെതിരെയാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് നൂറ് ശതമാനം വിജയമുള്ളത്.

ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തിയത് ശ്രീലങ്കയാണ്. ഫൈനല്‍ അടക്കം 11 തവണ ലങ്കന്‍ ലയണ്‍സ് ഏഷ്യന്‍ ക്രിക്കറ്റ് മാമാങ്കത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയിട്ടുണ്ട്.

ഏഷ്യാ കപ്പില്‍ ഓരോ ടീമിനെതിരെയും ഇന്ത്യയുടെ പ്രകടനം

(ടീം – ആകെ മത്സരം – ജയം – തോല്‍വി – ടൈ – വിജയശതമാനം എന്നീ ക്രമത്തില്‍)

ശ്രീലങ്ക – 23 – 12 – 11 – 0 – 52.17%

പാകിസ്ഥാന്‍ – 18 – 10 – 6 – 0 – 62.50%

ബംഗ്ലാദേശ് – 15 – 13 – 2 – 0 – 86.67%

അഫ്ഗാനിസ്ഥാന്‍ – 3 – 2 – 0 – 1 – 100%

ഹോങ് കോങ് – 3 – 3 – 0 – 0 – 100%

യു.എ.ഇ – 2 – 2 – 0 – 0 – 100%

നേപ്പാള്‍ – 1 – 1 – 0 – 0 – 100%

ഒറ്റനോട്ടത്തില്‍,

ഏറ്റവുമധികം മത്സരം – vs ശ്രീലങ്ക (23)

ഏറ്റവുമധികം ജയം – vs ബംഗ്ലദേശ് (13)

ഏറ്റവുമധികം തോല്‍വി – vs ശ്രീലങ്ക (12)

ടൈ – ഒരു മത്സരത്തില്‍, vs അഫ്ഗാനിസ്ഥാന്‍

ഏറ്റവുമുയര്‍ന്ന വിജയശതമാനം – നാല് ടീമുകള്‍ക്കെതിരെ – അഫ്ഗാനിസ്ഥാന്‍, ഹോങ് കോങ്, നേപ്പാള്‍, യു.എ.ഇ (നൂറ് ശതമാനം വിജയം)

ഏറ്റവും ചെറിയ വിജയശതമാനം – vs ശ്രീലങ്ക (52.17%)

ഏഷ്യാ കപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം വിജയം നേടിയ ടീമും ഇന്ത്യ തന്നെയാണ്. 15 തവണ കളത്തിലിറങ്ങിയപ്പോള്‍ എട്ട് തവണ ടീം കപ്പുയര്‍ത്തി. 16 എഡിഷനില്‍ നിന്നും ആറ് കിരീടം നേടിയ ശ്രീലങ്കയാണ് രണ്ടാമത്.

2023ല്‍ നേടിയ കിരീടം ഇത്തവണയും നിലനിര്‍ത്താനുറച്ചാണ് സൂര്യയും സംഘവും കളത്തിലിറങ്ങുന്നത്.

Content Highlight: Asia Cup 2025: India’s overall Asia Cup record against every opponent

We use cookies to give you the best possible experience. Learn more