പാമ്പ് കടിയേല്‍പ്പിച്ചുള്ള കൊലപാതകങ്ങള്‍; ചില ചരിത്രങ്ങള്‍
FB Notification
പാമ്പ് കടിയേല്‍പ്പിച്ചുള്ള കൊലപാതകങ്ങള്‍; ചില ചരിത്രങ്ങള്‍
ആശിഷ് ജോസ് അമ്പാട്ട്
Tuesday, 26th May 2020, 11:19 am

കാലിഫോര്‍ണിയില്‍ അവസാനമായി തൂക്കിലേറ്റപ്പെട്ട കുറ്റവാളിയാണ് റോബര്‍ട്ട് എസ് ജെയിംസ്. 1935- ലാണ് രണ്ടു റാറ്റില്‍സ്‌നേക് പാമ്പുകളെ (ഒരുതരം അണലി) ഒരു പാമ്പ് പിടുത്തക്കാരനില്‍ നിന്നും നൂറു ഡോളറിന് വാടയ്‌ക്കെടുത്തു തന്റെ ഭാര്യയെ കടിപ്പിച്ചു കൊല്ലാന്‍ റോബര്‍ട്ട് ശ്രമിക്കുന്നത്.

അന്ന് പതിനായിരം ഡോളറിന് ഭാര്യയുടെ പേരിലെടുത്ത ഇന്‍ഷുറന്‍സ് തുക കൈയ്യില്‍ ആക്കാനായിരുന്നു ഈ കൊലപാതകം പ്ലാന്‍ ചെയ്തത്. രണ്ടു വിഷപാമ്പുകളെ കൊണ്ട് കടിപ്പിച്ചതിനു ശേഷം ഭാര്യയുടെ ശരീരം വീട്ടിലെ നീന്തല്‍ക്കുളത്തില്‍ മുക്കിയിട്ടുകയായിരുന്നു. വളരെ വിദഗ്ധമായി പ്ലാന്‍ ചെയ്ത കൊലപാതകം ആയിരുന്നുവെങ്കിലും റോബോര്‍ട്ടിന്റെ മുന്‍പുള്ള ഭാര്യയും ദുരൂഹ സാഹചര്യത്തില്‍ മുന്‍പ് മരിച്ചിരുന്നുവെന്നതും അവര്‍ക്കുവേണ്ടിയും ഇന്‍ഷുറന്‍സ് തുക ക്ലെയിം ചെയ്തിരുന്നുവെന്നതും ഇന്‍ഷുറന്‍സ് കമ്പനിയിലെ ഉദ്യോഗസ്ഥനു സംശയം ജനിപ്പിക്കുകയും അതിന്റെ ഭാഗമായി നടന്ന പോലീസ് അന്വേഷണമാണ് റോബോര്‍ട്ടിനെ കേസില്‍ കുടുക്കിയത്.

കൊലപാതകത്തില്‍ സഹായി ആയിട്ടും പാമ്പിനെ എത്തിക്കാനും കൂടെ നിന്ന ചാള്‍സ് ഹോപ്പ് എന്നൊരു കൂട്ടുപ്രതി ഈ കാര്യങ്ങളില്‍ ചിലത് മദ്യലഹരിയില്‍ ഒരു ബാറില്‍ വെച്ചു വിളിച്ചു പറഞ്ഞതും കേസില്‍ വഴിത്തിരിവായി.

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 1996-ലാണ് രേവത എന്ന സ്ത്രീ ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ചു പാമ്പ് കടിയേറ്റു മരിച്ചു എന്ന വാര്‍ത്ത വരുന്നത്. തന്റെ മകളെ 25000 രൂപ കൂടി സ്ത്രീധനമായി നല്കണമെന്നു പറഞ്ഞു ഭര്‍ത്താവും അയാളുടെ മാതാപിതാക്കളും പലവിധം ഗാര്‍ഹിക പീഡനത്തിന് വിധേയം ആക്കിയിരുന്നുവെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും രേവതയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതിനു ശേഷം നടന്ന അന്വേഷണത്തില്‍ മരണം പാമ്പ് കടിയേറ്റു അല്ല കഴുത്തുഞെരിച്ചു കൊല്ലുക ആയിരുന്നുവെന്നു തെളിക്കപ്പെപ്പെട്ടു.

