ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ വിജയവുമായി ശ്രീലങ്ക. അബുദാബിയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് ലങ്കന്‍ സിംഹങ്ങള്‍ നേടിയത്. ബൗളിങ് യൂണിറ്റിന്റെ മികച്ച പ്രകടനത്തിനൊപ്പം പാതും നിസങ്ക, കാമില്‍ മിശ്ര എന്നിവരുടെ മികച്ച ഇന്നിങ്‌സും ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി.
ബംഗ്ലാദേശ് ഉയര്‍ത്തിയ 140 റണ്‍സിന്റെ വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 32 പന്ത് ബാക്കി നില്‍ക്കവെ ശ്രീലങ്ക മറികടക്കുകയായിരുന്നു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് തുടക്കത്തിലേ പിഴച്ചിരുന്നു. ആദ്യ ഓവറില്‍ തന്‍സിദ് ഹസനും രണ്ടാം ഓവറില്‍ പര്‍വേസ് ഹൊസൈന്‍ എമോണും പൂജ്യത്തിന് പുറത്തായി. ആദ്യ രണ്ട് ഓവറുകളും മെയ്ഡനായി മാറുകയും ചെയ്തു.
പിന്നാലെയെത്തിയ തൗഹിദ് ഹൃദോയ് എട്ട് റണ്‍സിനും മഹെദി ഹസന്‍ ഒമ്പത് റണ്‍സിനും പുറത്തായി. 26 പന്തില്‍ 28 റണ്‍സാണ് ക്യാപ്റ്റന്‍ ലിട്ടണ്‍ ദാസിന് നേടാന്‍ സാധിച്ചത്.
ടീം സ്‌കോര്‍ 53ല്‍ നില്‍ക്കവെ ഒന്നിച്ച ജാക്കിര്‍ അലിയും ഷമീം ഹൊസൈനും ബംഗ്ലാദേശിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റി. ആറാം വിക്കറ്റില്‍ 86 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.
പത്താം ഓവറിന്റെ അഞ്ചാം പന്തില്‍, ടീം സ്‌കോര്‍ 53ല്‍ നില്‍ക്കവെ ഒന്നിച്ച് ഇരുവരുടെയും ചെറുത്തുനില്‍പ് ഇന്നിങ്സിന്റെ അവസാന പന്ത് വരെ തുടര്‍ന്നു.
ഷമീം ഹൊസൈന്‍ 34 പന്തില്‍ 42 റണ്‍സ് നേടി. ഒരു സിക്സറും മൂന്ന് ഫോറുമാണ് താരം നേടിയത്. ജാക്കിര്‍ അലി 34 പന്തില്‍ നിന്നും 41 റണ്‍സും അടിച്ചെടുത്തു.
ഒടുവില്‍ ടീം 139/5 എന്ന നിലയില്‍ പോരാട്ടം അവസാനിപ്പിച്ചു. ശ്രീലങ്കയ്ക്കായി വാനിന്ദു ഹസരങ്ക രണ്ട് വിക്കറ്റെടുത്തപ്പോള്‍ ദുഷ്മന്ത ചമീര, നുവാന്‍ തുഷാര എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് കുശാല്‍ മെന്‍ഡിസിനെ രണ്ടാം ഓവറില്‍ തന്നെ നഷ്ടപ്പെട്ടു. ആറ് പന്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് താരത്തിന് കണ്ടെത്താനായത്.
എന്നാല്‍ രണ്ടാം വിക്കറ്റില്‍ പാതും നിസങ്കയും കാമില്‍ മിശ്രയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി ലങ്കയെ മത്സരത്തിലക്ക് തിരികെ കൊണ്ടുവന്നു. 95 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ത്തുവെച്ചത്.
അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ പാതും നിസങ്കയെ മടക്കി മഹെദി ഹസനാണ് കൂട്ടുകെട്ട് പൊളിച്ചത്. 34 പന്ത് നേരിട്ട താരം ആറ് ഫോറും ഒരു സിക്‌സറുമടക്കം 50 റണ്‍സ് നേടി.
പിന്നാലെയെത്തിയ കുശാല്‍ പെരേര ഒമ്പത് പന്തില്‍ ഒമ്പത് റണ്‍സിനും ദാസുന്‍ ഷണക ഒരു റണ്ണിനും പുറത്തായെങ്കിലും കാമില്‍ മിശ്ര ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. താരം 34 പന്തില്‍ പുറത്താകാതെ 46 റണ്‍സ് സ്വന്തമാക്കി.
സെപ്റ്റംബര്‍ 15നാണ് ശ്രീലങ്ക അടുത്ത മത്സരത്തിനിറങ്ങുന്നത്. ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ട ഹോങ് കോങ്ങാണ് എതിരാളികള്‍. 16ാം തീയ്യതി ബംഗ്ലാദേശ് തങ്ങളുടെ മൂന്നാം മത്സരത്തിനിറങ്ങും. രണ്ട് മത്സരത്തില്‍ ഓരോ ജയവും തോല്‍വിയും സ്വന്തമാക്കിയ കടുവകള്‍ക്ക് മുമ്പോട്ട് കുതിക്കണമെങ്കില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ വിജയം അനിവാര്യമാണ്.
Content Highlight: Asia Cup 2025: BAN vs SL: Sri Lanka defeated Bangladesh