സീരിയൽ ലോകത്ത് നിന്ന് സിനിമയിലേക്ക് എത്തിയ താരമാണ് ആശാ ശരത്. 2012ൽ പുറത്തിറങ്ങിയ ഫ്രൈഡേ എന്ന ചിത്രത്തിലൂടെയാണ് ആശാ ശരത് സിനിമ ജീവിതം ആരംഭിക്കുന്നത്. തുടർന്ന് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രം താരത്തിന്റെ കരിയറിന് വഴിത്തിരിവായി മാറി. പിന്നീട് മലയാളത്തിലും മറ്റ് ഭാഷകളിലുമായി നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് അവസരം ലഭിച്ചു.
കുങ്കുമപ്പൂവ് എന്ന സീരിയലിലെ പ്രൊഫസർ ജയന്തി എന്ന കഥാപാത്രത്തിലൂടെയാണ് ആശാ ശരത് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്. ഇന്നും പലരും താരത്തെ ‘പ്രൊഫസർ ജയന്തി’ എന്ന പേരിൽ വിളിക്കാറുണ്ടെന്നും ആ കഥാപാത്രം ഇന്നും പ്രേക്ഷകരുടെ ഉള്ളിൽ നിലനിൽക്കുന്നുണ്ടെന്നും പറയുകയാണ് ആശാ ശരത്. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കഥാപാത്രത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചത്.
‘പ്രൊഫസർ ജയന്തി എന്ന കഥാപാത്രം ആദ്യത്തെ കുറച്ച് എപ്പിസോഡുകളിൽ വളരെ നെഗറ്റീവ് ആയിരുന്നു. ഇപ്പോഴും പലരും ‘പ്രൊഫസർ ജയന്തിയല്ലേ’ എന്ന് ചോദിക്കാറുണ്ട്. ആ കഥാപാത്രം ആളുകൾ മറന്നിട്ടില്ല എന്നത് വലിയ സന്തോഷമാണ്. പോസിറ്റീവും നെഗറ്റീവുമായ എല്ലാ ഷേഡുകളും ഉള്ള ഒരു രസകരമായ കഥാപാത്രമായിരുന്നു അത്,’ ആശാ ശരത് പറഞ്ഞു.
ആദ്യഘട്ടത്തിൽ കുറച്ച് എപ്പിസോഡുകൾ മാത്രം നീണ്ടു പോകുന്ന കഥാപാത്രമായിരുന്നു പ്രൊഫസർ ജയന്തിയെന്നും എന്നാൽ പ്രേക്ഷകരുടെ ഇഷ്ടം കൊണ്ട് മാത്രം നീണ്ടുപോയതാണ് ആ കഥാപാത്രമെന്നും താരം പറഞ്ഞു.
‘ഏകദേശം മുപ്പത് എപ്പിസോഡുകൾക്ക് ശേഷം ആ കഥാപാത്രം മരിച്ച് പോകുമായിരുന്നു. ദുബായിൽ താമസിക്കുന്നതിനാൽ ഫുൾ-ലെങ്ത് കഥാപാത്രം ചെയ്യുന്നത് ബുദ്ധിമുട്ടായിരുന്നു. പക്ഷേ പ്രേക്ഷകരുടെ ഇഷ്ടം കൊണ്ട് ആ കഥാപാത്രം നീണ്ടു നീണ്ടു ഏകദേശം പത്തഞ്ഞൂറ് എപ്പിസോഡുകൾ വരെ പോയി. അത് എനിക്ക് ഏറെ സന്തോഷം നൽകിയ കാര്യമാണ്,’ താരം കൂട്ടിച്ചേർത്തു.
സീരിയൽ ലോകത്തേക്ക് എത്തുന്നതിന് മുമ്പ് ദുബായിൽ വച്ച് ഒരു ടെലിഫിലിം ചെയ്തിരുന്നുവെന്നും അതിന് തനിക്ക് സംസ്ഥാന അവാർഡ് ലഭിച്ചിരുന്നുവെന്നും ആശാ ശരത് പറഞ്ഞു. ആ ടെലിഫിലിം കണ്ടിട്ടാണ് ഏഷ്യാനെറ്റ് തന്നെ കുങ്കുമപ്പൂവ് സീരിയലിലേക്ക് ക്ഷണിച്ചതെന്നും താരം പറഞ്ഞു.
ജയറാം–കാളിദാസ് ജയറാം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ആശകൾ ആയിരം ആണ് ആശാ ശരതിന്റെ ഏറ്റവും പുതിയ ചിത്രം. 22 വർഷങ്ങൾക്ക് ശേഷം അച്ഛനും മകനും ഒന്നിച്ചെത്തിയ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ജെ. പ്രജിത്ത് സംവിധാനം ചെയ്ത ചിത്രം നിലവിൽ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
Content Hoighlight: Asha sharath talk about the character jayanthi
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.