സ്ത്രീധനമായി കൂടുതല്‍ പണം വേണമെന്ന് ആവശ്യപ്പെട്ടു ഭര്‍ത്താവിന്റെ വീട്ടുകാര്‍ തന്നെ ഭീഷണിപ്പെടുത്തുന്നതായി അവള്‍ സ്വന്തം മാതാപിതാക്കളെ മുന്‍പ് അറിയിച്ചിരുന്നുവെങ്കിലും ഗാര്‍ഹിക പീഡനം നോര്‍മൈലയ്‌സ് ചെയ്യപ്പെട്ട സാമൂഹിക സാഹചര്യത്തില്‍ അത് വേണ്ടവിധം സീരിയസ്സായി പരിഗണിക്കപ്പെട്ടില്ല. ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചു.

1892യില്‍ പ്രസിദ്ധീകരിക്കപ്പെട്ട ‘The Adventure of the Speckled Band’ എന്ന ഷെര്‍ലോക് ഹോംസ് കഥയില്‍ രണ്ടാനച്ഛന്‍ മരണപ്പെട്ട ഭാര്യയുടെ പേരിലുള്ള സ്വത്തുക്കള്‍ അവരുടെ രണ്ടു പെണ്മക്കളുടെ വിവാഹശേഷം തന്റെ നിയന്ത്രണത്തിന് നിന്നും നഷ്ടം ആകാതെ ഇരിക്കാന്‍ പെണ്മക്കളെ വധിക്കാന്‍ ശ്രമിക്കുന്നതാണ് ഇതിവൃത്തം. ഇന്ത്യയില്‍ വന്നു മെഡിസിന്‍ പ്രാക്ടീസ് ചെയ്തിട്ടുള്ള ഡോക്ടര്‍ റോയല്‍ട്ടു മൂത്തമകളെ ഇന്ത്യയില്‍ നിന്ന് കൊണ്ടുവന്ന ഒരു പാമ്പിനെ കൊണ്ടു കടുപ്പിച്ച് കൊല്ലുന്നു.

മരണവെപ്രാളമൊഴിയില്‍ അവള്‍ പറഞ്ഞത് ‘speckled band’ അതായത് പുള്ളിത്തലക്കെട്ട് എന്നായിരുന്നു. കടിച്ച പാമ്പിന്റെ ഡിസൈന്‍ അനുസരിച്ചു ഉള്ള വിവരണമായിരുന്നു അത്. രണ്ടാമത്തെ മകളെയും സമാനമായ രീതിയില്‍ കൊല്ലാന്‍ നോക്കുന്നതില്‍ നിന്നും ഹോംസ് കുറ്റവാളിയായ രണ്ടാനച്ഛനെ തടയുന്നുണ്ട്. ഇതിന്റെ ഇടയില്‍ ആ പാമ്പിന്റെ തന്നെ കടിയേറ്റു ഡോക്ടര്‍ റോയല്‍ട്ടു മരണപ്പെടുന്നതാണ് കഥയുടെ പര്യവസാനം.

വിഷജന്തുക്കള്‍ കാരണമുള്ള മരണങ്ങളെപ്പറ്റി ചൈനയില്‍ നിന്നുള്ള ഒരു ഫോറന്‍സിക് റിവ്യൂ ആയിട്ടുള്ള ജേണല്‍ പേപ്പറില്‍ (Chen et.al 2013) തന്റെ ഭാര്യയെ കൊല്ലാനായി പതിമൂന്ന് ശംഖുവരയന്‍ പാമ്പുകളെ വാങ്ങി അതില്‍ നിന്നും വിഷം ശേഖരിച്ചു കുത്തിവെച്ച ഒരാളുടെ കേസ് റിപ്പോര്‍ട്ട് ഉണ്ട്. ശംഖുവരയനില്‍ നിന്നുള്ള പ്രധാനപ്പെട്ട വിഷമായ നാഡീവ്യൂഹത്തെ തളര്‍ത്തുന്ന bungarotoxin ആ സ്ത്രീയെ ഉടനടി കൊന്നു കളഞ്ഞു. സ്വാഭാവികമായ പാമ്പുകടിയെന്നാണ് കരുതിയതെങ്കിലും ഒട്ടോപ്‌സി റിപ്പോര്‍ട്ടില്‍ puncture wound പാമ്പിന്റെ പല്ലുകളില്‍ നിന്നല്ല സിറിഞ്ചില്‍ നിന്നാണെന്നു മനസ്സില്‍ ആകുകയും തുടര്‍ അന്വേഷണത്തില്‍ കൊലപാതകം തെളിയുകയും ചെയ്തു.

