| Wednesday, 29th January 2025, 11:05 am

എന്നെ അടിമുടി നോക്കിയിട്ട് 'ആ ഷര്‍ട്ട് ഒന്ന് അഴിച്ചേ' എന്ന് അദ്ദേഹം പറഞ്ഞു, ജീവന്‍ പോകുന്ന അവസ്ഥയിലായിരുന്നു ഞാന്‍: അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പി. പത്മരാജന്റെ പെരുവഴിയമ്പലം എന്ന നോവലിനെ ആസ്പദമാക്കി അദ്ദേഹം തന്നെ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് പെരുവഴിയമ്പലം. പത്മരാജന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. നടന്‍ അശോകന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു പെരുവഴിയമ്പലം.

പെരുവഴിയമ്പലത്തിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് അശോകന്‍. അമൃത ടി.വിയിലെ ഓര്‍മയില്‍ എന്നും പത്മരാജന്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അശോകന്‍.

‘പെറ്റുവഴിയമ്പലം എന്ന നോവല്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചതായിരുന്നു. അന്നത്തെ ഒരു സിനിമ പ്രസിദ്ധീകരണമായ ചിത്രരമയില്‍, പ്രശസ്ത സാഹിത്യകാരന്‍ പത്മരാജന്‍ ചലച്ചിത്ര സംവിധായകനാകുന്നു. ഇതില്‍ പ്രധാന കഥാപാത്രമാകാന്‍ പതിനഞ്ചിനും പതിനെട്ടിനും മദ്ധ്യേ പ്രായമുള്ള ആണ്‍കുട്ടികളെ ആവശ്യമുണ്ട്, എന്നൊരു വാര്‍ത്ത കണ്ടു.

ഇത് എന്റെ ബ്രദര്‍ കണ്ടിട്ട് നീ ഇതൊന്ന് അയക്കെന്ന് പറഞ്ഞ് ഞങ്ങള്‍ ഒരു കത്തയച്ചു. എനിക്ക് അഭിനയവുമായി ഒരു ബന്ധവും ഇല്ലായിരുന്നു. പാട്ടായിരുന്നു മെയിന്‍. ഒരു പ്രതീക്ഷയും ഇല്ലാതെ അയച്ച ആ കത്തിന് ഒരാഴ്ച കഴിഞ്ഞപ്പോള്‍ മറുപടി വന്നു. ‘നിങ്ങള്‍ അയച്ച കത്തും ഫോട്ടോയും കിട്ടി. തിരുവന്തപുരം ഹോട്ടല്‍ നികുഞ്ജത്തില്‍ ജൂണില്‍ ഇന്റര്‍വ്യൂ ഉണ്ട്. വരണം’ എന്നായിരുന്നു അതില്‍ ഉണ്ടായിരുന്നത്.

അങ്ങനെ ഞാന്‍ നികുഞ്ജത്തില്‍ പോയപ്പോള്‍ അതിസുന്ദരന്‍മാരായ അഞ്ഞൂറോളം പയ്യന്മാര്‍ ഇരിക്കുന്നു. എനിക്ക് കിട്ടില്ലെന്ന് അപ്പോള്‍ തന്നെ ഉറപ്പായി. ഞാന്‍ അവരെയെല്ലാം കണ്ട് വാസ്തവത്തില്‍ ബോധം കെട്ടുപോയി. ഓഡിഷന് എന്നെയാണ് ഏറ്റവും അവസാനം വിളിച്ചതും.

അങ്ങനെ പത്മരാജന്‍ സാര്‍ വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് ഞാന്‍ അകത്തേക്ക് പോയി. അദ്ദേഹം എന്നോട് വിശേഷങ്ങള്‍ എല്ലാം ചോദിക്കാന്‍ തുടങ്ങി. അത് കഴിഞ്ഞ് എന്നോട് ഒന്ന് എഴുന്നേറ്റ് നില്‍ക്കാന്‍ പറഞ്ഞു. എന്നെ അടിമുടി നോക്കിയിട്ട് ‘ആ ഷര്‍ട്ട് ഒന്ന് അഴിച്ചേ’ എന്ന് പറഞ്ഞു. എന്റെ ജീവന്‍ പോയി. ഞാന്‍ ആകെ അസ്ഥികൂടം പോലെ ഇരിക്കുന്ന സമയമായിരുന്നു. അങ്ങനെ മനസില്ലാ മനസോടെ ഞാന്‍ ആകെ നാണിച്ച് വിഷമിച്ച് ഷര്‍ട്ട് അഴിച്ചു. അവര്‍ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം എന്തൊക്കയോ പറയുന്നുണ്ടായിരുന്നു.

അതെല്ലാം കഴിഞ്ഞ് ഒരുമാസം കഴിഞ്ഞപ്പോഴാണ് ഒരു ട്രങ്ക് കോള്‍ വീട്ടിലേക്ക് വന്നത്. അത് പ്രൊഡക്ഷന്‍ മാനേജര്‍ പിള്ള ആയിരുന്നു. എന്നോട് ഉടനെ തിരുവന്തപുരത്ത് വന്ന് പത്മരാജന്‍ സാറിനെ കാണാന്‍ പറഞ്ഞു. അങ്ങനെയാണ് ഞാന്‍ പെരുവഴിയമ്പലത്തിലേക്ക് എത്തുന്നത്,’ അശോകന്‍ പറയുന്നു.

Content highlight: Ashokan talks about Pathamarajan and Peruvazhiyambalam movie

We use cookies to give you the best possible experience. Learn more