താങ്ങാവുന്നതിലും അധികം ശമ്പളം നല്‍കി പോറ്റുന്ന സര്‍ക്കാര്‍ ആശുപത്രികള്‍ ഈ ക്രൂരത ചെയ്യരുത് | ആശ റാണി
DISCOURSE
താങ്ങാവുന്നതിലും അധികം ശമ്പളം നല്‍കി പോറ്റുന്ന സര്‍ക്കാര്‍ ആശുപത്രികള്‍ ഈ ക്രൂരത ചെയ്യരുത് | ആശ റാണി
ആശ റാണി
Sunday, 11th September 2022, 1:42 pm

കഴിഞ്ഞ ദിവസം നായകടിയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായി മരണപ്പെട്ട അഭിരാമിയുടെ കുടുംബം സംസാരിക്കുന്ന വാര്‍ത്തകള്‍ കണ്ടു.
നായകടിച്ചാല്‍ അവിടം സോപ്പ് ഉപയോഗിച്ച് കഴുകണം എന്നത് പ്രഥമശുശ്രൂഷയാണ്. നായകടിയേറ്റ കുട്ടിയെ ഗുരുതര മുറിവുകളുമായി ഉടന്‍ തന്നെ കുടുംബം പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു.

പ്രാഥമിക ആരോഗ്യകേന്ദ്രം എട്ടര മണിയായിട്ടും പ്രവര്‍ത്തനം തുടങ്ങാത്തതിനാല്‍ കുട്ടിയുമായി ജനറല്‍ ഹോസ്പിറ്റലിലേക്ക് പോകുകയായിരുന്നു. അതും ആംബുലന്‍സ് കാത്തിരുന്ന് കിട്ടാതെ ആയപ്പോള്‍ ഓട്ടോറിക്ഷ വിളിച്ച്. മുഖത്തേറ്റ കടിയെ പറ്റി മുന്നറിയിപ്പ് നല്‍കാനും മുറിവ് സോപ്പ് ഉപയോഗിച്ച് കഴുകാനും പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ഒരാള്‍ പോലും ഉണ്ടായിരുന്നില്ലെ?

ജനറല്‍ ആശുപത്രിയില്‍ എത്തിയിട്ടും ഉടന്‍ മുറിവ് കഴുകാതെ ഡോക്ടര്‍ നഴ്‌സിനോട് നിര്‍ദ്ദേശിക്കുകയും, നഴ്‌സ് അറ്റന്‍ഡറോട് പറയുകയും ചെയ്യുന്നു. അറ്റന്‍ഡര്‍ കുട്ടിയുടെ പാരന്റ്‌സിനോട് സോപ്പ് വാങ്ങി വരാന്‍ ആവശ്യപ്പെടുന്നു. സോപ്പു വാങ്ങി വരുമ്പോള്‍ ആശുപത്രി ജീവനക്കാര്‍ മുറിവ് കഴുകാതെ കുട്ടിയുടെ പിതാവിനെ കൊണ്ട് തന്നെ കഴുകിപ്പിക്കുന്നു. മുഖത്തേറ്റ മാരകമായ മുറിവ് ഉള്‍പ്പടെ ആണന്ന് ഓര്‍ക്കണം. അതും ഒരു കുട്ടിയുടെ.

നായയുടെ കടിയേറ്റ് മരിച്ച അഭിരാമി

മാനസികമായി തകര്‍ന്ന് നില്‍ക്കുന്ന അടുത്ത ബന്ധുക്കളോട് ഗുരുതര മുറിവുകള്‍ കഴുകി വൃത്തിയാക്കാന്‍ പറയുന്നത് എന്ത് ക്രൂരതയാണ്. അതോ ഇതാണോ സര്‍ക്കാര്‍ ആശുപത്രികളിലെ പൊതു രീതി? ഒരു ആശുപത്രി പ്രവര്‍ത്തിക്കുന്നത് സോപ്പു പോലും ഇല്ലാതെയാണോ? അതും നായകടി സ്ഥിരം സംഭവ മായ കാലഘട്ടത്തില്‍? സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന പാവപ്പെട്ട രോഗികളുടെ ബന്ധുക്കളെ നെട്ടോട്ടം ഓടിക്കുന്നത് ഇവിടെ പതിവ് സംഭവമാണല്ലോ.

(നായ കടിയേറ്റ ഉടന്‍ മുറിവ് സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം അത് വീട്ടില്‍ ചെയ്യേണ്ടതാണ്. പക്ഷെ ആശുപത്രിയില്‍ എത്തിയിട്ടും വീട്ടുകാര്‍ തന്നെ ചെയ്യണം എന്ന് പറയുന്നത് എന്ത് ലോജിക്കാണ് അല്ലെങ്കില്‍ തന്നെ പ്രഥമ ശുശ്രൂഷയെ പറ്റി എന്ത് പരിശീലനമാണ് നമ്മുടെ നാട്ടില്‍ ജനങ്ങള്‍ക്ക് ലഭ്യമായിരിക്കുന്നത്? വിദ്യാഭ്യാസത്തിന്റെ ഏതെങ്കിലും കാലഘട്ടത്തില്‍ വര്‍ഷത്തില്‍ കുറച്ച് മണിക്കൂര്‍ പ്രഥമശുശ്രൂഷ പഠനത്തിനും തീപിടുത്തം, വെളളത്തില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ ഇവയൊക്കെ പോലുളള പ്രാഥമിക ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളെ പറ്റി അവബോധം നല്‍കാനും ഉപയോഗിച്ചിരുന്നു എങ്കില്‍ )

അഭിരാമിയുടെ മാതാപിതാക്കള്‍

അത്യാവശ്യമായി ആരോഗ്യമേഖല ജീവനക്കാരെ ഈ സേവന മേഖലയേയും നമ്മുടെ സാമൂഹ്യ അവസ്ഥകളേയും പറ്റി ബോധവത്കരിക്കേണ്ടതുണ്ട്. ജനങ്ങള്‍ മുന്‍കൂറായി നല്‍കുന്ന പണത്തിനാണ് ഇവര്‍ ചികിത്സ നല്‍കുന്നത് അല്ലാതെ സൗജന്യ സേവനമല്ല. മാത്രമല്ല ഒരു മൂന്നാം ലോക രാജ്യത്തിന്റെ സാമൂഹ്യ അവസ്ഥയില്‍ അഫോഡ് ചെയ്യാന്‍ സാധിക്കുന്ന തിലും വളരെ ഉയര്‍ന്ന ശമ്പളം നല്‍കിയാണ് സര്‍ക്കാരുദ്യോഗസ്ഥരെ പോറ്റുന്നത്. അതുകൊണ്ട് തന്നെ മാന്യമായതും ഉത്തരവാദിത്വം ഉളളതുമായ സേവനം ജനങ്ങളുടെ അവകാശമാണ്.

Content Highlight: Asha Rani writes about stray dog issue and the inefficiency of govt hospitals in Kerala