ചിരവൈരികളായ ഇംഗ്ലണ്ടിനെ സ്വന്തം മണ്ണില്‍ നേരിടാനൊരുങ്ങുന്ന ഓസ്‌ട്രേലിയക്ക് വമ്പന്‍ തിരിച്ചടി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് പിന്നാലെ വെറ്ററന്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡും ആദ്യ മത്സരത്തില്‍ നിന്നും പുറത്തായിരിക്കുകയാണ്. ഹാംസ്ട്രിങ് ഇന്‍ജുറിയാണ് താരത്തെ പിന്നോട്ടുവലിച്ചിരിക്കുന്നത്.
ഷെഫീല്‍ഡ് ഷീല്‍ഡില്‍ വിക്ടോറിയക്കെതിരായ മത്സരത്തിലാണ് ന്യൂ സൗത്ത് വെയ്ല്‍സ് താരം ഹെയ്‌സല്‍വുഡിന് പരിക്കേറ്റത്. പ്രഥമ പരിശോധനയില്‍ പേശികള്‍ക്ക് പരിക്കൊന്നുമില്ലെന്ന് കണ്ടെങ്കിലും തുടര്‍പരിശോധനയില്‍ താരത്തിന് പരിക്കേറ്റിട്ടുണ്ടെന്ന് വ്യക്തമാവുകയായിരുന്നു.
ഇതോടെ പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നവംബര്‍ 21ന് നടക്കുന്ന മത്സരത്തില്‍ നിന്നും താരം പുറത്തായിരിക്കുകയാണ്.
‘ബുധനാഴ്ച നടന്ന സ്‌കാനുകളില്‍ പരിക്കൊന്നുമില്ലെന്ന് കണ്ടെത്തിയെങ്കിലും ഫോളോ അപ് പരിശോധനയില്‍ താരത്തിന് പരിക്കേറ്റിട്ടുണ്ടെന്ന് ഉറപ്പാവുകയായിരുന്നു. ഇതുകൊണ്ടുതന്നെ പെര്‍ത്തില്‍ നടക്കുന്ന ആദ്യ ആഷസ് മത്സരത്തില്‍ നിന്നും താരം പുറത്തായിരിക്കുകയാണ്,’ ക്രിക്കറ്റ് ഓസ്‌ട്രേലിയ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
JUST IN: Big blow for Australia six days out from the Perth Test #Ashes
നേരത്തെ പുറം ഭാഗത്തിന് പരിക്കേറ്റ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനും ആദ്യ ടെസ്റ്റ് നഷ്ടമാകുമെന്ന് ഉറപ്പായിരുന്നു. രണ്ടാം ടെസ്റ്റില്‍ താരം സ്‌ക്വാഡിലേക്ക് മടങ്ങിയെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഹെയ്‌സല്‍വുഡിന് എത്രകാലത്തെ വിശ്രമം വേണ്ടിവരുമെന്ന കാര്യത്തില്‍ ഉറപ്പായിട്ടില്ല. ഷോണ്‍ അബോട്ടിന്റെ കാര്യവും ഉറപ്പായിട്ടില്ല.
അതേസമയം, ഓസ്‌ട്രേലിയക്കായി മൈക്കല്‍ നെസന്‍ ടീമിന്റെ ഭാഗമായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
കമ്മിന്‍സിന്റെയും ഹെയ്‌സല്‍വുഡിന്റെയും അഭാവത്തില്‍ പേസാക്രമണത്തിന്റെ ചുമതല മുഴുവന്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് ഏറ്റെടുക്കേണ്ടി വരും. സ്റ്റാര്‍ക്കിന് പിന്തുണയായി സ്‌കോട് ബോളണ്ടും ഇംഗ്ലണ്ടിനെതിരെ കളത്തിലിറങ്ങും.