2025 ഏഷ്യാ കപ്പിലെ രണ്ടാം സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തില്‍ ആറ് വിക്കറ്റിനാണ് മെന്‍ ഇന്‍ ബ്ലൂവിന്റെ വിജയം. മത്സരത്തില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം ഏഴ് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു ഇന്ത്യ.
ഓപ്പണര്‍ അഭിഷേക് ശര്‍മയുടെയും ശുഭ്മന്‍ ഗില്ലിന്റെയും കരുത്തിലാണ് ടീം വിജയം സ്വന്തമാക്കിയത്. ടീം സ്‌കോര്‍ 105ല്‍ നില്‍ക്കവെയാണ് ഇന്ത്യയ്ക്ക് ഗില്ലിനെ നഷ്ടമായത്. 28 പന്തില്‍ എട്ട് ഫോര്‍ അടക്കം 47 റണ്‍സിനാണ് ശുഭ്മന്‍ ഗില്‍ മടങ്ങിയത്. മാത്രമല്ല 100 റണ്‍സിന്റെ മിന്നും കൂട്ട്‌കെട്ട് നേടാന് അഭിഷേകിനും ഗില്ലിനും സാധിച്ചു. അതേസമയം 39 പന്തില്‍ നിന്ന് അഞ്ച് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 74 റണ്‍സാണ് അഭിഷേക് നേടിയത്. 189.74 എന്ന സ്‌ട്രൈക്ക് റേറ്റിലായികുന്നു താരത്തിന്റെ ബാറ്റിങ് അറ്റാക്ക്.
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും അഭിഷേകിന് സ്വന്തമാക്കാന്‍ സാധിച്ചിരുന്നു. അന്താരാഷ്ട ടി-20യില്‍ പാകിസ്ഥാനെതിരെ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരമാകാനാണ് അഭിഷേകിന് സാധിച്ചത്. ഈ നേട്ടത്തില്‍ മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് വീരനും തന്റെ മെന്ററുമായി യുവരാജ് സിങ്ങിനെ മറികടന്നുകൊണ്ടാണ് അഭിഷേക് ഈ നേട്ടത്തില്‍ ഒന്നാമനായത്. യുവരാജ് 29 പന്തില്‍ നിന്നായിരുന്നു ഈ നേട്ടം സ്വന്തമാക്കിയത്. എന്നാല്‍ പാകിസ്ഥാനെതിരെ അര്‍ധ സെഞ്ച്വറി നേടാന്‍ അഭിഷേകിന് വെറും 24 പന്ത് മാത്രമായിരുന്നു വേണ്ടി വന്നത്.
അതേസമയം ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ നാളെ (ചൊവ്വ) ശ്രീലങ്ക പാകിസ്ഥാനെ നേരിടാനിരിക്കുകയാണ്. ഷെയ്ഖ് സയിദ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മത്സരം പാകിസ്ഥാന് നിര്‍ണായകമാണ്.
അതേസമയം ഇന്ത്യക്കെതിരായ മത്സരത്തില്‍ പാകിസ്ഥാന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ സഹിബ്സാദ ഫര്‍ഹാനാണ്. 45 പന്തില്‍ നിന്ന് മൂന്ന് സിക്സും ഒമ്പത് ഫോറും അടക്കം 58 റണ്‍സ് നേടിയാണ് ഫര്‍ഹാന്‍ മടങ്ങിയത്. ശിവം ദുബെയുടെ പന്തിലാണ് ഫര്‍ഹാനെ ഇന്ത്യയ്ക്ക് പുറത്താക്കിയത്.
അവസാന ഘട്ടത്തില്‍ മുഹമ്മദ് നവാസ് 21 റണ്‍സ് നേടിയെങ്കിലും റണ്‍ ഔട്ടില്‍ പുറത്തായി. പിന്നീട് ക്യാപ്റ്റന്‍ സല്‍മാന്‍ ആഘ 13 പന്തില്‍ 17 റണ്‍സും ഫഹീം അഷ്റഫ് 8 പന്തില്‍ 20 റണ്‍സും നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. അതേസമയം ഇന്ത്യയ്ക്ക് വേണ്ടി ബൗളിങ്ങില്‍ ശിവം ദുബെ രണ്ട് വിക്കറ്റും ഹര്‍ദിക്ക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Content Highlight: Asia Cup 2025: Abhishek Sharma Achieve Great Record Against Pakistan