അമേരിക്കയില്‍ നിന്നുള്ള ടെലിവിഷന്‍ പ്രോഗ്രാമായ Bizarre Murdser-ന്റെ ഒരു എപ്പിസോഡില്‍ 1970കളില്‍ ടെക്‌സാസില്‍ വെച്ചു പ്രതിയായ ഭര്‍ത്താവ് ഭാര്യയെ കൊല്ലുന്നത് റാറ്റില്‍സ്‌നേക് കൊണ്ടു കടിപ്പിച്ചു ആണ്. മരണം വേഗത്തില്‍ സംഭവിക്കുന്നില്ലായെന്നു തോന്നിയപ്പോള്‍ വേറെ വിഷവും കുടിപ്പിച്ചു.

2010-ല്‍ നാഗ്പൂരില്‍ വൃദ്ധദമ്പതിമാര്‍ ആയിരുന്ന ഗണപത് റാവുവും പത്‌നി സരിത ബല്ലേവറും പാമ്പ് കടിയേറ്റ് കൊല്ലപ്പെട്ടു. തുടരന്വേഷണത്തില്‍ ഇത് ഒരു അപകടമരണമായിരുന്നില്ല മറിച്ചു സ്വത്ത് തട്ടി എടുക്കാന്‍ വേണ്ടി സ്വന്തം മകന്‍ തന്നെ ക്വട്ടേഷന്‍ നല്‍കി കൊന്നത് ആണെന്നു പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ബേല്‍ഖെദെ എന്നൊരു പാമ്പ് പിടുത്തക്കാരനു അഞ്ചുലക്ഷം രൂപ നല്‍കി ഒരു മൂര്‍ഖന്‍ പാമ്പിനെ കൊണ്ടു ഇരുവരെയും കടിപ്പിച്ചു കൊല്ലുക ആയിരുന്നു എന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്.

പക്ഷെ ശാസ്ത്രീയവും സാഹചര്യവുമായ തെളിവുകളുടെ അപര്യാപ്തത മുന്‍നിര്‍ത്തി കുറ്റാരോപണം നേരിട്ട മകനെ കോടതി പിന്നീടു വെറുതെവിട്ടു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മൃതദേഹത്തില്‍ നിന്നുള്ള ലക്ഷണങ്ങള്‍ വെച്ചു മരണകാരണം പാമ്പ് കടി ആണെന്ന് കരുതാമെങ്കിലും പ്രത്യേകമായ ടോക്‌സികോളജിക്കല്‍ പരിശോധന നടത്താതെ കൊണ്ട് ഉറപ്പിച്ചു പറയാന്‍ പറ്റില്ല എന്നായിരുന്നു ഫോറന്‍സിക് ഡോക്ടറിന്റെ മൊഴി.

പക്ഷെ ലബോറട്ടറിയില്‍ സൗകര്യമുണ്ടെങ്കില്‍ പാമ്പിന്റെ കടിപ്പാടില്‍ നിന്നുള്ള ടിഷ്യു സാമ്പിള്‍ നിന്നും പാമ്പിന്റെ വിഷത്തിനെപ്പറ്റി പ്രത്യേകമായ പരിശോധനായി എലീസാ ടെസ്റ്റ് (enzyme linked immunoosrbent assay) നടത്താവുന്നതാണ്. പ്രത്യേകമായി ഏത് പാമ്പില്‍ നിന്നുള്ള വിഷം ആണെന്ന് ആന്റിജന്‍സ് നോക്കി അറിയാന്‍ പറ്റും. ബ്രീട്ടീഷ് അക്കാദമി ഓഫ് ഫോറന്‍സിക് സയന്‍സിന്റെ ഔദ്യോഗിക ജേണലില്‍ നാഗ്പൂര്‍ കേസ് റിപ്പോര്‍ട്ട് പ്രസിദ്ധികരിച്ചിട്ടുണ്ട്. ( Ambade et.al 2012)

