ക്രിക്കറ്റ് ലോകം ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലേക്ക് ചുരുങ്ങാന്‍ ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്. 2025 ഏഷ്യാ കപ്പിന്റെ കിരീട പോരാട്ടത്തില്‍ ഇന്ത്യ പാകിസ്ഥാനെ നേരിടും.
ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും എല്ലാ മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ കിരീട പോരാട്ടത്തിന് ടിക്കറ്റെടുത്തത്. അതേസമയം, ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇന്ത്യയോട് തോല്‍ക്കുകയും മറ്റ് ടീമുകളോട് വിജയിച്ചുമാണ് സല്‍മാന്‍ അലി ആഘയും സംഘവും ഏഷ്യയുടെ ക്രിക്കറ്റ് കിരീടത്തിനായുള്ള കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
ടി-20 ഫോര്‍മാറ്റില്‍ ഇതുവരെ 15 തവണയാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. മത്സരങ്ങളുടെ ചരിത്രമെടുത്ത് പരിശോധിക്കുമ്പോള്‍ ഇന്ത്യയുടെ സമഗ്രാധിപത്യമാണ് കാണാനാവുക
കളിച്ച 15ല്‍ 12 തവണയും വിജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. മൂന്ന് തവണ മാത്രമാണ് പാകിസ്ഥാന് ഇന്ത്യയെ പരാജയപ്പെടുത്താന്‍ സാധിച്ചത്.
ആകെ മത്സരം – 15
ഇന്ത്യ – 12 വിജയം, മൂന്ന് തോല്‍വി
പാകിസ്ഥാന്‍ – മൂന്ന് ജയം, 12 തോല്‍വി
ടൈ – 1 (ബോള്‍ ഔട്ടില്‍ ഇന്ത്യയ്ക്ക് വിജയം)
നോ റിസള്‍ട്ട് – 0
ഏറ്റവുമുയര്‍ന്ന വിജയം (റണ്‍സിന്റെ അടിസ്ഥാനത്തില്‍) – ഇന്ത്യ, 11 റണ്‍സിന് (2012 ഡിസംബര്‍ 28, അഹമ്മദാബാദ്)
ഏറ്റവുമുയര്‍ന്ന വിജയം (വിക്കറ്റിന്റെ അടിസ്ഥാനത്തില്‍) – പാകിസ്ഥാന്‍, പത്ത് വിക്കറ്റിന് (2021 ഒക്ടോബര്‍ 24, ദുബായ്)
2007 ടി-20 ലോകകപ്പിലാണ് ഇന്ത്യയും പാകിസ്ഥാനും ആദ്യമായി നേര്‍ക്കുനേര്‍ വന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ടൈയില്‍ അവസാനിച്ച മത്സരം ബോള്‍ ഔട്ടിലൂടെ ഇന്ത്യ വിജയിക്കുകയായിരുന്നു.
ഉമര്‍ ഗുല്ലും ഷാഹിദ് അഫ്രിദിയുമടക്കമുള്ള പാകിസ്ഥാന്റെ സൂപ്പര്‍ താരങ്ങള്‍ക്ക് വിക്കറ്റില്‍ പന്തെറിഞ്ഞുകൊള്ളിക്കാന്‍ സാധിക്കാതെ പോയപ്പോള്‍ പാര്‍ട് ടൈം ബൗളര്‍മാരെ അണിനിരത്തി ഇന്ത്യ വിജയം പിടിച്ചടക്കുകയായിരുന്നു.
ശേഷം ടൂര്‍ണമെന്റിന്റെ ഫൈനലിലും ഇരുവരും ഒരിക്കല്‍ക്കൂടി ഏറ്റുമുട്ടി. ജോഗീന്ദര്‍ ശര്‍മയുടെ പന്തില്‍ മിസ്ബ ഉള്‍ ഹഖ് ശ്രീശാന്തിന്റെ കൈകളിലൊതുങ്ങിയപ്പോള്‍ ചരിത്രത്തിലെ ആദ്യ ടി-20 ലോക ചാമ്പ്യന്‍മാരും പിറവിയെടുത്തു.
2007ല്‍ ആരംഭിച്ച അതേ ഡോമിനന്‍സ് തന്നെയാണ് ഇന്ത്യ 2025ലും തുടരുന്നത്.
2012ലെ പാകിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരത്തിലാണ് പാകിസ്ഥാന്‍ ആദ്യമായി ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ ഇന്ത്യയെ പരാജയപ്പെടുത്തുന്നത്. ബെംഗളൂരുവില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ടീമിന്റെ വിജയം.
2021 ടി-20 ലോകകപ്പിലാണ് പാകിസ്ഥാന് രണ്ടാമതായി ഇന്ത്യയെ പരാജയപ്പെടുത്താന്‍ സാധിച്ചത്. എന്നാല്‍ ഇത് പാകിസ്ഥാന്റെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമായാണ് അടയാളപ്പെടുത്തപ്പെട്ടത്.
ദുബായില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാന്‍ പത്ത് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 152 റണ്‍സിന്റെ വിജയലക്ഷ്യം ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ പാകിസ്ഥാന്‍ മറികടന്നു. മുഹമ്മദ് റിസ്വാന്‍ (55 പന്തില്‍ 79), ബാബര്‍ അസം (52 പന്തില്‍ 68) എന്നിവരായിരുന്നു വിജയശില്‍പികള്‍.
2022 ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലാണ് പാകിസ്ഥാന് അവസാനമായി ഇന്ത്യയ്‌ക്കെതിരെ വിജയം രുചിക്കാന്‍ സാധിച്ചത്. ദുബായില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് പാകിസ്ഥാന്‍ വിജയിച്ചത്.
ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തില്‍ ടോസ് നിര്‍ണായക ഘടകമാകുമെന്നുറപ്പാണ്. ഭൂരിഭാഗം മത്സരത്തിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് വിജയം നേടിയത്. 15ല്‍ 11 തവണയും രണ്ടാമത് ബാറ്റ് ചെയ്ത ടീമിനൊപ്പമായിരുന്നു വിജയം. ഇതില്‍ ഇന്ത്യ എട്ട് തവണയും പാകിസ്ഥാന്‍ മൂന്ന് മത്സരത്തിലും വിജയം സ്വന്തമാക്കി.
Content Highlight: Asia Cup 2025: Final: History of India vs Pakistan T20I Matches