| Saturday, 30th August 2025, 3:43 pm

ഏഷ്യാ കപ്പ്: ടീമിന്റെ ഭാഗമായിട്ടും ജെയ്‌സ്വാള്‍ അടക്കമുള്ളവര്‍ ഇന്ത്യയ്‌ക്കൊപ്പമുണ്ടാകില്ല, കാരണമിത്

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനൊപ്പം സ്റ്റാന്‍ഡ് ബൈ താരങ്ങളെ കൊണ്ടുപോകേണ്ടതില്ലെന്ന് ബി.സി.സി.ഐ. ടൂര്‍ണമെന്റിനുള്ള യാത്രാ സംഘത്തിനൊപ്പം സ്റ്റാന്‍ഡ് ബൈ താരങ്ങള്‍ യാത്ര ചെയ്യില്ലെന്നും, ഏതെങ്കിലും കാരണവശാല്‍ റീപ്ലേസ്‌മെന്റ് ആവശ്യമായി വന്നാല്‍ പകരക്കാരെ മാത്രം ദുബായിലേക്ക് വിളിക്കുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി.

‘ഇല്ല, സ്റ്റാന്‍ഡ് ബൈ താരങ്ങള്‍ ഇന്ത്യയുടെ പ്രധാന സ്‌ക്വാഡിനൊപ്പം ദുബായിലേക്ക് യാത്ര ചെയ്യില്ല,’ ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ പി.ടി.ഐയോട് പറഞ്ഞു.

യശസ്വി ജെയ്‌സ്വാള്‍, പ്രസിദ്ധ് കൃഷ്ണ, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാണ് ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ സ്റ്റാന്‍ഡ് ബൈ താരങ്ങള്‍.

ഓപ്പണറുടെ റോളിലേക്കാണ് യശസ്വി ജെയ്‌സ്വാളിനെ പരിഗണിച്ചത്. അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ എന്നിവര്‍ക്കൊപ്പം വൈസ് ക്യാപ്റ്റനായ ശുഭ്മന്‍ ഗില്ലും ഓപ്പണറുടെ റോളില്‍ ഉണ്ടെന്നിരിക്കെ ജെയ്‌സ്വാളിന് ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്കായി കളത്തിലിറങ്ങാന്‍ സാധിച്ചേക്കില്ല. നിലവില്‍ സ്‌ക്വാഡിലുള്ള മൂന്ന് പേരില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ മാത്രമാകും ജെയ്‌സ്വാളിന് വിളിയെത്തുക.

സമാനമാണ് മറ്റ് താരങ്ങളുടെയും അവസ്ഥ. വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ ഓപ്ഷനില്‍ സഞ്ജു സാംസണും ജിതേഷ് ശര്‍മയും ഉള്ളതിനാല്‍ ധ്രുവ് ജുറെലിലും ഫാസ്റ്റ് ബൗളര്‍മാരായ ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരുള്ളതിനാല്‍ പ്രസിദ്ധിനും അക്‌സര്‍ പട്ടേല്‍ ഉള്ളതിനാല്‍ വാഷിങ്ടണ്‍ സുന്ദറിനും ദുബായിലെത്താന്‍ വഴി തുറന്നേക്കില്ല. പരിക്കുകള്‍ മാത്രമാകും ഇവരുടെ ഇന്‍ക്ലൂഷനില്‍ നിര്‍ണായകമാവുക.

സെപ്റ്റംബര്‍ നാലിന് ഇന്ത്യന്‍ സ്‌ക്വാഡ് ദുബായിലെത്തും. അഞ്ചാം തിയ്യതിയാണ് ടീമിന്റെ ആദ്യ നെറ്റ് സെഷന്‍.

ഇന്ത്യ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍). ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, റിങ്കു സിങ്.

ഗ്രൂപ്പ് എ-യിലാണ് ഇന്ത്യ സ്ഥാനം പിടിച്ചിരിക്കുന്നത്. പാകിസ്ഥാന്‍, യു.എ.ഇ, ഒമാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

സെപ്റ്റംബര്‍ പത്തിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. യു.എ.ഇയാണ് എതിരാളികള്‍. സെപ്റ്റംബര്‍ 14ന് പാകിസ്ഥാനെതിരെയും 19ന് ഒമാനെതിരെയും ഇന്ത്യ കളത്തിലിറങ്ങും.

ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍

സെപ്റ്റംബര്‍ 9 – അഫ്ഗാനിസ്ഥാന്‍ vs ഹോങ് കോങ് – അബുദാബി

സെപ്റ്റംബര്‍ 10 – ഇന്ത്യ vs യു.എ.ഇ- ദുബായ്

സെപ്റ്റംബര്‍ 11 – ഹോങ് കോങ് vs ബംഗ്ലാദേശ് – അബുദാബി

സെപ്റ്റംബര്‍ 12 – പാകിസ്ഥാന്‍ vs ഒമാന്‍ – ദുബായ്

സെപ്റ്റംബര്‍ 13 – ബംഗ്ലാദേശ് vs ശ്രീലങ്ക – അബു ദാബി

സെപ്റ്റംബര്‍ 14 – ഇന്ത്യ vs പാകിസ്ഥാന്‍ – ദുബായ്

സെപ്റ്റംബര്‍ 15 – യു.എ.ഇ vs ഒമാന്‍ – അബുദാബി

സെപ്റ്റംബര്‍ 15 – ശ്രീലങ്ക vs ഹോങ് കോങ് – ദുബായ്

സെപ്റ്റംബര്‍ 16 – ബംഗ്ലാദേശ് vs അഫ്ഗാനിസ്ഥാന്‍ – അബുദാബി

സെപ്റ്റംബര്‍ 17 – പാകിസ്ഥാന്‍ vs യു.എ.ഇ – ദുബായ്

സെപ്റ്റംബര്‍ 18 – ശ്രീലങ്ക vs അഫ്ഗാനിസ്ഥാന്‍ – അബുദാബി

സെപ്റ്റംബര്‍ 19 – ഇന്ത്യ vs ഒമാന്‍ – അബുദാബി

Content Highlight: Asia Cup 2025: BCCI confirms that standby players will not travel with main squad

We use cookies to give you the best possible experience. Learn more