ഈജിപ്തില്‍ നിന്നുള്ള ഒരു കേസ് റിപ്പോര്‍ട്ട് പ്രകാരം ( Paulis et.al 2016) ഒമ്പതും, ആറും, നാലും വയസ്സുള്ള മൂന്ന് പിഞ്ചു കുഞ്ഞുങ്ങളെ സ്വന്തം പിതാവ് പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊന്നു. തനിക്കു ജനിച്ച മക്കള്‍ മൂന്നും പെണുങ്ങള്‍ ആണെന്ന് പരാതി പറഞ്ഞു ഇയാള്‍ പുതിയ ഒരു സ്ത്രീയെ വിവാഹം കഴിക്കുകയും അവരില്‍ ഒരു ആണ്‍ കുട്ടി ജനിക്കുകയും ചെയ്യുന്നു.

പിന്നീട് പെണ്മക്കള്‍ ബാധ്യത ആണെന്ന് തോന്നിയ അയാള്‍ പാമ്പുകളെ കൈകാര്യം ചെയ്യാന്‍ പരിശീലനം നേടുകയും ഒരു ഈജിപ്തിയന്‍ കോബ്രയെ കൊണ്ടു മൂന്ന് പെണ്മക്കളെയും കടിപ്പിച്ചു കൊന്നു കളയും ചെയ്തു. ഈ ഇനം പാമ്പ് സ്വാഭാവികമായും അങ്ങനെ കാണാത്ത ടൌണ്‍ഷിപ്പില്‍ ഉള്ള ഫ്ളാറ്റിലാണ് പാമ്പ് കടിയേറ്റതെന്നതു സംശയം ജനിപ്പിച്ചു.

തുടര്‍ന്നുള്ള പോലീസിന്റെ ചോദ്യം ചെയ്യലില്‍ ആണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. അത് പോലെ പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ കുട്ടികളുടെ കാലില്‍ ഉള്ള കടിയേറ്റ പാടുകള്‍ സ്വാഭാവികമായ പാമ്പിന്റെ കടിയില്‍ നിന്നും വ്യത്യസ്തമായിരുന്നുവെന്നും നോട്ട് ചെയ്തിരുന്നു. സാധാരണ പാമ്പ് കടികളില്‍ നിന്ന് വ്യത്യസ്തമായി ഒരാള്‍ പാമ്പിനെ കയ്യില്‍ പിടിച്ച് ബലം പ്രയോഗിച്ച് കടിപ്പിക്കുകയാണെങ്കില്‍ തൊലിക്കകത്തേക്ക് ആഴത്തില്‍ പോകാത്ത മുറിപ്പാടുകള്‍ ( superficial fang marks ) ധാരാളം അടുത്തടുത്ത് ഉണ്ടാകാന്‍ ഇടയുണ്ട്.

ഈ കുട്ടികളുടെ ദേഹത്തില്‍ അത്തരം പാടുകള്‍ ധാരാളമുണ്ടായിരുന്നു. കടിയുടെ പാടുകളില്‍ വിഷപ്പല്ല് വെച്ചു വരഞ്ഞത് പോലെ പാമ്പിനെ തലയെ ബലം പിടിച്ചു മാറ്റുമ്പോള്‍ വരാവുന്ന രീതിയില്‍ ഉള്ള മുറിപ്പാടും നിരീക്ഷിച്ചിരുന്നു.

