| Wednesday, 10th September 2025, 7:49 am

മറികടന്നത് സാക്ഷാല്‍ മുഹമ്മദ് നബിയെയും സൂര്യയെയും; അഫ്ഗാന്റെയും ഏഷ്യാ കപ്പിന്റെയും ചരിത്രം തിരുത്തി ഒമര്‍സായ്

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഏഷ്യാ കപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ കൂറ്റന്‍ വിജയവുമായാണ് അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ ക്യാമ്പെയ്ന്‍ ആരംഭിച്ചത്. അബുദാബിയില്‍ നടന്ന മത്സരത്തില്‍ 94 റണ്‍സിന്റെ വിജയമാണ് അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കിയത്.

അഫ്ഗാന്‍ ഉയര്‍ത്തിയ 189 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹോങ് കോങ്ങിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ സെദ്ദിഖുള്ള അടലിന്റെയും അസ്മത്തുള്ള ഒമര്‍സായിയുടെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. അടല്‍ 52 പന്തില്‍ പുറത്താകാതെ 72 റണ്‍സ് നേടിയപ്പോള്‍ 21 പന്ത് നേരിട്ട് 53 റണ്‍സടിച്ചാണ് ഒമര്‍സായ് മടങ്ങിയത്. 26 പന്തില്‍ 33 റണ്‍സ് നേടിയ മുഹമ്മദ് നബിയാണ് മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍.

അഞ്ച് സിക്‌സറും രണ്ട് ഫോറും അടക്കം 252.38 സ്‌ട്രൈക്ക് റേറ്റിലാണ് ഒമര്‍സായ് തകര്‍ത്തടിച്ചത്. നേരിട്ട 20ാം പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാ താരം 21ാം പന്തില്‍ ആയുഷ് ശുക്ലയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു.

ഈ ഇന്നിങ്‌സിന് പിന്നാലെ പല നേട്ടങ്ങളും താരം സ്വന്തമാക്കി. ടി-20 ഫോര്‍മാറ്റില്‍ അഫ്ഗാനിസ്ഥാനായി ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന താരമെന്ന നേട്ടമാണ് അസ്തമത് സ്വന്തമാക്കിയത്. അഫ്ഗാന്‍ ലെജന്‍ഡ് മുഹമ്മദ് നബിയെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയിട്ടുകൊണ്ടായിരുന്നു ഒമര്‍സായിയുടെ റെക്കോഡ് നേട്ടം.

ടി-20യില്‍ അഫ്ഗാനിസ്ഥാനായി ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറി

(താരം – എതിരാളികള്‍ – അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ ആവശ്യമായി വന്ന പന്തുകള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

അസ്മത്തുള്ള ഒമര്‍സായ് – ഹോങ് കോങ് – 20 – 2025*

മുഹമ്മദ് നബി – അയര്‍ലന്‍ഡ് – 21 – 2017

ഗുല്‍ബദീന്‍ നായിബ് – ഇന്ത്യ – 21 – 2024

നജീബുള്ള സദ്രാന്‍ – യു.എ.ഇ – 22 – 2016

ഹസ്രത്തുള്ള സസായ് – അയര്‍ലന്‍ഡ് – 22 – 2018

റഹ്‌മാനുള്ള ഗുര്‍ബാസ് – ശ്രീലങ്ക – 22 – 2022

ഇതിനൊപ്പം ടി-20 ഫോര്‍മാറ്റിലെ ഏഷ്യാ കപ്പില്‍ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ ലിസ്റ്റിലും അഫ്ഗാന്‍ സൂപ്പര്‍ താരം ഒന്നാമനായി ഇടം നേടി. ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിനെ മറികടന്നുകൊണ്ടായിരുന്നു താരത്തിന്റെ നേട്ടം.

ഏഷ്യാ കപ്പിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറി (ടി-20 ഫോര്‍മാറ്റ്)

(താരം – ടീം – എതിരാളികള്‍ – അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ ആവശ്യമായി വന്ന പന്തുകള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

അസ്മത്തുള്ള ഒമര്‍സായ് – അഫ്ഗാനിസ്ഥാന്‍ – ഹോങ് കോങ് – 20 – 2025*

സൂര്യകുമാര്‍ യാദവ് – ഇന്ത്യ – ഹോങ് കോങ് – 22 – 2022

റഹ്‌മാനുള്ള ഗുര്‍ബാസ് – അഫ്ഗാനിസ്ഥാന്‍ – ശ്രീലങ്ക – 22 – 2022

ടി-20 ഫോര്‍മാറ്റില്‍ നടന്ന ഏഷ്യാ കപ്പിന്റെ റെക്കോഡ് പരിശോധിക്കുമ്പോള്‍ ഒന്നാമനാണെങ്കിലും ഏഷ്യാ കപ്പിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറിയുടെ നേട്ടം താരത്തിന്റെ പേരിലല്ല. 2014ല്‍ ഏകദിന ഫോര്‍മാറ്റില്‍ നടന്ന ഏഷ്യാ കപ്പില്‍ 18 പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ പാക് ലെജന്‍ഡ് ഷാഹിദ് അഫ്രിദിയാണ് ഈ നേട്ടത്തില്‍ ഒന്നാമന്‍.

ഏഷ്യാ കപ്പിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറി (ടി-20 + ഏകദിനം)

(താരം – ടീം – എതിരാളികള്‍ – അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ ആവശ്യമായി വന്ന പന്തുകള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ഷാഹിദ് അഫ്രിദി – പാകിസ്ഥാന്‍ – ബംഗ്ലാദേശ് – 18 – 2014 (ഏകദിനം)

അസ്മത്തുള്ള ഒമര്‍സായ് – അഫ്ഗാനിസ്ഥാന്‍ – ഹോങ് കോങ് – 20 – 2025*

സൂര്യകുമാര്‍ യാദവ് – ഇന്ത്യ – ഹോങ് കോങ് – 22 – 2022

റഹ്‌മാനുള്ള ഗുര്‍ബാസ് – അഫ്ഗാനിസ്ഥാന്‍ – ശ്രീലങ്ക – 22 – 2022

മുഹമ്മദ് നബി – അഫ്ഗാനിസ്ഥാന്‍ – ശ്രീലങ്ക – 24 – 2023 (ഏകദിനം)

സെപ്റ്റംബര്‍ 16നാണ് അഫ്ഗാനിസ്ഥാന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. അബുദാബിയില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാളികള്‍.

Content Highlight: Asia Cup 2025: Azamatullah Omarzai scripted several records

We use cookies to give you the best possible experience. Learn more