2025 ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 41 റണ്‍സിനാണ് മെന്‍ ഇന്‍ ബ്ലൂ വിജയിച്ചത്. മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 168 റണ്‍സ് മറികടക്കാനാകാതെ 127 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ബംഗ്ലാദേശ്. ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യ ടൂര്‍ണമെന്റിലെ ആദ്യ ഫൈനലിസ്റ്റാകുന്നത്.
മികച്ച ബൗളിങ് പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ വിജയിച്ചുകയറിയത്. കുല്‍ദീപ് യാദവ് ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ ജസ്പ്രീത് ബുംറയും വരുണ്‍ ചക്രവര്‍ത്തിയും മൂന്ന വിക്കറ്റുകള്‍ വീതമാണ് ഇനേടിയത്. അക്‌സര്‍ പട്ടേലും തിലക് വര്‍മയും ശേഷിച്ച വിക്കറ്റുകള്‍ നേടി.
ബംഗ്ലാദേശിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണര്‍ സെയ്ഫ് ഹസനാണ്. 51 പന്തില്‍ അഞ്ച് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 69 റണ്‍സാണ് താരം നേടിയത്. പര്‍വെസ് ഹൊസൈന്‍ ഇമോന്‍ 21 റണ്‍സും നേടി മികവ് പുലര്‍ത്തി. മറ്റാര്‍ക്കും ടീമിന് വേണ്ടി രണ്ടക്കം നേടാന്‍ സാധിച്ചില്ലായിരുന്നു.
അതേസമയം ഇന്ത്യക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയാണ് അഭിഷേക് ശര്‍മ കളം വിട്ടത്. 37 പന്തില്‍ അഞ്ച് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 75 റണ്‍സ് നേടി ഒരു റണ്‍ ഔട്ടിലൂടെയാണ് അഭിഷേക് പുറത്തായത്. നേരിട്ട 25ാം പന്തിലാണ് താരം മൂന്നാമത്തെ അര്‍ധ സെഞ്ച്വറി നേടിയത്. 202.70 എന്ന വമ്പന്‍ സ്‌ട്രൈക്ക് റേറ്റും താരം നേടി. ഹര്‍ദിക് പാണ്ഡ്യയാണ് അവസാന ഘട്ടത്തില്‍ സ്‌കോര്‍ ഉയര്‍ത്തിയത്. 29 പന്തില്‍ ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 38 റണ്‍സാണ് താരം നേടിയത്.
മത്സരത്തില്‍ 19 പന്തില്‍ 29 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലിനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടപ്പെട്ടത്. ടീം സ്‌കോര്‍ 77ല്‍ നില്‍ക്കവെയാണ് താരത്തെ ഇന്ത്യയ്ക്ക് നഷ്ടമായത്. ശേഷം ഇറങ്ങിയ ശിവം ദുബെ രണ്ട് റണ്‍സിനും കൂടാരം കയറി. മാത്രമല്ല ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ 5 റണ്‍സിനാണ് ടീമിന് നഷ്ടമായത്.
തിലക് വര്‍മ അഞ്ച് റണ്‍സിന് പുറത്തായപ്പോള്‍ ഏഴാമനായി ഇറങ്ങിയ അക്‌സര്‍ പട്ടേല്‍ 15 പന്തില്‍ 10 റണ്‍സ് നേടിയാണ് മടങ്ങിയത്. അവസാന ഓവറില്‍ രണ്ട് ഡോട്ട് ബോളുകളും താരം വരുത്തിവെച്ചു. ബംഗ്ലാദേശിന് വേണ്ടി റിഷാദ് ഹൊസൈന്‍ രണ്ട് വിക്കറ്റും തന്‍സിം ഹസന്‍ സാക്കിബ്, മുഫ്തഫിസൂര്‍ റഹ്‌മാന്‍, മുഹമ്മദ് സൈഫുദ്ദീന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി മികവ് പുലര്‍ത്തി.
Content Highlight: Asia Cup 2025: India defeats Bangladesh and reach final of 2025 Asia Cup