| Tuesday, 23rd September 2025, 8:31 am

പിന്തുടര്‍ന്ന് എല്ലാ കളിയും വിജയിച്ചു, പാകിസ്ഥാനെതിരെയുള്ളത് നൂറ് ശതമാനം വിജയം

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ മികച്ച വിജയം സ്വന്തമാക്കി ഇന്ത്യ ടൂര്‍ണമെന്റില്‍ തങ്ങളുടെ മേല്‍ക്കോയ്മ തുടരുകയാണ്. 2025 ഏഷ്യാ കപ്പില്‍ ഇതുവരെ പരാജയമറിയാതെയാണ് ഇന്ത്യയുടെ കുതിപ്പ്. ദുബായില്‍ പാകിസ്ഥാനെതിരെ സൂപ്പര്‍ ഫോറില്‍ നടന്ന ആദ്യ മത്സരത്തില്‍ ആറ് വിക്കറ്റിന്റെ മികച്ച വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

പാകിസ്ഥാന്‍ ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി, ഏഴ് പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. സാഹിബ്‌സാദ ഫര്‍ഹാന്റെ അര്‍ധ സെഞ്ച്വറിക്ക് അഭിഷേക് ശര്‍മയുടെ വെടിക്കെട്ടിലൂടെയാണ് ഇന്ത്യ മറുപടി നല്‍കിയത്.

സൂപ്പര്‍ ഫോറിലും പാകിസ്ഥാനെതിരെ വിജയം സ്വന്തമാക്കിയതോടെ ടി-20യില്‍ ഒരിക്കല്‍പ്പോലും ചെയ്‌സിങ്ങില്‍ പാകിസ്ഥാനോട് പരാജയപ്പെടേണ്ടി വന്നിട്ടില്ല എന്ന തങ്ങളുടെ സ്ട്രീക് തുടരാനും ഇന്ത്യയ്ക്ക് സാധിച്ചു.

എട്ട് തവണയാണ് ടി-20യില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ വിജയലക്ഷ്യം ഇന്ത്യയ്ക്ക് പിന്തുടരേണ്ടി വന്നത്. ഇതില്‍ എട്ടിലും വിജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. അതായത് നൂറ് ശതമാനം വിജയം.

ചെയ്‌സ് മാസ്റ്റര്‍ വിരാട് കോഹ്‌ലി തന്നെയായിരുന്നു ഇന്ത്യയുടെ ഈ സ്ട്രീക്കിന് കാരണവും. വിരാട് ടി-20യില്‍ നിന്നും പടിയിറങ്ങുന്നത് വരെ കുട്ടി ക്രിക്കറ്റിലെ ചെയ്‌സിങ്ങില്‍ വിരാട് തന്നെയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

പാകിസ്ഥാന്‍ ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടര്‍ന്ന മത്സരങ്ങള്‍

(വര്‍ഷം – വേദി – ടോപ് സ്‌കോറര്‍ എന്നീ ക്രമത്തില്‍)

2012 – കൊളംബോ – വിരാട് കോഹ്‌ലി, 78*

2014 – മിര്‍പൂര്‍ – വിരാട് കോഹ്‌ലി, 36*

2016 – മിര്‍പൂര്‍ – വിരാട് കോഹ്‌ലി, 49

2016 – ഈഡന്‍ ഗാര്‍ഡന്‍സ് – വിരാട് കോഹ്‌ലി, 55*

2022 – ദുബായ് – വിരാട് കോഹ്‌ലി/ രവീന്ദ്ര ജഡജേ, 35

2022 – മെല്‍ബണ്‍ – വിരാട് കോഹ്‌ലി, 82*

2025 – ദുബായ് – സൂര്യകുമാര്‍ യാദവ്, 47*

2025 – ദുബായ് – അഭിഷേക് ശര്‍മ, 74

ടൂര്‍ണമെന്റില്‍ ഇതുവരെ രണ്ട് മത്സരങ്ങളില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വന്നു, രണ്ടിലും ഇന്ത്യ തന്നെ വിജയിച്ചു. ഇനി ഫൈനലിലാണ് ഇരുവരും നേര്‍ക്കുനേര്‍ വരാനുള്ള സാധ്യതയുള്ളത്.

അതേസമയം, സൂപ്പര്‍ ഫോറില്‍ ആദ്യ വിജയം തേടി പാകിസ്ഥാന്‍ ഇന്നിറങ്ങുന്നുണ്ട്. ശ്രീലങ്കയാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ ശ്രീലങ്കയും പരാജയം രുചിച്ചിരുന്നു. ബംഗ്ലാദേശിനോടായിരുന്നു ടീമിന്റെ തോല്‍വി.

സൂപ്പര്‍ ഫോറില്‍ നാളെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം. ബംഗ്ലാദേശാണ് എതിരാളികള്‍.

Content Highlight: Asia Cup 2025: India never lost a T20 against Pakistan while chasing

We use cookies to give you the best possible experience. Learn more