ഫോറന്‍സിക് സൈക്കോളജിസ്റ്റ് ആയ ല്യൂയിസ് ഷെലീസിഞ്ചര്‍ സെഷ്വല്‍ മര്‍ഡേഴ്സ് എന്ന ബുക്കില്‍ തന്റെ ഭാര്യയുടെ ദേഹത്ത് പാമ്പിനെ എറിഞ്ഞു കൊല്ലണമെന്നുള്ള ചിന്ത ഒബ്‌സെക്ഷനായി മാറിയ ഒരു ഭര്‍ത്താവിന്റെ കേസ് റിപ്പോര്‍ട്ടുണ്ട്. ഒടുവില്‍ ഭാര്യയെ അദ്ദേഹം വെടിവെച്ചു കൊന്നു.

ഇന്ത്യയില്‍ നിന്നുള്ള ഫോറന്‍സിക് ലിറ്റര്‍ചറില്‍ പാമ്പുകടി കാരണമുള്ള മരണങ്ങളില്‍ അപൂര്‍വ്വമായി മാത്രേ മനഃപൂര്‍വ്വമായ വധശ്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു. മറ്റ് രീതികളില്‍ കൊന്നിട്ടുള്ള കേസുകളില്‍ പാമ്പ് കടി ആരോപിക്കപ്പെട്ടിട്ടുമുണ്ട്. മോഡിസ് ടെക്സ്റ്റ്ബുക്ക് ഓഫ് മെഡിക്കല്‍ ജുറസ്പ്രൂഡന്‍സ് & ടോക്‌സിക്കോളജിയില്‍ തുറന്ന മുറിവില്‍ മൂര്‍ഖന്റെ വിഷം ഒഴിച്ചു കൊല്ലാന്‍ ഒരാള്‍ ശ്രമിച്ച റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നുണ്ട്.

മറ്റ് ഫോറനസിക് ടെക്സ്റ്റുകള്‍ വിഷപാമ്പുകളെ ഉറങ്ങി കിടക്കുന്ന ഇരയുടെ ദേഹത്ത് വലിച്ചു എറിയുക, ബാത്ത്‌റൂമിലും അലമാരയിലും മറ്റും വിഷപ്പാമ്പിനെ വയ്ക്കുക എന്നീ രീതിയില്‍ കൊലപാതകങ്ങള്‍ നടത്തുന്നതിനെപ്പറ്റി പറയുന്നുണ്ട്. സമയബന്ധിതമായി ശാസ്ത്രീയ തെളിവുകളും സാഹചര്യതെളിവുകളും അന്വേഷണ ഉദ്യോഗസ്ഥന്‍ ശേഖരിക്കുന്നതില്‍ കൂടി മാത്രേ കൃത്യമായും കോടതിയില്‍ കേസ് വാലീഡ് ആയി നിലനില്‍ക്കൂ എന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വിഷപാമ്പുകളെ കൊണ്ട് മനഃപൂര്‍വ്വമായി കടിപ്പിക്കുന്ന അവസരത്തില്‍ കൈകൊണ്ടു പിടിച്ചു കടിപ്പിക്കുക ആണെങ്കില്‍ വരുന്ന സൂപ്പര്‍ഫിഷ്യല്‍ ആയിട്ടുള്ള മള്‍ട്ടിപ്പിള്‍ ഫാഗ് മാര്‍ക്കുകള്‍, ഇരയെ ബലമായി കെട്ടിയിട്ടുണ്ടെങ്കില്‍ വരാവുന്ന ത്വക്കിലെ പാടുകള്‍ ( ഉദാഹരണത്തിന് 22ഫീമെയില്‍ കോട്ടയത്തില്‍ പ്രതാപ് പോത്തന്റെ കഥാപാത്രത്തെ കൊല്ലുന്ന രംഗം ഓര്‍ക്കുക) എന്നിവ പോസ്റ്റ്മോര്‍ട്ടത്തില്‍ കൊലപാതകശ്രമത്തിന്റെ സൂചനകളായി വരാവുന്നതാണ്.

