| Thursday, 5th June 2025, 8:15 am

ഒളിമ്പ്യന്‍ അന്തോണി ആദത്തിന്റെ സെറ്റില്‍ നിന്ന് അലി ഭായ്‌യുടെ ലൊക്കേഷനിലെത്തിയപ്പോള്‍ ലാലേട്ടന്‍ ഒറ്റക്കാര്യം മാത്രമേ ചോദിച്ചുള്ളൂ, ഞാന്‍ പെട്ടെന്ന് പേടിച്ചു: അരുണ്‍ കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലതാരമായി സിനിമയിലേക്കെത്തിയ നടനാണ് അരുണ്‍ കുമാര്‍. ഭദ്രന്‍ സംവിധാനം ചെയ്ത ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലൂടെയാണ് അരുണ്‍ സിനിമാലോകത്തേക്കെത്തിയത്. ടോണി ഐസക്ക് എന്ന കഥാപാത്രം ഒരുപാട് ശ്രദ്ധ നേടി. മീശമാധവന്‍, സ്പീഡ് ട്രാക്ക്, അലി ഭായ് എന്നീ ചിത്രങ്ങളിലും അരുണ്‍ ഭാഗമായിട്ടുണ്ട്.

മോഹന്‍ലാലുമൊത്തുള്ള ഷൂട്ടിങ് അനുഭവം പങ്കുവെക്കുകയാണ് അരുണ്‍ കുമാര്‍. പത്താമത്തെ വയസിലാണ് താന്‍ ആദ്യമായി ക്യാമറക്ക് മുന്നില്‍ വന്നതെന്നും സംവിധായകന്‍ ഭദ്രനാണ് തന്നെ മോഹന്‍ലാലിനെ പരിചയപ്പെടുത്തിയതെന്നും അരുണ്‍ പറഞ്ഞു. അന്ന് തനിക്ക് സിനിമയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.

പിന്നീട് അലി ഭായ് എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് മോഹന്‍ലാല്‍ തന്നെ കണ്ടെന്നും ആദ്യം ചോദിച്ചത് പ്ലസ് ടുവിന് എത്ര മാര്‍ക്കുണ്ടെന്നായിരുന്നെന്നും അരുണ്‍ കുമാര്‍ പറയുന്നു. അത് കേട്ട് പേടിച്ചെന്നും ഇല്ലാത്ത മാര്‍ക്കാണ് മോഹന്‍ലാലിനോട് പറഞ്ഞതെന്നും താരം കൂട്ടിച്ചേര്‍ത്തു. വളരെ കുറവാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും അരുണ്‍ പറഞ്ഞു. റെഡ് എഫ്.എം. മലയാളത്തോട് സംസാരിക്കുകയായിരുന്നു അരുണ്‍ കുമാര്‍.

ഒളിമ്പ്യന്‍ അന്തോണി ആദത്തില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് പത്ത് വയസായിരുന്നു പ്രായം. ലാലേട്ടനെ ആദ്യമായി കണ്ടത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. പുള്ളി ഒരു തൂണില്‍ ചാരി നിന്ന് സ്‌ക്രിപ്റ്റ് വായിക്കുകയായിരുന്നു. ഭദ്രന്‍ സാര്‍ എന്നെ പുള്ളിയുടെ അടുത്ത് കൊണ്ടുപോയിട്ട് ‘ഇതാണ് ടോണി ഐസക്ക്’ എന്ന് പറഞ്ഞ് പരിചയപ്പെടുത്തി. എന്റെ ക്യാരക്ടറിന്റെ പേരാണ് ടോണി ഐസക്ക് എന്നൊന്നും അറിയില്ല.

എനിക്കും പ്രണവിനും ഒരേ പ്രായമാണ്. ഷൂട്ട് ഇല്ലാത്ത സമയത്ത് ലാലേട്ടന്‍ കൂടുതലും സ്‌പോര്‍ട്‌സിനെക്കുറിച്ചൊക്കെയായിരുന്നു ചോദിച്ചുകൊണ്ടിരുന്നത്. ‘സ്‌കേറ്റിങ്ങ് എപ്പോഴാ പഠിച്ചത്, എത്ര കാലമായി’ എന്നൊക്കെ ചോദിക്കുമായിരുന്നു. പിന്നീട് ഞാന്‍ ലാലേട്ടനെ കണ്ടത് അലി ഭായ്‌യുടെ ലൊക്കേഷനില്‍ വെച്ചിട്ടായിരുന്നു.

പഴയ കാര്യങ്ങള്‍ എന്തെങ്കിലും ചോദിക്കുമെന്ന് വിചാരിച്ചപ്പോള്‍ ലാലേട്ടന്‍ ചേദിച്ചത് ‘പ്ലസ് ടുവിന് എത്ര മാര്‍ക്കുണ്ടായിരുന്നു’ എന്നാണ്. പെട്ടെന്ന് അത് കേട്ടപ്പോള്‍ പേടിച്ചു. എനിക്ക് കിട്ടാത്ത ഒരു മാര്‍ക്ക് പുള്ളിയോട് പറഞ്ഞു. തോളത്ത് ഒരു തട്ട് തന്നിട്ട് ‘അത് വളരെ കുറവാണല്ലോ’ എന്ന് പറഞ്ഞിട്ട് ചിരിച്ചുകൊണ്ട് പോയി,’ അരുണ്‍ കുമാര്‍ പറഞ്ഞു.

Content Highlight: Arun Kumar shares the shooting experience with Mohanlal in Alibhai movie

We use cookies to give you the best possible experience. Learn more