ബൗളിങ്ങില്‍ തിളങ്ങി ബംഗ്ലാ കടുവകള്‍; ഇന്ത്യക്കെതിരെ വിജയിക്കാന്‍ 169 റണ്‍സ്
Sports News
ബൗളിങ്ങില്‍ തിളങ്ങി ബംഗ്ലാ കടുവകള്‍; ഇന്ത്യക്കെതിരെ വിജയിക്കാന്‍ 169 റണ്‍സ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 24th September 2025, 10:04 pm

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ന്ന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടാനാണ് ഇന്ത്യയ്ക്ക് സാധിച്ചത്. അവസാനഘട്ടത്തില്‍ ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തിയത്. 29 പന്തില്‍ ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 38 റണ്‍സാണ് താരം നേടിയത്.

അതേസമയം ഇന്ത്യക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയാണ് അഭിഷേക് ശര്‍മ കളം വിട്ടത്. 37 പന്തില്‍ അഞ്ച് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 75 റണ്‍സ് നേടി ഒരു റണ്‍ ഔട്ടിലൂടെയാണ് അഭിഷേക് പുറത്തായത്. നേരിട്ട 25ാം പന്തിലാണ് താരം മൂന്നാമത്തെ അര്‍ധ സെഞ്ച്വറി നേടിയത്. 202.70 എന്ന വമ്പന്‍ സ്‌ട്രൈക്ക് റേറ്റും താരം നേടി.

മത്സരത്തില്‍ 19 പന്തില്‍ 29 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലിനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടപ്പെട്ടത്. ടീം സ്‌കോര്‍ 77ല്‍ നില്‍ക്കവെയാണ് താരത്തെ ഇന്ത്യയ്ക്ക് നഷ്ടമായത്. ശേഷം ഇറങ്ങിയ ശിവം ദുബെ രണ്ട് റണ്‍സിനും കൂടാരം കയറി. മാത്രമല്ല ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ 5 റണ്‍സിനാണ് ടീമിന് നഷ്ടമായത്.

തിലക് വര്‍മ അഞ്ച് റണ്‍സിന് പുറത്തായപ്പോള്‍ ഏഴാമനായി ഇറങ്ങിയ അക്‌സര്‍ പട്ടേല്‍ 15 പന്തില്‍ 10 റണ്‍സ് നേടിയാണ് മടങ്ങിയത്. അവസാന ഓവറില്‍ രണ്ട് ഡോട്ട് ബോളുകളും താരം വരുത്തിവെച്ചു. ബൗളിങ് കരുത്തുകൊണ്ടാണ് ഇന്ത്യയെ ചെറിയ സ്‌കോറില്‍ തളക്കാന്‍ ബംഗ്ലാ കടുവകള്‍ക്ക് സാധിച്ചത്.

ബംഗ്ലാദേശിന് വേണ്ടി റിഷാദ് ഹൊസൈന്‍ രണ്ട് വിക്കറ്റും തന്‍സിം ഹസന്‍ സാക്കിബ്, മുഫ്തഫിസൂര്‍ റഹ്‌മാന്‍, മുഹമ്മദ് സൈഫുദ്ദീന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി മികവ് പുലര്‍ത്തി.

ഇന്ത്യ പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി ജസ്പ്രീത് ബുംറ

ബംഗ്ലാദേശ് പ്ലെയിങ് ഇലവന്‍

സെയ്ഫ് ഹസന്‍, തന്‍സിദ് ഹസന്‍, പര്‍വേസ് ഇമോന്‍, തൗഹിദ് ഹൃദയ്, ഷമീം ഹൊസൈന്‍, ജാക്കര്‍ അലി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഷമീം ഹുസൈന്‍, മുഹമ്മദ് സൈഫുദ്ദീന്‍, റിഷാദ് ഹൊസൈന്‍, നസും അഹമ്മദ്, മുസ്തഫിസുര്‍ റഹ്‌മാന്‍, തന്‍സിം ഹസന്‍ സാക്കിബ്

Content Highlight: Asia Cup 2025: Bangladesh Need 169 Runs To Won Against India