അത് പോലെ സ്വാഭാവികമായും കാണാത്ത പ്രദേശത്ത് ഒരു പ്രത്യേക പാമ്പിന്റെ വിഷകടി വന്നെങ്കില്‍ അതും ദുരൂഹത സൂചിപ്പിക്കാം. എന്റെ പരിമിതമായ അറിവില്‍ ഇന്ത്യയില്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊണ്ടുള്ള മനുഷ്യഹത്യങ്ങളില്‍ കൊലപാതകമാകാത്ത കുറ്റകരമായ നരഹത്യ( culpable homicide not amounting to murder) എന്ന രീതിയില്‍ മാത്രേ ശിക്ഷ വിധികള്‍ ഉണ്ടായിട്ടുള്ളൂ. കൊലപാതക കുറ്റം ചുമത്തി കൊണ്ടുള്ള ശിക്ഷവിധി ഇതുവരെ ഉണ്ടായിട്ടില്ല!

ബംഗാളില്‍ പ്രവര്‍ത്തിച്ചിരുന്ന ആംഗ്ലിക്കന്‍ ഡോക്ടര്‍ ആയിരുന്ന നോര്‍മാന്‍ ഷെവേഴ്സ് ‘A Manual of Medical Jurisprudence for Bengal and the North-Western Provinces (1856)’ എന്ന ഗ്രന്ഥത്തില്‍ ഇന്ത്യയില്‍ സര്‍പ്പദര്‍ശനം എന്ന പേരില്‍ പല കൊലപാതകങ്ങളും അപകടമരണങ്ങളായി തള്ളി പോകുന്നുവെന്ന് പറയുന്നുണ്ട്. പാമ്പുകളെ കൊലപാതക ആവശ്യത്തിന് വേണ്ടി ഉപയോഗിക്കുന്ന രീതി പ്രാചീന ഇന്ത്യയിലും നിലനിന്നിരിക്കാമെന്നു അതിനെതിരെ ഹിന്ദു നിയമ സംഹിതയില്‍ ഉള്ള നിയമം തെളിവ് ആയിട്ടു നോര്‍മാന്‍ കാണിക്കുന്നുണ്ട്. വിഷസര്‍പ്പങ്ങള്‍ ഉള്ള കുഴിയില്‍ എറിഞ്ഞോ അല്ലായെങ്കില്‍ വിഷസര്‍പ്പമുള്ള സഞ്ചിയില്‍ കൈവെപ്പിച്ചോ കൊല്ലുന്ന ശിക്ഷരീതികള്‍ പണ്ട് നിലനിന്നിരുന്നു.

സ്വത്ത് കൈക്കലാക്കുക എന്ന ഉദ്ദേശത്തില്‍ തന്റെ ഭാര്യയെ കൊന്നു കളയാന്‍ കൊല്ലം സ്വദേശിയായ സൂരജ് വിഷപാമ്പിനെ തിരഞ്ഞെടുത്തത് താന്‍ പിടിക്കപ്പെട്ടില്ല എന്ന ആത്മവിശ്വാസത്തില്‍ ആകാം. പക്ഷെ ക്രിമിനല്‍ പ്ലാനിംഗോടെ ആസൂത്രിതമായി നടത്തിയ ഈ കൊലപാതകത്തിന്റെ തെളിവുകള്‍ ലഭിക്കുന്നുണ്ട്. കോടതിയില്‍ നിന്നും ഇനി മാതൃകാപരമായ വിധിന്യായം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

ഭാര്യയെ സ്ത്രീധനം ലഭിക്കാനുള്ള ഒരു വിപണന ചരക്കും തന്റെ ആവശ്യങ്ങള്‍ക്കുള്ള സബ്ഹ്യൂമനുമായി പുരുഷനെ പഠിപ്പിക്കുന്ന പുരുഷാധിപത്യ-സ്ത്രീവിരുദ്ധ സംസ്‌കാരവും ഇവിടെ പ്രതിയാണ്. വിവാഹം എന്നത് രണ്ടു വ്യക്തികളുടെ പരസ്പരബഹുമാനത്തിന്റെയും താല്‍പര്യത്തിന്റെയും പുറത്ത് ഉണ്ടാവേണ്ടത് ആണെന്നും അതില്‍ ടോക്‌സിക് ആയ അധികാര അസമത്വവും ഗാര്‍ഹിക പീഡനവും കടന്നുവന്നാല്‍ നിര്‍ത്തി പോരാനുള്ള സ്പേസ് നല്‍കുന്ന രീതിയില്‍ നമ്മുടെ സാമൂഹിക ബോധം മാറേണ്ടതുണ്ട്.

