തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ടതിന് പിന്നാലെ ഹോങ് കോങ്ങിന്റെ ഏഷ്യാ കപ്പ് യാത്ര അവസാനിച്ചിരിക്കുകയാണ്. ഔദ്യോഗികമായി ടീം പുറത്തായിട്ടില്ലെങ്കിലും സൂപ്പര്‍ ഫോറിലെത്താനുള്ള സാധ്യത തീരെ ചെറുതാണ്.
ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ അഫ്ഗാനിസ്ഥാനോടും കഴിഞ്ഞ ദിവസം ബംഗ്ലാദേശിനോടുമാണ് ഹോങ് കോങ്ങിന് തോല്‍വി വഴങ്ങേണ്ടി വന്നത്. നിലവില്‍ ഗ്രൂപ്പ് ബി-യില്‍ അവസാന സ്ഥാനത്താണ് ഹോങ് കോങ്. ഒറ്റ പോയിന്റ് പോലുമില്ലാതെ -2.889 എന്ന നെറ്റ് റണ്‍ റേറ്റാണ് ടീമിനുള്ളത്.
കരുത്തരായ ശ്രീലങ്കയ്‌ക്കെതിരെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇനി ഒരു മത്സരം കൂടി ബാക്കിയുണ്ടെങ്കിലും അതുകൊണ്ട് ടീമിന്റെ വിധിയില്‍ മാറ്റമുണ്ടാകാന്‍ ഇടയില്ല. ശ്രീലങ്കയ്‌ക്കെതിരെ വിജയിച്ചാലും മോശം നെറ്റ് റണ്‍ റേറ്റ് മറികടക്കുക എന്നത് ഹോങ് കോങ്ങിനെ സംബന്ധിച്ച് പ്രയാസം തന്നെയായിരിക്കും. ഇക്കാരണം കൊണ്ടുതന്നെ ഹോങ് കോങ് ഏഷ്യാ കപ്പില്‍ നിന്നും പുറത്തായതായി കണക്കാക്കാം.
ഇതോടെ ഗ്രൂപ്പ് ബി-യില്‍ നിന്നും സൂപ്പര്‍ ഫോറിനുള്ള പോരാട്ടം മൂന്ന് ടീമുകള്‍ തമ്മിലായി മാറിയിരിക്കുകയാണ്. ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് ബി-യിലെ മറ്റ് ടീമുകള്‍. ഇവരില്‍ നിന്നും രണ്ട് ടീമുകള്‍ സൂപ്പര്‍ ഫോറിന് യോഗ്യത നേടും.
അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ 94 റണ്‍സിനായിരുന്നു ഹോങ് കോങ് പരാജയപ്പെട്ടത്. സെദ്ദിഖുള്ള അടലിന്റെയും അസ്മത്തുള്ള ഒമര്‍സായിയുടെയും അര്‍ധ സെഞ്ച്വറികളുടെ ബലത്തില്‍ അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹോങ് കോങ്ങിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ബംഗ്ലാദേശ് ഹോങ് കോങ്ങിനെ പരാജയപ്പെടുത്തിയത്. ഹോങ് കോങ് ഉയര്‍ത്തിയ 144 റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 14 പന്ത് ശേഷിക്കെ ബംഗ്ലാദേശ് മറികടന്നു. ക്യാപ്റ്റന്‍ ലിട്ടണ്‍ ദാസിന്റെ ബാറ്റിങ് കരുത്തിലാണ് കടുവകള്‍ അനായാസ ജയം സ്വന്തമാക്കിയത്. ദാസ് 39 പന്തില്‍ 59റണ്‍സടിച്ച് മടങ്ങി.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹോങ് കോങ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് നേടി. നിസാഖത് ഖാന്‍ (40 പന്തില്‍ 42), സീഷന്‍ അലി (34 പന്തില്‍ 30), ക്യാപ്റ്റന്‍ യാസിം മുര്‍താസ (19 പന്തില്‍ 28) എന്നിവരുടെ കരുത്തിലാണ് ഹോങ് കോങ് പൊരുതാവുന്ന സ്‌കോറിലെത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ഒന്നാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും ക്യാപ്റ്റന്‍ ലിട്ടണ്‍ ദാസിന്റെ പ്രകടനത്തിന്റെ കരുത്തില്‍ മത്സരത്തിലേക്ക് മടങ്ങി വരികയായിരുന്നു.
36 പന്തില്‍ പുറത്താകാതെ 35 റണ്‍സ് നേടിയ തൗഹിദ് ഹൃദോയ് ആണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.
ഗ്രൂപ്പ് ബി-യില്‍ നാളെയാണ് അടുത്ത മത്സരം. ഈ മത്സരത്തില്‍ ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടും. ഈ മത്സരത്തില്‍ ശ്രീലങ്ക വിജയിക്കുകയാണെങ്കില്‍ ഹോങ് കോങ്ങിന്റെ സാധ്യതകള്‍ വീണ്ടും മങ്ങും.
സെപ്റ്റംബര്‍ 15നാണ് ഹോങ് കോങ് ശ്രീലങ്കയ്‌ക്കെതിരെ തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിനിറങ്ങുന്നത്.
Content Highlight: Asia Cup 2025: Hong Kong almost eliminated from the tournament