ഹോങ് കോങ്ങിനെതിരായ വിജയത്തോടെ കടുവക്കൂട്ടം 2025 ഏഷ്യാ കപ്പ് ക്യാമ്പെയ്ന്‍ ആരംഭിച്ചിരിക്കുകയാണ്. അബുദാബിയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്.
ക്യാപ്റ്റന്‍ ലിട്ടണ്‍ ദാസിന്റെ ബാറ്റിങ് കരുത്തിലാണ് ബംഗ്ലാദേശ് ആദ്യ മത്സരം വിജയിച്ചത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹോങ് കോങ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് നേടി. നിസാഖത് ഖാന്‍ (40 പന്തില്‍ 42), സീഷന്‍ അലി (34 പന്തില്‍ 30), ക്യാപ്റ്റന്‍ യാസിം മുര്‍താസ (19 പന്തില്‍ 28) എന്നിവരുടെ കരുത്തിലാണ് ഹോങ് കോങ് പൊരുതാവുന്ന സ്‌കോറിലെത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ഒന്നാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും ക്യാപ്റ്റന്‍ ലിട്ടണ്‍ ദാസിന്റെ പ്രകടനത്തിന്റെ കരുത്തില്‍ മത്സരത്തിലേക്ക് മടങ്ങി വരികയായിരുന്നു.
ദാസ് 39 പന്തില്‍ 59 റണ്‍സ് നേടി പുറത്തായി. 36 പന്തില്‍ പുറത്താകാതെ 35 റണ്‍സ് നേടിയ തൗഹിദ് ഹൃദോയ് ആണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.
തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തില്‍ ഇതുവരെ ഒറ്റ കിരീടം പോലും നേടാന്‍ സാധിക്കാതെ പോയ ബംഗ്ലാദേശ് തങ്ങളുടെ ആദ്യ കിരീടമാണ് ഇത്തവണയും ലക്ഷ്യമിടുന്നത്. ടീമിനായി ചങ്ക് പറിച്ച് നല്‍കുന്ന, കുറച്ച് ടോക്‌സിക്കായ ആരാധകര്‍ക്ക് ബിഗ് ടൂര്‍ണമെന്റുകളില്‍ ഒരിക്കല്‍പ്പോലും സന്തോഷം നല്‍കാന്‍ ബംഗ്ലാദേശിന് സാധിച്ചിട്ടില്ല. ആരാധകര്‍ ഏഷ്യയിലെ ഏറ്റവും മികച്ച ടീമെന്ന് വിളിക്കുമ്പോള്‍ മറ്റുള്ളവര്‍ പരിഹസിക്കുന്നതും ഈ ട്രോഫി വരള്‍ച്ച കാരണം തന്നെയാണ്.
16 വിവിധ ഏഷ്യാ കപ്പുകളില്‍ ടീം ഭാഗമായിട്ടുണ്ട്. മൂന്ന് തവണ ഫൈനലില്‍ പ്രവേശിച്ചതാണ് മികച്ച നേട്ടം. ഏകദിന ഫോര്‍മാറ്റില്‍ നടന്ന 13 ഏഷ്യാ കപ്പുകളില്‍ രണ്ട് തവണയും ടി-20യില്‍ നടന്ന ആദ്യ എഡിഷനിലുമാണ് ടീം ഫൈനല്‍ കളിച്ചത്.
ഏകദിനത്തില്‍ 2012, 2018 വര്‍ഷങ്ങളിലായിരുന്നു ബംഗ്ലാദേശിന്റെ ഫൈനല്‍ പ്രവേശം. 2012ല്‍ പാകിസ്ഥാനോട് തോല്‍വി വഴങ്ങിയപ്പോള്‍ 2018ല്‍ ഇന്ത്യയും അയല്‍ക്കാരെ തോല്‍പ്പിച്ചുവിട്ടു. ടി-20യില്‍ നടന്ന 2016ലും ഇന്ത്യയോട് തന്നെയാണ് ബംഗ്ലാദേശിന് തോല്‍വി വഴങ്ങേണ്ടി വന്നത്.
ഇത്തവണ അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക എന്നിവരുള്‍പ്പെട്ട ഗ്രൂപ്പ് ബി-യിലാണ് ബംഗ്ലാദേശിന്റെ സ്ഥാനം. കളിച്ച രണ്ട് മത്സരങ്ങളിലും ഇതിനോടകം തന്നെ പരാജയപ്പെട്ട ഹോങ് കോങ്ങിന്റെ യാത്ര ഏറെക്കുറെ അവസാനിച്ചതിനാല്‍ ഈ മൂന്ന് ടീമുകള്‍ തമ്മിലായിരിക്കും ആദ്യ രണ്ട് സ്ഥാനങ്ങള്‍ക്കായുള്ള പോരാട്ടം.
ക്രിക്കറ്റില്‍ തങ്ങളുടെ ‘പുതിയ ശത്രുക്കളായ’ ശ്രീലങ്കയോടും കരുത്തരായ അഫ്ഗാനോടുമുള്ള മത്സരം തന്നെയായിരിക്കും ഏഷ്യാ കപ്പിനും ബംഗ്ലാദേശിനും ഇടയിലെ ആദ്യ കടമ്പ.
Content Highlight: Asia Cup 2025: Bangladesh start with the campaign with a win