ചൂഷണം നടത്തുന്നതും അബ്യൂസിവും ആയ പങ്കാളിയെ സഹിച്ചു കഴിയേണ്ട രീതിയില്‍ വിവാഹബന്ധം തുടരുന്നതിനെ ന്യായികരിക്കാനും നോര്‍മൈലൈസ് ചെയ്യാനും കുടുംബമഹിമ എന്നൊരു ദുരഭിമാനബോധം കൊണ്ട് കണ്ടീഷന്‍ ചെയ്യുന്ന സോഷ്യല്‍ സിസ്റ്റം ലീഡ് ചെയ്യുന്ന എക്സ്ട്രീം ആയ പൊസിഷനാണ് ഇത്തരം ഗാര്‍ഹിക കൊലപാതകങ്ങള്‍. കൊലപാതകങ്ങളില്‍ എത്തുന്നു ഇല്ലായെങ്കിലും നമ്മുടെ ചുറ്റുമുള്ള ധാരാളം കുടുബങ്ങളില്‍ ഈ ടോക്സിസിറ്റി നിലനില്‍ക്കുന്നുണ്ട്.

കൊല്ലത്തു നടന്ന ഈ കൊലപാതകത്തില്‍ സൂരജിന്റെ കൂട്ടുപ്രതിയായി ഉള്‍പ്പെടുത്തിയിരിക്കുന്ന കല്ലുവാതുക്കല്‍ സ്വദേശി സുരേഷ് പാമ്പുകളെ വെച്ചു പ്രകടനം കാണിക്കുന്ന ചില ദൃശ്യങ്ങള്‍ കണ്ടു. സ്‌നേക് റെസ്‌ക്യൂവര്‍ എന്നാണ് പറയുന്നതെങ്കിലും ആ വീഡിയൊകളില്‍ പിടിക്കുന്ന പാമ്പുകളെ വെച്ചു അനാവശ്യപ്രദര്‍ശനവും സര്‍ക്കസ്സും കാണിച്ചു പാമ്പുകളെ കൊല്ലാതെ കൊല്ലുന്ന ദ്രോഹം പ്രകടമായിരുന്നു.

ഇവിടെ കൊലപാതകത്തിന് ഉപയോഗിച്ച അണലിയും മൂര്‍ഖനും (വാര്‍ത്തമാധ്യമങ്ങളില്‍ വരുന്നത് പോലെ കരിമൂര്‍ഖനെന്നൊരു പ്രത്യേക സ്പീഷ്യസ് കേരളത്തില്‍ ഇല്ല. പല നിറത്തില്‍ വരാമെങ്കിലും ഉള്ളത് ഒരൊറ്റ സ്‌പെഷ്യസായ Naja naja എന്ന ഇന്ത്യന്‍ കോബ്ര മാത്രമാണ് ). വന്യജീവി സംരക്ഷണ നിയമം (1972) പ്രകാരം ഷെഡ്യൂള്‍ രണ്ടു പാര്‍ട്ടു രണ്ടില്‍ വരുന്നതിനാല്‍ അവയെ നിയമവിരുദ്ധമായി കൈവശം വയ്ക്കുന്നതും വില്‍പ്പന ചെയ്യുന്നതും ഗുരുതരമായ കുറ്റകൃത്യങ്ങളാണ്.

ഇതോടൊപ്പം കൊലപാതകത്തിനു അനുസൃതമായി കുറ്റകരമായ ഗൂഢാലോചനയിലും അയാള്‍ പങ്കുചേര്‍ന്നുണ്ടെന്നാണ് വാര്‍ത്തയില്‍ നിന്നും മനസ്സില്‍ ആവുന്നത്. സ്‌നേക് റെക്സ്യൂ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മനഃപൂര്‍വ്വമായിട്ടോ അല്ലാതെയോ ഇത്തരം കേസുകളില്‍ എത്തിപ്പെടാതെ ഇരിക്കാന്‍ കൃത്യമായും ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ നിര്‍ദ്ദേശം അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കണം. നിയമവിരുദ്ധമായ രീതിയില്‍ പാമ്പുകളെ ഒരു കാരണവശാലും കൈവശം വയ്ക്കുകയും വില്‍പന ചെയ്യുകയും അരുത്.

