ബോസ് എങ്കിറ ഭാസ്കരൻ, മദ്രസാപട്ടിണം , രാജാ റാണി, സർപട്ട പരമ്പരൈ തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ തമിഴ് സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് ആര്യ. ഉറുമി, ഡബിൾ ബാരൽ, ദി ഗ്രേറ്റ് ഫാദർ തുടങ്ങിയ മലയാള സിനിമകളിൽ അഭിനയിക്കുകയും നിർമാണ രംഗത്തും സാന്നിധ്യം അറിയിക്കുകയും ചെയ്ത താരം മലയാളി പ്രേക്ഷകർക്കും സുപരിചിതനാണ്. സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുന്നതിനിടെയാണ് ആര്യ യാദൃശ്ചികമായി സിനിമയിലേക്ക് എത്തിപ്പെടുന്നത്. ‘അറിന്തും അറിയാമലും’ എന്ന ചിത്രത്തിലൂടെ സഹനടനായി അരങ്ങേറ്റം കുറിച്ച താരം മികച്ച നവാഗത നടനുള്ള ഫിലിംഫെയർ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.
ചെന്നൈയിൽ മോഡലിങ്ങിൽ സജീവമായിരുന്ന കാലത്ത് സിനിമയിലേക്ക് എത്തിയതിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് ഇപ്പോൾ നടൻ. പേർളി മാണി ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ ആദ്യ സിനിമയായ ‘ഉള്ളം കെട്കുമേ’ വളരെ അപ്രതീക്ഷിതമായി ലഭിച്ച അവസരമായിരുന്നു. സംവിധായകൻ ജീവയെ ഒരു ദിവസം പള്ളിയിൽ വെച്ചാണ് ഞാൻ ആദ്യമായി കാണുന്നത്. അന്ന് ഞാൻ ചെന്നൈയിൽ മോഡലിങ്ങിൽ ആയിരുന്നു. ഒരു പരസ്യ ചിത്രത്തിന് വേണ്ടിയാണ് നമ്പർ വാങ്ങുന്നതെന്ന് ഞാൻ കരുതിയത്. പിന്നീട് ഓഡിഷന് വിളിച്ചപ്പോൾ അവിടെ എത്തിയ ശേഷമാണ് അത് ഒരു സിനിമയുടെ ഓഡിഷനാണെന്ന് മനസിലായത്.
സ്ക്രീൻ ടെസ്റ്റിൽ ഞാൻ വളരെ മോശമായിട്ടായിരുന്നു ചെയ്തത്. കാരണം മോഡലിങ്ങിൽ ഫോട്ടോഷൂട്ടും റാംപ് വാക്കും മാത്രമാണ് ചെയ്തിരുന്നത്. വീണ്ടും വീണ്ടും സീൻ ചെയ്യാൻ പറഞ്ഞിട്ടും ഞാൻ നന്നാക്കിയില്ല. ഒടുവിൽ എന്നോട് പോകാമെന്ന് പറഞ്ഞു. അടുത്ത ദിവസം വീണ്ടും വിളിച്ചു. അപ്പോഴും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ സിനിമ കിട്ടുമെന്ന പ്രതീക്ഷ എനിക്ക് ഇല്ലായിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് ശേഷം സംവിധായകൻ എന്നെ വീട്ടിലേക്ക് വിളിപ്പിച്ചു. അവിടെ എത്തിയപ്പോൾ ഈ സിനിമയിലെ നായകൻ നീയാണ് എന്ന് പറഞ്ഞു. അത് കേട്ട് ഞാൻ ഞെട്ടിപ്പോയി. എന്നാൽ അതിന് പിന്നാലെ അദ്ദേഹം പറഞ്ഞ ഒരു കാര്യം ഇന്നും ഓർക്കുന്നുണ്ട്. നിന്റെ ടാലന്റ് കൊണ്ടാണ് സിനിമ കിട്ടിയതെന്ന് കരുതരുത്. ഇത് നിനക്ക് ദൈവം തന്ന അവസരമാണ്. നിന്നെക്കാൾ കഴിവുള്ള ആയിരക്കണക്കിന് ആളുകൾ പുറത്തുണ്ട്’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
പിന്നീട് തന്റെ അസിസ്റ്റന്റിനോട് ഈ ബഫൂണിന് ഒന്നും അറിയില്ലെന്നും എന്നെ അഭിനയവും ക്യാമറയും സിനിമയുടെ അടിസ്ഥാന കാര്യങ്ങളും പഠിപ്പിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് ഞാൻ അഭിനയത്തെ ഗൗരവമായി പഠിക്കാൻ തുടങ്ങിയത്.
പക്ഷേ ആ സിനിമ റിലീസ് ആകാൻ ഏകദേശം മൂന്ന് വർഷമെടുത്തു. അതിനിടെ എൻജിനീയറിങ് പഠനം പൂർത്തിയാക്കി. അമേരിക്കയിൽ പഠിക്കാൻ അഡ്മിഷനും ലഭിച്ചിരുന്നു. എന്നാൽ ചില കാരണങ്ങളാൽ അത് മുന്നോട്ടുപോയില്ല. അങ്ങനെയിരിക്കെയാണ് സംവിധായകൻ വിഷ്ണുവർധനെ കാണുന്നത്.
അദ്ദേഹം ഒരു സിനിമ ചെയ്യുകയാണെന്നും അതിൽ ഒരു വേഷം നൽകാമെന്നും പറഞ്ഞു. നായക വേഷമല്ല, ഒരു കോമഡി വില്ലൻ കഥാപാത്രമായിരുന്നു അത്. സിനിമയിൽ അഞ്ച് പാട്ടുകൾ ഉണ്ടെന്നും അതിൽ ഒരു പാട്ട് എനിക്ക് തരാമെന്നും പറഞ്ഞു. പിന്നീട് ‘തീപ്പിടിക്ക’ എന്ന പാട്ട് വലിയ ശ്രദ്ധ നേടി. വളരെ ചെറിയ ബജറ്റിൽ ചെയ്ത സിനിമയായിരുന്നു അത്. ഷൂട്ടിങ് സമയത്ത് മോണിറ്റർ പോലും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ചിത്രീകരണ സമയത്ത് അഭിനയം എങ്ങനെയുണ്ടെന്ന് അറിയാൻ സാധിക്കില്ലായിരുന്നു. എന്നാൽ സിനിമ റിലീസ് ചെയ്തതിന് ശേഷം അത് വലിയ വിജയമായി മാറി’, ആര്യ പറഞ്ഞു.
Content Highlight: Arya talks about his journey into film industry