വിഷപാമ്പുകളില്‍ നിന്നും കടി ഏല്‍ക്കുന്ന അവസരത്തില്‍ ശരീരത്തില്‍ വിഷമേറ്റു മരണം സംഭവിക്കുന്നത് ‘ophitoxaemia’ എന്നൊരു അവസ്ഥ കാരണമാണ്. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വിഷപാമ്പുകളില്‍ നിന്നുള്ള മരണങ്ങളില്‍ ഭൂരിപക്ഷവും മൂര്‍ഖന്‍, ശംഖുവരയന്‍, ചേനതണ്ടന്‍ അണലി, ചുരുട്ട അണലി എന്നീ നാല് ഇനങ്ങളില്‍ നിന്നാണ്. ഓരോതരം വിഷവും നാഡീവ്യൂഹത്തെയും രക്തത്തെയും മറ്റ് ആന്തരിക ഘടനകളെയും പ്രത്യേകമായി ബാധിച്ചു മരണം ഉണ്ടാകാം.

വലിയ ഒരളിവില്‍ വിഷപാമ്പില്‍ നിന്നുള്ള മരണങ്ങള്‍ ഉറക്കത്തില്‍ കിടക്കുമ്പോള്‍ ഉണ്ടാകാറുണ്ടെന്നു സ്‌നേക്‌ബൈറ്റിനെപ്പറ്റി നടത്തിയ ഇന്‍സിഡെന്‍സ് പഠനം സൂചിപ്പിക്കുന്നു (Rahman et.al 2010). ഉറക്കത്തില്‍ കടി ഏല്‍ക്കുന്ന അവസരത്തില്‍ പലപ്പോഴും ആള് അത് അറിയാതെ വരാം ചിലപ്പോള്‍ പ്രതികരിക്കാന്‍ ആവാതെ പരാലിസിസും സംഭവിക്കാം. അസഹീനമായ വേദനയും ശ്വാസംമുട്ടലും ഛര്‍ദ്ദിയും പോലെയുള്ള അസ്വാസ്ഥ്യങ്ങളും കടന്നു വന്നാല്‍ ആള് ഉറക്കത്തില്‍ നിന്നും ഉണരുന്നതാണ് പക്ഷെ കൊലപാതകി അടുത്തുള്ള ഭര്‍ത്താവ് ആണെങ്കില്‍ വൈദ്യസഹായം വൈകിപ്പിക്കാം.

ഉറക്കഗുളിക ഉയര്‍ന്ന അളവില്‍ നല്‍കിയും പാമ്പ് കടിയേറ്റത്തിന് ശേഷം ആള്‍ ഉണരുന്നില്ല എന്നു ഉറപ്പ് ആക്കാം പക്ഷെ ഈ കാര്യം പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടതാവുന്നതാണ്. ഈ സാധ്യതയെ ദുരുപയോഗം ചെയ്താണ് കൊല്ലത്തു സൂരജ് കൊലപാതകം നടത്തിയത്. സാഹചര്യത്തെളിവുകള്‍, ശാസ്ത്രീയത്തെളിവുകള്‍ സാങ്കേതികത്തെളിവുകള്‍ എന്നിവ കോര്‍ത്തുവെച്ച് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കി കുറ്റം സംശയാതീതമായി തെളിച്ചു കൃത്യമായി വിധിന്യായം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

അതിന് സാധിച്ചാല്‍ അത് ചരിത്രം ആകും, ഈ രീതിയില്‍ ഉള്ള കൊലപാതകങ്ങള്‍ക്ക് ശിക്ഷ നല്‍കാന്‍ അത് റഫറന്‍സ് വരെ ആയിട്ടു മാറാം. അങ്ങനെ ഭാവിയില്‍ സമാനമായ രീതിയില്‍ കൊലപാതകശ്രമങ്ങള്‍ വരുന്നതിനെ പ്രതിരോധിക്കാം!

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക